
തിരുവനന്തപുരം: സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെച്ചതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. അതേ സമയം മല്ലപ്പള്ളി പ്രസംഗത്തെ സജി ചെറിയാന് തള്ളിപ്പറയാത്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്തെത്തി.
മല്ലപ്പള്ളി പ്രസംഗത്തെ അദ്ദേഹം തള്ളിപ്പറയാത്തത് ദൗര്‍ഭാഗ്യകരവും അത്ഭുതപ്പെടുത്തുന്നതുമാണെന്നും സതീശന് അഭിപ്രായപ്പെട്ടു. പ്രസംഗത്തിലെ വാക്കുകള്‍ കേരളം കേട്ടതാണ്. ഇപ്പോഴും പക്ഷേ അദ്ദേഹം പറയുന്നത് മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നാണ്. രാജി പ്രഖ്യാപനം സ്വതന്ത്ര തീരുമാനമാണെന്നാണ് പറയുന്നത്. അതിനര്‍ത്ഥം അദ്ദേഹത്തിന്റെ പ്രസംഗത്തെ സി.പി.എം അംഗീകരിക്കുന്നുവെന്നാണ്. ഈ വിഷയത്തില്‍ സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും പി.ബിയുടേയും അഭിപ്രായം അറിയാന്‍ താത്പര്യമുണ്ടെന്നും അതവര് വ്യക്തമാക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
ആര്‍എസ്എസ് പ്രത്യയശാസ്ത്രമാണ് സജി ചെറിയാന് പറഞ്ഞത്. അത് തെറ്റാണെന്നും സി.പി.എമ്മും സജി ചെറിയാനും പറയാത്തത് അത്ഭുതപ്പെടുത്തുന്നതാണ്. ഭരണഘടനയെ തള്ളി പറഞ്ഞയാള്‍ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷത്തിന് ആവശ്യപ്പെടാനുളളത്. അദ്ദേഹം ചെയ്തത് ക്രിമിനല്‍ കുറ്റമാണ്. പൊലിസ് നടപടി എടുക്കണം. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. ഇതെല്ലാം മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതാണ്. പക്ഷേ മുഖ്യമന്ത്രി ഒരു പത്രക്കുറിപ്പ് പോലുമിറക്കാതെ മൗനം പാലിക്കുകയാണെന്നും സതീശന് പറഞ്ഞു.