2023 September 29 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി ഓര്‍ഡിനന്‍സ്; കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ എതിര്‍ക്കും

ഡല്‍ഹി: ഡല്‍ഹി സര്‍ക്കാരിന്‌റെ അധികാരം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര ഓര്‍ഡിനന്‍സ് എതിര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പഞ്ചാബ്, ഡല്‍ഹി ഘടകങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നീണ്ടുപോയ നിലപാട് പ്രഖ്യാപനമാണ് ഒടുവില്‍ എത്തിയിരിക്കുന്നത്. പാര്‍ലമെന്‌റിന്‌റെ വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ നിലപാടുകള്‍ക്ക് രൂപം നല്‍കാന്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് തീരുമാനം.

പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ബെംഗളൂരുവില്‍ ചേരാനിരിക്കെയാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നത്. ”ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും മേലുള്ള മോദി സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ക്കെതിരെ പാര്‍ട്ടി എപ്പോഴും പോരാടിയിട്ടുണ്ട്. നേരിട്ടും അല്ലാതെയും പല രീതിയില്‍ മോദി സര്‍ക്കാര്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. പാര്‍ലമെന്റിലും പുറത്തും ഇത്തരം ആക്രമണങ്ങളെ കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും എതിര്‍ത്തിട്ടുണ്ട്, തുടര്‍ന്നും എതിര്‍ക്കും,” ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട ചോദ്യത്തിന് പേരെടുത്തുപറയാതെ ഐഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും അതിനുശേഷം മാത്രമേ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗങ്ങളില്‍ ഇനി പങ്കെടുക്കൂ എന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കിക്കൊണ്ടുള്ള കോണ്‍ഗ്രസ് പ്രതികരണം. പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ജൂലൈ 17, 18 തീയതികളില്‍ ബെംഗളൂരുവില്‍ വച്ചാണ് നടക്കുക. യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ട 24 പാര്‍ട്ടികളില്‍ ഒന്നാണ് എഎപി. പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമ്പോഴും ഓര്‍ഡിനന്‍സ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വൈകുന്നത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇതോടെ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഓര്‍ഡിനന്‍സ് എതിര്‍ക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി.

ഓര്‍ഡിന്‍സിനെ എതിര്‍ക്കുന്നത് എഎപിക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെടുമെന്നും എഎപി ഭരിക്കുകയും പ്രതിപക്ഷത്ത് കോണ്‍ഗ്രസ് ഇരിക്കുകയും ചെയ്യുന്ന സംസ്ഥാനത്ത് ഇത് തിരിച്ചടിയാകുമെന്നുമാണ് ഡല്‍ഹി, പഞ്ചാബ് ഘടകങ്ങളുടെ നിലപാട്. അതിനാല്‍ ഓര്‍ഡിനന്‍സ് വിരുദ്ധ നീക്കത്തിന്‌റെ ഭാഗമാകരുതെന്ന് ഇരും പിസിസികളും ഐഐസിസിയോട് അറിയിച്ചിരുന്നു.

Content Highlights:Congress Oppose In Delhi ordinance


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.