ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അല്‍ക്കാ ലാംബ. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന നേതൃത്വത്തിന്റെ യോഗം നാലു മണിക്കൂര്‍ നീണ്ടു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രാഹുല്‍ ഗാന്ധി, പിസിസി പ്രസിഡന്റ് അനില്‍ ചൗധരി എന്നിവരുള്‍പ്പെടെ 40ഓളം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
അല്‍ക്ക ലാംബയുടെ പ്രസ്താവനയോട് ആംആദ്മി ദേശീയ വക്താവ് പ്രിയങ്ക കാക്കര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. കോണ്‍ഗ്രസ് തങ്ങളുമായി സഖ്യം വേണ്ടെന്നാണ് തീരുമാനിച്ചതെങ്കില്‍ ‘ഇന്ത്യ’ മുന്നണിയുടെ അടുത്ത യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് അവര്‍ പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ മാറ്റിവച്ച് രാജ്യത്തിന്റെ മുഴുവന്‍ താല്‍പര്യം പരിഗണിച്ചാവണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. ആരു മത്സരിക്കണമെന്ന കാര്യം സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, അല്‍കയെ തള്ളിപ്പറഞ്ഞ കോണ്‍ഗ്രസ് പ്രകോപനമുണ്ടാക്കുന്നവരുടെ കെണികളില്‍ വീണുപോകരുതെന്ന് ആപിനെ ഓര്‍മിപ്പിച്ചു. അല്‍ക ലംബ ഡല്‍ഹി സംസ്ഥാന ഘടകത്തിന്റെ വക്താവ് ആണെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് പോലെ ഗൗരവമായ വിഷയം പറയാന്‍ അവരെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപക് ബബരിയ വ്യക്തമാക്കി.
Comments are closed for this post.