കല്‍പ്പറ്റ. സുപ്രിംകോടതി വിധിയിലൂടെ എം.പി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ട രാഹുല്‍ ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലാണ് എം.പിക്ക് സ്വീകരണം നല്‍കുന്നത്. വൈകിട്ട് മൂന്നിന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിലാണ് പരിപാടി. ചടങ്ങില്‍ കൈത്താങ്ങ് പദ്ധതി പ്രകാരം നിര്‍മിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും എം.പി നിര്‍വഹിക്കും. ദേശീയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. അതേസമയം സ്വീകരണയോഗത്തെ കുറിച്ച് കൂടിയാലോചനകള്‍ നടത്താത്തത് യു.ഡി.എഫില്‍ കല്ലുകടിയാകുന്നുണ്ട്. മുന്നണിയില്‍ ആലോചിക്കാതെ സ്വന്തം നിലക്ക് സ്വീകരണ പരിപാടികളുമായി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുപോയതാണ് മുസ്‌ലിം ലീഗിനെ ചൊടിപ്പിക്കുന്നത്. പാര്‍ട്ടിയെ അവഗണിക്കുന്നതിനെതിരേ പ്രവര്‍ത്തകരുടെ രോഷവും പ്രകടമാണ്. പരിഭവങ്ങള്‍ ഒന്നുമില്ലെന്ന് ജില്ലാ നേതൃത്വം ആവര്‍ത്തിക്കുമ്പോഴും തങ്ങളുടെ കൂടി എം.പിക്ക് സ്വീകരണമൊരുക്കിയത് പാര്‍ട്ടി പരിപാടിയാക്കിയതില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ നിരാശരാക്കുന്നുണ്ട്.
അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, താരിഖ് അന്‍വര്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം മുസ് ലിം ലീഗ് നേതാക്കളായ സ്വാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പ് വിവാദമായതോടെ സംഘടിപ്പിക്കുന്നത് കെ.പി.സി.സിയാണെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം വൈകിട്ടോടെ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയില്‍ യു.ഡി.എഫ് നേതാക്കളായ മോന്‍സ് ജോസഫ് എം.എല്‍.എ, സി.പി ജോണ്‍, ദേവരാജന്‍, എം.എല്‍.എമാരായ പി.കെ ബഷീര്‍, എ.പി അനില്‍കുമാര്‍ അടക്കമുള്ള നേതാക്കളും പങ്കെടുക്കുമെന്ന് ഇന്നലെ വൈകിട്ടിറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. മുസ്‌ലിം ലീഗിനെ മാറ്റി നിര്‍ത്തി മണ്ഡലത്തില്‍ ഒരു പരിപാടി നടത്തിയാല്‍ അതിന് ജനപിന്തുണ കുറയുമെന്ന ഭീതിയാണ് അവസാന നിമിഷം പരിപാടിയുടെ സംഘാടനം കെ.പി.സി.സിക്ക് കൈമാറാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചതെന്നാണ് ഉയര്‍ന്നുവരുന്ന സംസാരം.
ഇന്ന് കോയമ്പത്തൂരില്‍ നിന്നും കാര്‍മാര്‍ഗം കല്‍പ്പറ്റയിലെത്തുന്ന രാഹുല്‍ഗാന്ധി പൊതുസ്വീകരണത്തില്‍ പങ്കെടുത്തതിന് ശേഷം കല്‍പ്പറ്റയില്‍ താമസിച്ച് പിറ്റേദിവസം വയനാട്ടിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത്, കോടഞ്ചേരിയില്‍ നടക്കുന്ന പരിപാടിയിലും പങ്കെടുത്ത് 13ന് രാത്രി ഡല്‍ഹിക്ക് തിരിച്ചുപോകും. രാഹുല്‍ഗാന്ധിയുടെ സ്വീകരണ പരിപാടികള്‍ വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Comments are closed for this post.