ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിന്റെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് എംപി രജനി പാട്ടിലിനെ രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ആണ് രജനി പാട്ടിലിനെ സസ്‌പെൻഡ് ചെയ്തത്. ബജറ്റ് സമ്മേളനത്തിൽ ബാക്കിയുള്ള ദിവസങ്ങളിലേക്കാണു സസ്പെൻഷൻ.
രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി ട്വിറ്ററിൽ പങ്കുവച്ചതിനാണു നടപടി. ഇതോടെ സഭകളിൽ പ്രതിപക്ഷ പാർട്ടികൾക്ക് നേരെ നടപടി എടുക്കുന്നത് തുടരുകയാണ്.
ഗൗതം അദാനിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ചും ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളെല്ലാം സഭാ രേഖകളിൽനിന്ന് സ്പീക്കർ ഓം ബിർല നീക്കിയിരുന്നു.
രാജ്യസഭയിലെ പ്രസംഗത്തിൽ മോദിയെ ‘മൗനി ബാബ’ എന്നു വിശേഷിപ്പിച്ചതടക്കം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ നടത്തിയ 6 പരാമർശങ്ങൾ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറും രേഖകളിൽനിന്നു നീക്കി.
Comments are closed for this post.