തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ‘സി.പി.എമ്മിലെ സ്ത്രീകള്‍ തടിച്ചു കൊഴുത്ത് പൂതനകളെ പോലെയായി’ എന്ന സുരേന്ദ്രന്റെ പ്രസ്താവന അപലപനീയമാണെന്നും ഇത്രയും സ്ത്രീവിരുദ്ധമായ ഒരു പ്രസ്താവന കേരളരാഷ്ട്രീയത്തില്‍ കേട്ടിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. സുരേന്ദ്രന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ധൈര്യം കാണിക്കണം. സുരേന്ദ്രനെതിരെ ശബ്ദിക്കാന്‍ പിണറായി വിജയനും എം.വി ഗോവിന്ദനും ഒക്കെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ച സുധാകരന്‍, എന്തെങ്കിലും നാക്കുപിഴകള്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും വീഴുമ്പോള്‍ വലിയ പ്രതികരണങ്ങള്‍ നടത്തുന്ന സി.പി.എം നേതാക്കളുടെയും സഹയാത്രികരുടെയും നാവിറങ്ങി പോയിരിക്കുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു.
അതേ സമയം പരാമര്‍ശത്തില്‍ സി.പി.എം. പ്രതികരിക്കാത്തതില്‍ വിമര്‍ശിച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമും രംഗത്തെത്തി . പ്രവര്‍ത്തകരും അനുഭാവികളും വോട്ട് ചെയ്യുന്നവരുമായി സി.പി.എമ്മില്‍ ധാരാളം സ്ത്രീകളുണ്ട്. അവരെ അടച്ചാക്ഷേപിക്കുകയും മാനഹാനി വരുത്തുകയുമാണ് സുരേന്ദ്രന്‍ ചെയ്തിരിക്കുന്നതെന്ന് വി.ടി. ബല്‍റാം പ്രതികരിച്ചു. എന്നിട്ടും ഇതുവരെ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്ന് പ്രതികരണം ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുരേന്ദ്രന്റെ ഹീനമായ അധിക്ഷേപത്തിനെതിരെ ഗുജറാത്തിലെ സൂറത്ത് കോടതി പോലെ രാജ്യത്തിന്റെ ഏതെങ്കിലും മൂലയിലുള്ള ഒരു കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ചെയ്യാന്‍ അധിക്ഷേപിക്കപ്പെട്ട വനിതാ സഖാക്കളോ അവരുടെ സഹസഖാക്കളോ തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച തൃശൂരിലായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്റെ പരാമര്‍ശം. ബി.ജെ.പിയുടെ സ്ത്രീശാക്തീകരണ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്‍.
Comments are closed for this post.