2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സഊദിയിൽ വീണ്ടും അഴിമതി വേട്ട; മില്യൺ കണക്കിന് പണവുമായി നിരവധി ഗവണ്മെന്റ് ഉദ്യോഗസ്ഥർ പിടിയിൽ

റിയാദ് ബലദിയ തലവനും കുരുക്കിൽ, പിടിയിലായവരിൽ വിദേശികളും

അഴിമതി വിരുദ്ധ നീക്കത്തിൽ കിരീടാവകാശിയുടെ അനുമോദനം

     റിയാദ്: സഊദിയിൽ അഴിമതി വിരുദ്ധ വേട്ടയിൽ നിരവധി സർക്കാർ ഉദ്യോഗസ്ഥർ പിടിയിൽ. വിവിധ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ മില്ല്യൺ കണക്കിന് റിയാലുകളുമായാണ് ചിലരെ അറസ്റ്റ് ചെയ്‍തത്. അഴിമതിയുമായി ബന്ധപ്പെട്ട് വിവിധ കേസുകളിൽ പിടിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരോടൊപ്പം ഏതാനും വിദേശികളുമുള്ളതായാണ് റിപ്പോർട്ടുകൾ. പ്രധാനമായും 50 മില്ല്യൻ റിയാലിൻ്റെ അഴിമതി നടത്തിയ 5 ബലദിയ ഉദ്യോഗസ്ഥരാണു പിടിക്കപ്പെട്ടതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. കൂടാതെ, സ്വദേശികളും വിദേശികളുമടക്കം 374 അഴിമതിക്കാർക്കെതിരെ നടപടി സ്വീകരിച്ചതായും അഴിമതിവിരുദ്ധ അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു. ഇവരെ പിടികൂടി ചോദ്യംചെയ്യുകയും അനന്തര നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതിലൂടെ 277 ക്രിമിനൽ കേസുകൾ കൈകാര്യംചെയ്തതായും അതോറിറ്റി അറിയിച്ചു.

    റിയാദ് ബലദിയ മേധാവിയുടെ വീട്ടിൽ നിന്ന് അഴിമതി വിരുദ്ധ സമിതി കോടികളാണ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ വീടുകളിൽ നിന്നും നാലര കോടിയിലേറെ റിയാൽ, 3,60,000 വിദേശ കറൻസികൾ, 25 ലക്ഷം റിയാലിന്റെ റിയാലിെൻറ ഭക്ഷ്യ സ്റ്റോർ ഷോപ്പിങ് പ്രീപെയ്ഡ് കാർഡുകൾ, 1,49,225 റിയാലിെൻറ ഇന്ധന പ്രീപെയ്ഡ് കാർഡുകൾ, അഞ്ച് ഗോൾഡ് ബാറുകൾ, ആറ് തോക്കുകൾ എന്നിവ കണ്ടെടുത്തതായും അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. അഴിമതി കേസുകളിൽ പങ്കുണ്ടെന്ന് സ്ഥിരീകരിച്ചവർക്കെതിരായ കേസുകൾ പ്രത്യേക കോടതിക്ക് കൈമാറുന്നതിന് നടപടികൾ പൂർത്തിയാക്കി വരികയാണെന്നും അധികൃതർ വ്യക്തമാക്കി. 

