
ബഹിഷ്കരിക്കാന്‍ രണ്ടു കാരണങ്ങളെന്ന് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജി.എസ്.ടി) ലോഞ്ച് ചെയ്യാന്‍ വേണ്ടി പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന പാതിരാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്. പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്ന നാടകമാണിതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിഷ്കരിക്കുന്നതിന് രണ്ട് കാരണങ്ങളാണ് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്നത്.
ഒന്ന്, സ്വാതന്ത്യത്തിനു ശേഷം മൂന്നു പാതിരാ യോഗങ്ങള്‍ മാത്രമാണ് സെന്‍ട്രല്‍ ഹാളില്‍ നടന്നിട്ടുള്ളത്. 1947 ആഗസ്റ്റ് 15 നും 1972 ല്‍ സ്വാതന്ത്ര്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിനും 1997 ല്‍ സ്വാതന്ത്ര്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലിക്കും. രണ്ടാമത്, ദലിതുകളെയും ന്യൂനപക്ഷങ്ങളെയും ക്രൂരമായി കൊന്നൊടുക്കുമ്പോഴും കര്‍ഷക പ്രശ്നം തുടരുമ്പോഴും തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അതിര്‍ത്തിയില്‍ പ്രശ്നം തുടരുമ്പോഴും പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരിഞ്ഞുനോക്കാത്തത്. ഈ രണ്ടു കാരണങ്ങളാണ് ജി.എസ്.ടി പാതിരാ യോഗം ബഹിഷ്കരിക്കാന്‍ കാരണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
ഇത്തരമൊരു നാടകത്തിന്റെ ഭാഗമാവാന്‍ കോണ്‍ഗ്രസിനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ പ്രതികരിച്ചു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി സംബന്ധിക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി ലോഞ്ച് ചെയ്യുന്നത്. ഇതിന്റെ ഔചിത്യം നേരത്തെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. രാഷ്ട്രപതിയിരിക്കുമ്പോള് എങ്ങനെയാണ് പ്രധാനമന്ത്രി ഇതു ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജ്വേല ചോദിച്ചു.
ജി.എസ്.ടിയെ തുടക്കം മുതലേ പിന്തുണച്ചു വന്നിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ബഹുജന്‍ സമാദ് വാദി പാര്‍ട്ടി, സമാജ് വാദി പാര്‍ട്ടി തുടങ്ങിയവരും യോഗം ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.