ന്യൂഡല്‍ഹി: ചന്ദ്രയാന്‍ 3യുടെ വിജയ ഗാഥകള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും കോണ്‍ഗ്രസ്. കഴിഞ്ഞ 17മാസമായി ചന്ദ്രയാന്‍ 3ന്റെ പിന്നില്‍ പ3വര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ക്ക് കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനേയും ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ പ്രവര്‍ത്തിച്ച എഞ്ചിനീയര്‍മാര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതിനേും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു.
‘ചന്ദ്രയാന്‍ 3 ന്റെ ആവേശവും അഭിമാനവും വളരെക്കാലം നമ്മില്‍ നിലനില്‍ക്കും. ഇസ്രോ ചെയര്‍മാന്‍ ഡോ. സോമനാഥിന്റെ നേതൃത്വം യഥാര്‍ത്ഥത്തില്‍ ചരിത്രം സൃഷ്ടിച്ചു, അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും ഞങ്ങള്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. എന്നിരുന്നാലും, തന്റെ കാപട്യത്തിന് പ്രധാനമന്ത്രി ചില (ചോദ്യങ്ങള്‍ക്ക്) ഉത്തരം നല്‍കണം. ലാന്‍ഡിംഗിന് ശേഷം സ്‌ക്രീനില്‍ വരാനും ക്രെഡിറ്റ് എടുക്കാനും നിങ്ങള്‍ തിടുക്കം കൂട്ടിയിരുന്നു, എന്നാല്‍ ശാസ്ത്രജ്ഞരെയും ഇസ്‌റോയെയും പിന്തുണയ്ക്കുന്നതില്‍ നിങ്ങളുടെ സര്‍ക്കാര്‍ ഇത്ര ഭീകരമായി പരാജയപ്പെട്ടത് എന്തുകൊണ്ട്?’ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
‘ചന്ദ്രയാന്‍ 3 ല്‍ പ്രവര്‍ത്തിച്ച HEC (ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍, റാഞ്ചി) എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞ 17 മാസമായി ശമ്പളം ലഭിക്കാത്തത് എന്തുകൊണ്ട്? എന്തുകൊണ്ടാണ് നിങ്ങള്‍ അത്തരം നിര്‍ണായക ദൗത്യങ്ങള്‍ക്കുള്ള ബജറ്റ് 32% കുറച്ചത്? ഇവരാണ് നമ്മുടെ രാജ്യത്തിന്റെ ഹീറോകള്‍, അവര്‍ ലോകോത്തര ബഹിരാകാശ ഗവേഷണ പരിപാടി നടത്തുന്നു, പക്ഷേ അവരുടെ കഴിവുകളോടും കഠിനാധ്വാനത്തോടും നിങ്ങള്‍ക്ക് ഒരു പരിഗണനയും ഇല്ല. വിക്ഷേപണവുമായി ബന്ധപ്പെട്ട് പൊങ്ങച്ചം നടിക്കാനും ചാനലുകള്‍ക്ക് മുന്നില്‍ വരാനും നല്ല ശ്രദ്ധയുമാണ് ‘ അദ്ദേഹം പരിഹസിച്ചു.
നേരത്തെ ദിഗ് വിജയ് സിങ്ങും ഇതേ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ലൂണാര്‍ പ്രതലത്തില്‍ ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിങ് ദിവസമാണ് ദിഗ് വിജയ് സിങ് ആരോപണവുമായി രംഗത്തെത്തിയത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ ശമ്പള വിതരത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം എ.എന്‍.ഐയോട് പറഞ്ഞു.
‘ചന്ദ്രയാന്‍ ലാന്‍ഡിങ്ങിനുള്ള ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരുടെ പ്രയത്‌നത്തില്‍ നമുക്ക് അഭിമാനമുണ്ട്. അതിന്റെ വിജയത്തിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. എന്നാല്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് 17 മാസമായി ശമ്പളം നല്‍കിയില്ലെന്ന ചില വാര്‍ത്തകള്‍ കണ്ടു. പ്രധാനമന്ത്രി ഇക്കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്,’ദിഗ്‌വിജയ് സിങ് പറഞ്ഞു.
സംരംഭകനും രാഷ്ട്രീയ നിരീക്ഷകനുമായ തെഹ്‌സീന്‍ പൂണ്‍വാലയും നേരത്തെ സമാന ആരോപണം ഉന്നയിച്ചിരുന്നു. ദി രണ്‍വീര്‍ ഷോ പോഡ്കാസ്റ്റ് എന്ന പരിപാരിടിയിലൂടെ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് മൂന്ന് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘കഴിഞ്ഞ മൂന്ന് മാസത്തോളമായി ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇത് നല്ലതാണോ? അതാണ് എനിക്ക് ഈ സര്‍ക്കാരുമായുള്ള പ്രശ്‌നം. നമ്മള്‍ ഐ.എസ്.ആര്‍.ഒയെ കുറിച്ച് വളരെ അഭിമാനിക്കുന്നു. എന്നാല്‍ അവര്‍ക്ക് മൂന്ന് മാസത്തെ ശമ്പളം നല്‍കുന്നില്ല. ഇക്കാര്യം വസ്തുതാപരമാണോ എന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാം.
ഈ മാസം 23ന് (23-08-2023) വൈകുന്നേരം 6.03നാണ് ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത്. നാലുവര്‍ഷത്തിനിടെയുള്ള ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമാണിത്.
വിക്രം എന്ന പേരുള്ള ലാന്‍ഡറും പ്രഗ്യാന്‍ എന്ന പേരുള്ള റോവറുമടങ്ങുന്നതാണ് ലാന്‍ഡര്‍ മൊഡ്യൂള്‍. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നിവക്ക് ശേഷം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയ ആദ്യരാജ്യവും.
Comments are closed for this post.