   അഴിമതിസംബന്ധിച്ച് സംശയമുണ്ടെന്ന് സൂചിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് ഉയർന്ന തസ്‌തികയിലുള്ള ഉദ്യോഗസ്ഥരെ പിടികൂടി ചോദ്യംചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിലും തിരച്ചിലിലുമാണ് വൻ തോതിലുള്ള പണവും മറ്റു സാധനങ്ങളും പിടികൂടിയത്. കൈക്കൂലി, വ്യാജരേഖ, നിയമവിരുദ്ധ വരുമാനം ലക്ഷ്യമിട്ട് പൊതുകാര്യാലയം സ്വാധീനം ഉപയോഗപ്പെടുത്തുക, സ്വകാര്യ താൽപര്യങ്ങൾക്കായി സർക്കാർ കരാറുകൾ ചൂഷണം ചെയ്യുക, പൊതുജനങ്ങളുടെ പണം തട്ടിയെടുക്കൽ, മുനിസിപ്പൽ വിഭവങ്ങൾ വ്യക്തിതാൽപര്യത്തിനും കള്ളപ്പണം വെളുപ്പിക്കലിനും ഉപയോഗിക്കുക എന്നീ കുറ്റങ്ങൾ പ്രതികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

   

    പ്രധാന കേസിലെ അഞ്ചു പ്രതികളിൽ ഒന്നാം പ്രതി വിവിധ അനധികൃത മാർഗ്ഗങ്ങളിലൂടെ രണ്ടു കോടി റിയാൽ സമ്പാദിച്ചതായും ഈ തുക ഉപയോഗിച്ച് റിയൽ എസ്റ്റേറ്റുകളും വില കൂടിയ വാഹനങ്ങളും വാങ്ങിയതായും സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പതിനഞ്ചര ലക്ഷത്തോളം റിയാലും കണ്ടെത്തി. അഴിമതിയിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് കുടുംബാംഗങ്ങളുടെ പേരിൽ സ്വത്തുവകകളും ആഡംബര വാഹനങ്ങളും വാങ്ങിയതായി രണ്ടാം പ്രതിയും സമ്മതിച്ചു. രണ്ടാം പ്രതിയുടെ വീട്ടിൽ നിന്നും ഒന്നാം പ്രതിയുടെ 45 ലക്ഷം റിയാൽ ഉൾപ്പെടെ മൂന്നര കോടിയിലേറെ റിയാൽ കണ്ടെത്തി. മൂന്നാം പ്രതിയുടെ വീട്ടിൽ 55 ലക്ഷത്തോളം റിയാലും നാലാം പ്രതിയുടെ വീട്ടിൽ 17 ലക്ഷത്തിലേറെ റിയാലും അഞ്ചാം പ്രതിയുടെ വീട്ടിൽ 20.5 ലക്ഷം റിയാലും കണ്ടെത്തി. ഇതിനു പുറമെ അഞ്ചാം പ്രതിയുടെ അക്കൗണ്ടിൽ 40 ലക്ഷം റിയാലും കണ്ടെത്തി. മൂന്നും നാലും അഞ്ചും പ്രതികളും അഴിമതി പണം ഉപയോഗിച്ച് സ്വത്തു വകകളും ആഡംബര വാഹനങ്ങളും വാങ്ങിയതായും കണ്ടെത്തിയിട്ടുണ്ട്.

    അഴിമതി കേസുകൾ കണ്ടെത്തി അന്വേഷണങ്ങൾ പൂർത്തിയാക്കിയ കൺട്രോൾ ആന്റ് ആന്റി കറപ്ഷൻ അതോറിറ്റി ഉദ്യോഗസ്ഥരെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അനുമോദിച്ചു. കിരീടാവകാശിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതി ഏതാനും വർഷങ്ങൾക്ക് മുമ്പ് സഊദി രാജ കുടുംബത്തിലെ പ്രമുഖർ, മന്ത്രിമാർ, മുൻ മന്ത്രിമാർ, വ്യവസായ പ്രമുഖർ ഉൾപ്പെടെ നിരവധി പേരെ അറസ്‌റ്റ് ചെയ്‌തു അഴിമതിപ്പണം പൊതുഖജനാവിലേക്ക് തിരിച്ചടപ്പിരുന്നു. സഊദിയിലെ ഇത്തരത്തിലുള്ള അഴിമതി വിരുദ്ധ നീക്കവും ഇവരുടെ അറസ്റ്റും ഏവരെയും ഞെട്ടിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.