
കേരളത്തില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ഇവിടെ മാത്രം ഒതുങ്ങുന്നതല്ല, ദേശീയ രാഷ്ട്രീയത്തിലും ഏറെ കുലുക്കമുണ്ടാക്കിയ തെരഞ്ഞെടുപ്പ് പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പുതുച്ചേരിയിലും മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു മുതല്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മാത്രം അതിനായില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നത് രാജ്യത്തെ ആറു ശതമാനം ജനങ്ങള്‍ വസിക്കുന്ന ഏഴു സംസ്ഥാനങ്ങള്‍ മാത്രമാണ്. ഇതില്‍ അഞ്ചു സംസ്ഥാനങ്ങളിലും 2018നു മുന്‍പ് തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നുവെന്ന കാര്യവും കോണ്‍ഗ്രസിനെ ഉലയ്ക്കുന്നുണ്ട്.
ഇപ്പോള്‍ ഭരിക്കുന്ന ഏഴെണ്ണത്തില്‍ കര്‍ണാടക മാത്രമാണ് വലിയ സംസ്ഥാനങ്ങളില്പ്പെടുന്നത്. ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ ചെറു സംസ്ഥാനങ്ങളാണ് ബാക്കിയുള്ളവ. ഇതില്‍ ഉത്തരാഖണ്ഡിലും പുതുച്ചേരിയിലും സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്.
തലയെണ്ണി നോക്കിയാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്താകെ കൂട്ടിനോക്കിയാല്‍ 8.62 കോടി ജനങ്ങള്‍ മാത്രമാണുള്ളത് (2011 സെന്‍സസ് പ്രകാരം). അതായത്, ജനസംഖ്യാക്കണക്കില്‍ രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമായ ആന്ധ്രപ്രദേശിലെ ജനസംഖ്യയിലും കുറവ് (8.45 കോടി).
വടക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ആധിപത്യങ്ങളെല്ലാം തകര്‍ന്നു. കാല്‍നൂറ്റാണ്ടുകാലം ഭരിച്ച അസമും ഇപ്രാവശ്യം കൈവിട്ടു. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും അത് ദേശീയ തലത്തിലും പ്രതിഫലിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു. അതുപക്ഷെ, അസ്ഥാനത്തായിപ്പോയി.
കേരളത്തിലെയും അസമിലെയും തിരിച്ചടികളില്‍ നിന്ന് മുക്തമാകുന്നതിനു മുന്‍പേ കോണ്‍ഗ്രസിനു മുന്നില്‍ അടുത്ത തെരഞ്ഞെടുപ്പുകള്‍ വരികയാണ്. ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാന നിയമസഭയുടെ കാലാവധി 2017 മാര്‍ച്ചില്‍ പൂര്‍ത്തിയാവുകയാണ്. ഹിമാചലില്‍ 2018 ജനുവരിയിലും കര്‍ണാടകയില്‍ 2018 മേയിലും മേഘാലയയില്‍ 2018 മാര്‍ച്ചിലും മിസോറാമില്‍ 2018 ഡിസംബറിലും സര്‍ക്കാറിന്റെ കാലാവധി തീരും. ഈ തെരഞ്ഞെടുപ്പെല്ലാം 2019 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായിരിക്കുമെന്ന കാര്യവും കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്നു.
ഇപ്പോള്‍ ഭരിക്കുന്നില്ലെങ്കിലും ഇതിനിടയില്‍ കടന്നുവരുന്ന പഞ്ചാബ് (2017 മാര്‍ച്ച്), ഉത്തര്‍പ്രദേശ് (2017 മേയ്), ഗുജറാത്ത് (2018 ജനുവരി) തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന്റെ ഭാവി നിര്‍ണയിക്കും.