2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സമ്മേളന വിവാദം മറച്ചുവയ്ക്കാന്‍ മുസ് ലിം നേതൃയോഗം ബഹിഷ്‌കരിച്ച് കെ.എന്‍.എം

 

കോഴിക്കോട്: മുജാഹിദ് സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളെ ക്ഷണിച്ച നടപടിക്കെതിരേ അണികള്‍ക്കിടയിലുണ്ടായ അസ്വാരസ്യങ്ങളും സമ്മേളനപരാജയവും മറച്ചുവയ്ക്കാന്‍ സമസ്തയെ കരുവാക്കി മുജാഹിദ് നേതൃത്വം. മുസ് ലിം ലീഗ് ഇന്നലെ വിളിച്ചുചേര്‍ത്ത മുസ് ലിം സംഘടനകളുടെ യോഗം ബഹിഷ്‌കരിച്ച് പൊതുശ്രദ്ധ തിരിച്ചുവിടാനുള്ള ആസൂത്രിത തന്ത്രമാണ് സമസ്തയെ വലിച്ചിഴക്കുന്നതിലൂടെ മുജാഹിദ് വിഭാഗം ശ്രമിക്കുന്നത്. യോഗം ബഹിഷ്‌കരിക്കുന്നുവെന്ന് കഴിഞ്ഞദിവസംതന്നെ മുജാഹിദ് നേതാക്കള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതോടെ പൊതുജന മാധ്യമശ്രദ്ധ അതിലേക്ക് തിരിയുകയുംചെയ്തു.

മുജാഹിദ് പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുസ് ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സമസ്ത വിലക്കി എന്ന ആരോപണവുമായാണ് മുജാഹിദ് നേതൃത്വം രംഗത്തുവന്നിരിക്കുന്നത്. എന്നാല്‍ പാണക്കാട് തങ്ങന്മാര്‍ മുജാഹിദ് പരിപാടിയില്‍ പങ്കെടുത്ത പാരമ്പര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നിരിക്കെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പൊതുജനം തള്ളിക്കളയുമെന്നുറപ്പാണ്. മുസ് ലിം ലീഗ് പ്രസിഡന്റായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരാരും ഇന്നേവരെ മുജാഹിദ് വേദികളില്‍ പങ്കെടുത്തിട്ടില്ല.

അതേസമയം, മുസ് ലിം സമുദായത്തിന്റെ ഐക്യത്തില്‍ വിള്ളലുണ്ടാക്കുന്നതാണ് യോഗത്തില്‍നിന്നുള്ള മുജാഹിദ് നേതൃത്വത്തിന്റെ പിന്‍മാറ്റം. പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ് ലിം ലീഗ് വിളിച്ചുചേര്‍ത്ത മുന്‍യോഗങ്ങളിലെല്ലാം മുജാഹിദ് വിഭാഗം പങ്കെടുത്തിരുന്നു. എക്കാലത്തും പാണക്കാട് കുടുംബം മുജാഹിദ് പരിപാടികളില്‍നിന്നു വിട്ടുനിന്നിട്ടുമുണ്ട്. എന്നാല്‍, പുതിയവാദമുഖം തുറന്ന് സമസ്തയെ ആരോപണ മുനയില്‍ നിര്‍ത്തി തങ്ങളുടെ സമ്മേളന പരാജയത്തെ മറച്ചുവയക്കാനാണ് ഇതിലൂടെ മുജാഹിദ് നേതൃത്വം ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

മുജാഹിദ് സമ്മേളനത്തില്‍ അതിഥിയായി പങ്കെടുത്ത് സംസാരിച്ച സി.പി.എം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസും മന്ത്രി പി. രാജീവും മുജാഹിദ് നേതൃത്വത്തിനെതിരേ നടത്തിയ വിമര്‍ശനത്തിന് മുസ് ലിം ലീഗ് എം.എല്‍.എമാരും നേതാക്കളും പിറ്റേദിവസം മറുപടി നല്‍കിയതിനു പിന്നാലെയാണ് യോഗബഹിഷ്‌കണം.

അതിനിടെ, പൊതുവിഷയങ്ങളായ ഏക സിവില്‍കോഡ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയങ്ങളില്‍ എങ്ങനെ ഇടപെടണമെന്നും പ്രതിഷേധവുമായി മുന്നോട്ടു പോകണമെന്നുമെല്ലാം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്ന് വിട്ടുനിന്നത് അണികള്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാപിച്ച മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പി നേതാക്കളെ കൂട്ടമായി ക്ഷണച്ചതിനെ ചൊല്ലി പ്രവര്‍ത്തകര്‍ക്കിടയില്‍നിന്ന് പ്രതിഷേധവും ഉയര്‍ന്നിരുന്നു. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ മുസ് ലിം ഉന്മൂലനം ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം സംഘടനാ നേതാക്കളെ ക്ഷണിച്ചതില്‍ വ്യാപകമായ അമര്‍ഷമാണ് ഉയര്‍ന്നിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയമായ ഏക സിവില്‍കോഡ് ചര്‍ച്ച ചെയ്യുന്നതിനാലാണ് മുസ് ലിം ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

controversy over sangh leaders presence KNM leaders abstain from Muslim outfits meeting

In short: Kerala Nadvathul Mujahideen (KNM) kept away from meeting of the Muslim Coordination Committee, led by Panakkad seyed sadiqali shihab thangal


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.