2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു, ആരാണെന്ന് സമയമാകുമ്പോള്‍ വ്യക്തമാക്കുമെന്ന് ഇ.പി ജയരാജന്‍

 

തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതാരാമെന്ന് അറിയാമെന്നും സമയമാകുമ്പോള്‍ ആരെന്ന് പറയുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. എന്നാല്‍ ഗൂഢാലോചന നടക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നാണെന്ന് താന്‍ പറഞ്ഞിട്ടില്ല. വൈദേകം റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും, പരിശോധന നടത്തിയത് ആദായനികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധയാത്രയില്‍ പങ്കെടുക്കുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. എല്ലാ ആരോപണത്തെയും നിഷേധിക്കുകയാണ് ഇ.പി ജയരാജന്‍. മടിയില്‍ കനമുള്ളവനേ വഴിയില്‍ പേടിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം ഇന്നലെ പ്രതികരിച്ചിരുന്നു.

 

ഇ.പി ജയരാജന്റെ കുടുംബത്തിന് പങ്കാളിത്വമുള്ള വൈദേകം റിസോര്‍ട്ടില്‍ മുന്‍കൂട്ടി നോട്ടിസ് നല്‍കാതെയാണ് ഇന്നലെ റെയ്ഡ് നടത്തിയത്.
ഇവിടെ കള്ളപ്പണം ഉണ്ടെന്ന ആക്ഷേപത്തെതുടര്‍ന്നായിരുന്നു റെയ്‌ഡെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നും ബാങ്ക് വഴിയുള്ള ഇടപാട് മാത്രമാണ് നടക്കുന്നതെന്നുമാണ് സി.ഇ.ഒ ഇന്നലെ പറഞ്ഞത്.

 

അതേ സമയം സി.പി.എം നേതൃത്വവുമായി അകല്‍ച്ചയിലാണ് ഇ.പി ജയരാജന്‍ എന്നാണ് വാര്‍ത്തകള്‍. അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിര ചെയര്‍പേഴ്‌സണായ സ്ഥാപനത്തിലുണ്ടായ റെയ്ഡിനെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. കുടുംബത്തിന് പങ്കാളിത്തമുള്ള റിസോര്‍ട്ടിനായി മുന്‍ വ്യവസായ മന്ത്രിയെന്ന നിലയില്‍ ഇ.പി ജയരാജന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നും, അഴിമതിയും ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവും അന്വേഷിക്കണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അതാരാണെന്ന് തനിക്കറിയാമെന്നും ഇ.പി ജയരാജന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

ഗള്‍ഫ് മലയാളി വഴി ആയുര്‍വേദ റിസോര്‍ട്ടില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. റിസോര്‍ട്ടില്‍ പണം നിക്ഷേപിച്ച 20 പേരുടെ വിശദാംശങ്ങളും പരാതിയില്‍ നല്‍കിയിട്ടുണ്ട്. ഒന്നര കോടി രൂപ നിക്ഷേപിച്ചവര്‍ വരെ ഈ പട്ടികയിലുണ്ട്. ഇ.പി ജയരാജന്റെ കുടുംബം ഉള്‍പ്പെട്ട വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി തേടി വിജിലന്‍സ് നേരത്തേ കത്ത് നല്‍കുകയും ചെയ്തതോടെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.