2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം നാളെ: കോണ്‍ഗ്രസ് വിപ്പ് പുറപ്പെടുവിച്ചു, എ.എ.പിയുടെയും പിന്തുണ

   

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യും. രാവിലെ 11 മണിക്കാണ് ചര്‍ച്ച. ബി.ജെ.പിക്ക് മൂന്നു മണിക്കൂര്‍ 33 മിനുട്ടും കോണ്‍ഗ്രസിന് 38 മിനുട്ടുമാണ് ചര്‍ച്ചയില്‍ സമയം അനുവദിച്ചിരിക്കുന്നത്.

പ്രമേയം കൊണ്ടുവന്ന ടി.ഡി.പിക്ക് 13 മിനുട്ട് ലഭിക്കും. അവിശ്വാസ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പാര്‍ട്ടികളും അംഗങ്ങള്‍ക്കു വിപ്പ് നല്‍കി. 10 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ സ്പീക്കറടക്കം 535 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്. അതിനാല്‍ 268 അംഗങ്ങളുടെ പിന്തുണയാണ് അവിശ്വാസ പ്രമേയം പാസാവാന്‍ വേണ്ടത്.

ബി.ജെ.പിക്കു മാത്രം 273 അംഗബലമുള്ളതിനാല്‍ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസും എന്‍.ഡി.എ മുന്‍ ഘടകകക്ഷി ടി.ഡി.പിയുമടക്കം 12 കക്ഷികളാണ് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

എന്‍.ഡി.എയില്‍ ഇല്ലെങ്കിലും ഭരണപക്ഷത്തെ അനുകൂലിക്കുന്ന അണ്ണാ ഡി.എം.കെ, ബിജു ജനതാദള്‍, ടി.ആര്‍.എസ് എന്നീ കക്ഷികളുടെ നിലപാട് വിശ്വാസ വോട്ടെടുപ്പില്‍ നിര്‍ണായകമാവും. 68 അംഗങ്ങളാണ് ഈ കക്ഷികള്‍ക്കെല്ലാം കൂടിയുള്ളത്. ഇതില്‍ അണ്ണാ ഡി.എം.കെ സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും ശിവസേനയും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെതിരേ വോട്ടുചെയ്യും. എ.എ.പിയും അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിട്ടുണ്ട്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.