ന്യൂഡൽഹി: പാർട്ടി അനുമതിയില്ലാതെ സ്വകാര്യ ബില്ലുകൾ പാടില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയത്. ഹൈബി ഈഡന്‍റെ തലസ്ഥാനമാറ്റ ബിൽ വിവാദമായതിനെ തുടർന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം പുറപ്പെടുവിച്ചത്. ദി സ്റ്റേറ്റ് ക്യാപിറ്റൽ റീലൊക്കേഷൻ ബിൽ 2023 ലൂടെയാണ് ഹൈബി ഈഡൻ 2023 മാര്‍ച്ച് 9ന് ലോക്സഭയില്‍ തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ചത്. ഹൈബി ഈഡന്റെ സ്വകാര്യ ബില്ലിന്മേൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം തേടി കേന്ദ്ര സർക്കാർ മാര്‍ച്ച് 31ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഇതിനുള്ള മറുപടിയിൽ എം.പിയുടെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്നും നിര്‍ദേശം നിരാകരിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൃത്യമായ ഗൃഹപാഠം നടത്താതെ ഹൈബി ഈഡന്‍ തയ്യാറാക്കിയ ഈ ബില്ല് പ്രാവര്‍ത്തികമായാല്‍ സെക്രട്ടറിയേറ്റും അതിന്റെ അനുബന്ധ നിർമാണങ്ങള്‍ക്കുമായി കോടാനുകോടി രൂപ വേണ്ടി വരുമെന്ന് മറുപടിയിൽ ചൂണ്ടിക്കാട്ടി. തലസ്ഥാനം മാറ്റേണ്ട സാഹചര്യമില്ല. 1954ലാണ് തിരുവനന്തപുരം തന്നെ തലസ്ഥാനമായി തുടരണമെന്ന നിലപാട് എടുത്തത്. ആ സാഹചര്യം തന്നെയാണ് സംസ്ഥാനത്ത് ഇപ്പോഴും നിലനില്‍ക്കുന്നതെന്നും കേരളം അറിയിച്ചു.
Comments are closed for this post.