2023 December 01 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്ക് പൊലിസ് സ്റ്റേഷനുമുന്നില്‍ ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദനം

   

കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകര്‍ക്ക് പൊലിസ് സ്റ്റേഷനുമുന്നില്‍ ഡിവൈഎഫ്‌ഐക്കാരുടെ മര്‍ദനം

കണ്ണൂര്‍: പഴയങ്ങാടി പൊലീസ് സ്‌റ്റേഷന് മുന്നില്‍ സംഘര്‍ഷം. കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ കൂട്ടംചേര്‍ന്ന് മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. നവകേരള സദസ്സില്‍ മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധം ഉയരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കരുതല്‍ തടങ്കലിലാക്കിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കെയാണിത്.

മാടായിപ്പാറിയിലെ നവകേരള സദസ്സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഡിവൈഎഫ്‌ഐക്കാര്‍ പൊലീസ് സ്‌റ്റേഷന് മുന്നിലേക്കെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ചില പ്രവര്‍ത്തകര്‍ സ്റ്റേഷനുള്ളിലേക്ക് അതിക്രമിച്ച് കയറിയെങ്കിലും അവരെ പൊലീസ് പിന്തിരിപ്പിച്ചു. തുടര്‍ന്ന് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുനിന്ന് പകര്‍ത്തിയ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു ക്രൂരമര്‍ദനം.

മര്‍ദനമേറ്റ രണ്ട് പ്രവര്‍ത്തകരെ പൊലീസുകാര്‍ സ്‌റ്റേഷനുള്ളിലേക്ക് മാറ്റി. നവകേരള സദസ്സ് നടക്കുന്നതിനാല്‍ സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സ്‌റ്റേഷനില്‍ പൊലീസുകാരുടെ എണ്ണവും കുറവായിരുന്നു. സംഭവത്തില്‍ ഇതുവരെ ആരേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല.

പഴയങ്ങാടി എരിപുരത്ത് വെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് മഹിത മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. നവകേരളയുടെ മാടായിക്കാട്ടെ പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റുന്നതിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൂടുതല്‍ പേരെത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാഹനങ്ങളടക്കം അടിച്ചു തകര്‍ത്തു.

https://www.facebook.com/reel/359758266409842


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.