2022 August 19 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സര്‍വേ; ബന്ധമില്ലെന്ന് കെ.പി.സി.സി

ഇ.പി മുഹമ്മദ്

 

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ എന്ന പേരില്‍ നടക്കുന്ന സര്‍വേകളെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. 

സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിച്ചുപോരുന്ന മണ്ഡലങ്ങളില്‍ സ്വകാര്യ ഏജന്‍സികളാണ് സര്‍വേ നടത്തുന്നത്. 

എ.ഐ.സി.സി നിര്‍ദേശപ്രകാരമാണ് സര്‍വേയെന്നാണ് ഏജന്‍സികളുടെ അവകാശവാദം. ആദ്യഘട്ടത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സര്‍വേയുടെ ലിങ്കില്‍ കയറി വിവരങ്ങള്‍ നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ ഇത്തരമൊരു സര്‍വേക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.പി.സി.സി അറിയിക്കുകയായിരുന്നു. 

സമൂഹ മാധ്യമങ്ങളിലൂടെ സര്‍വേ നടത്തുന്നതിന് പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വ്യാജ സര്‍വേകളില്‍ പ്രവര്‍ത്തകരുടെ വ്യക്തി വിവരങ്ങള്‍ നല്‍കി വഞ്ചിതരാവരുതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. 

അതേസമയം 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു സമയത്തു നടത്തിയതിനു സമാനമായ സര്‍വേയാണ് തങ്ങള്‍ നടത്തുന്നതെന്നാണ് സ്വകാര്യ ഏജന്‍സികള്‍ പറയുന്നത്. 

ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ തവണ തങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേരളത്തിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. ഇതേരീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ തങ്ങളുടെ റിപ്പോര്‍ട്ട് പരിഗണിക്കപ്പെടുമെന്ന് ഏജന്‍സി വൃത്തങ്ങള്‍ പറയുന്നു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ഏറ്റെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് സ്വകാര്യ ഏജന്‍സികള്‍ സര്‍വേയുമായി രംഗത്തുവന്നിരിക്കുന്നത്. തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ട് എ.ഐ.സി.സി സ്വീകരിക്കുകയാണെങ്കില്‍ സ്വാഭാവികമായും തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയും ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. സമൂഹ മാധ്യമങ്ങളിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള വന്‍ പാക്കേജും ഇവര്‍ തയാറാക്കിയിട്ടുണ്ട്.

സ്ഥിരമായി കോണ്‍ഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചാണ് സര്‍വേ നടത്തുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും കോണ്‍ഗ്രസ് ജയിക്കുന്ന മണ്ഡലങ്ങളാണ് ഒന്നാമത്തെ കാറ്റഗറി. യു.ഡി.എഫിന് ജയിക്കാന്‍ കഴിയുന്നതും കഴിഞ്ഞ തവണ ചെറിയ വോട്ടിന് പരാജയപ്പെട്ടതുമായ മണ്ഡലങ്ങളാണ് രണ്ടാമത്തെ കാറ്റഗറിയില്‍. മികച്ച സ്ഥാനാര്‍ഥികളെ നിര്‍ത്തി ശക്തമായ മത്സരം കാഴ്ചവച്ചാല്‍ ജയിക്കാവുന്ന മണ്ഡലങ്ങളാണ് മൂന്നാമത്തെ കാറ്റഗറിയില്‍.

മണ്ഡലങ്ങളിലെ ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കുറിച്ചും സര്‍വേയില്‍ ആരായുന്നുണ്ട്. പാര്‍ട്ടി നോമിനികളായി വരുന്ന സ്ഥാനാര്‍ഥികളുടെ സാധ്യതക്കൊപ്പം പൊതു സ്വീകാര്യതയുള്ള സ്ഥാനാര്‍ഥികള്‍ ആരൊക്കെയെന്നും വിവരം ശേഖരിക്കുന്നുണ്ട്. 

അതേസമയം, പാര്‍ട്ടിയുടെ ഔദ്യോഗിക അറിയിപ്പുകളും ആധികാരിക സമൂഹ മാധ്യമ ഉപാധികള്‍ വഴിയുള്ള വിജ്ഞാപനവുമില്ലാതെ നടക്കുന്ന വ്യാജ സര്‍വേകളിലും വിവരശേഖരണങ്ങളിലും പങ്കെടുക്കരുതെന്ന് കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ കെ. ആന്റണി പറഞ്ഞു. 

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.