2020 September 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

100 പ്രകടനങ്ങള്‍, അയ്യായിരം പ്രതിനിധികള്‍; മലപ്പുറത്ത് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭരണഘടന സംരക്ഷണ സംഗമം നാളെ

മലപ്പുറം: രാജ്യത്തിന്റെ ഭരണഘടനക്കു കാവല്‍ തീര്‍ത്തു മലപ്പുറത്ത് മദ്‌റസാധ്യാപകരുടെ നേതൃത്വത്തില്‍ ശ്രദ്ധേയ സംരക്ഷണ സംഗമം നാളെ.സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ഘടകമാണ് ജില്ലാ കലക്ടറേറ്റ് പരിസരത്ത് നാളെ രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരേ ഭരണഘടനാ സംരക്ഷണ സംഗമം സംഘടിപ്പിക്കുന്നത്.

ജില്ലയിലെ 89 റെയിഞ്ചുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപക പ്രതിനിധികളും മദ്‌റസാ മാനേജ്‌മെന്റ് പ്രതിനിധികളുമാണ് സംഗമത്തില്‍ അണിനിരക്കുന്നത്. പരിപാടി നാളെ രാവിലെ പത്തിന് കലക്ടറേറ്റ് പരിസരത്ത് എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ. തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. ഹുസൈന്‍ കുട്ടി മുസ്ലിയാരും മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അയ്യായിരം പ്രതിനിധികള്‍ സംഗമിക്കുന്ന പരിപാടി, പ്രമേയ പ്രഭാഷങ്ങള്‍, പ്രകടനങ്ങള്‍, മുദ്രാവാക്യങ്ങള്‍, അഭിവാദ്യ പ്രസംഗങ്ങള്‍ എന്നിവ കൊണ്ട് ശ്രദ്ധേയമാകും. വ്യത്യസ്ത സമയങ്ങളില്‍ നൂറ് പ്രകടനങ്ങള്‍ മലപ്പുറം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആരംഭിച്ചു സമര പന്തലില്‍ എത്തിച്ചേരും.

മതത്തിന്റെ പേരില്‍ രാജ്യത്തെ പൗരത്വം നിര്‍ണയിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തിന്റെ ഭരണഘടനക്ക് വിരുദ്ധമായതും, അടിസ്ഥാന തത്വങ്ങള്‍ക്ക് പോലും എതിരാവുന്നതുമായ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിരോധന സമരമാകുന്ന സംഗമം ഭരണഘടനയെ സംരക്ഷിക്കുക, എന്‍.പി.ആര്‍,എന്‍.ആര്‍.സി എന്നിവ നിര്‍ത്തിവെക്കുക, സി.എ.എ നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിക്കും.

രാവിലെ ഉദ്ഘാടന ചടങ്ങില്‍ മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷ്യനാകും. ജില്ലയിലെ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള നേതാക്കള്‍ ഐക്യദാര്‍ഢ്യ പ്രഭാഷണങ്ങള്‍ നടത്തും.

വാര്‍ത്താ സമ്മേളനത്തില്‍ ശമീര്‍ ഫൈസി ഒടമല, അന്‍വര്‍ റഷീദ് ബാഖവി, യൂനുസ് ഫൈസി എന്നിവരും പങ്കെടുത്തു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.