2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

കോൺഗ്രസ് അധ്യക്ഷനെ കാത്തിരിക്കുമ്പോൾ

ഡൽഹി നോട്സ്
കെ.എ സലിം

22 കൊല്ലത്തിനുശേഷം കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. ഒക്ടോബർ 19ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷനായെത്തും. സോണിയ മാറുമ്പോൾ രാഹുൽ വരികയും രാഹുൽ മാറുമ്പോൾ സോണിയ വരികയും ചെയ്യുന്ന ഗാന്ധി കുടുംബത്തിന്റെ കസേര കളിയാണ് കോൺഗ്രസ് അധ്യക്ഷ പദവിയെന്ന ആക്ഷേപമൊക്കെ പഴങ്കഥയാവും. തങ്ങൾ ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് ഗാന്ധി കുടുംബം പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടിക്ക് ഔദ്യോഗിക സ്ഥാനാർഥിയില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ജനാധിപത്യം സ്വാഭാവികമായി നടക്കേണ്ടതാണെന്ന് നേതൃത്വം ഇപ്പോഴും കരുതുന്നില്ല. ശശി തരൂരിന് തോൽവി ഉറപ്പാക്കാൻ എതിരാളിയെ കണ്ടെത്താനുള്ള ചർച്ച നടത്തുന്നത് രാഹുലും സോണിയയും തന്നെയാണ്. പാർട്ടിയിൽ ജനാധിപത്യം ശക്തിപ്പെടുത്താനുള്ള നീക്കമായൊന്നും അതിനെ കാണേണ്ടതില്ല. ഒരു ഘട്ടത്തിൽ അത് രാജസ്ഥാനിലെ മന്ത്രിസഭ വീഴുന്നതിന്റെ അടുത്തെത്തിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിൽ അടിത്തറ പോലും ഇളകിപ്പോകുന്ന ഘട്ടത്തിലാണ് പാർട്ടി. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

ഈ വർഷം അവസാനത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസ് തമ്മിലടിച്ച് തളർന്നിരിക്കുന്നു. കോൺഗ്രസ് തളരുന്നിടത്തെല്ലാം ആംആദ്മി പാർട്ടി വളരുന്നുണ്ട്. പാർട്ടിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രണ്ടു വർക്കിങ് പ്രസിഡന്റുമാരെ നിയമിക്കാൻ സമീപകാലത്ത് നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ വിവിധ ഗ്രൂപ്പുകളുടെ താൽപര്യവും ജാതി സമവാക്യവും കൂടി പാലിക്കേണ്ടി വന്നപ്പോൾ വർക്കിങ് പ്രസിഡന്റുമാരുടെ എണ്ണം അഞ്ചായി. 70 സംസ്ഥാന സെക്രട്ടറിമാരെയും വക്താവടക്കമുള്ള മീഡിയാ ടീമിനെയും നിയമിക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള രണ്ടു നേതാക്കൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും രാജസ്ഥാനിലെ മറ്റൊരു നേതാവ് രഘുശർമയുമാണ്. ഗുജറാത്ത് പ്രശ്നം പരിഹരിക്കാൻ അവർക്ക് സ്വന്തം കാലിനടിയിലെ മണ്ണൊലിപ്പ് നിന്നിട്ട് സമയം കണ്ടെത്താനായിട്ടില്ല.

കോൺഗ്രസ് വളരുന്നതും മതേതരചേരിക്ക് നേതൃത്വം കൊടുക്കുന്നതും സ്വപ്‌നം കാണുന്ന വലിയൊരു സമൂഹമുണ്ട്. അതുകൊണ്ടുതന്നെ ഓരോ തവണ ബി.ജെ.പി ജയിക്കുമ്പോഴും അവരുടെ ശാപവാക്കുകൾ ചെന്നു പതിക്കുന്നത് കോൺഗ്രസിലാണ്. മല്ലികാർജുൻ ഖാർഗെ ഹൈക്കമാൻഡിന് മുന്നോട്ടുവയ്ക്കാൻ കഴിയുന്ന മികച്ച നേതാവാണെന്ന കാര്യത്തിൽ സംശയമില്ല. 1969ൽ കോൺഗ്രസിലെത്തിയ കർണാടകയിൽ നിന്നുള്ള കരുത്തുറ്റ നേതാവാണ്. പാർട്ടിയിൽ അനവധി പദവികൾ വഹിച്ചിട്ടുണ്ടെങ്കിലും അധികാര മോഹമില്ലാത്ത നേതാവെന്ന ഇമേജുണ്ട്. 37 വർഷം എം.എൽ.എയായിട്ടും മുഖ്യമന്ത്രിയായിട്ടില്ല. ഗാന്ധി കുടുംബത്തോട് വിധേയത്വവുമുണ്ട്. എന്നാൽ, 80കാരനായ ഖാർഗെ പാർട്ടിയെ പുതിയ വെല്ലുവിളികളിലൂടെ നയിക്കാൻ പറ്റുന്ന നേതാവാണോയെന്ന ചോദ്യം പാർട്ടി നേതൃത്വം ആദ്യം സ്വയം ചോദിക്കണം. മാറ്റത്തിന്റെ സമയമായെന്ന് കരുതുന്ന യുവ നേതാക്കൾ പാർട്ടിയിൽ വളർന്നു വരുന്നുണ്ട്. മത്സരമൊരുക്കാനല്ല, അവർക്കായി അവസരമൊരുക്കാനായിരുന്നു പാർട്ടി നേതൃത്വം ശ്രമിക്കേണ്ടിയിരുന്നത്.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന നാടകങ്ങൾ പാർട്ടി പാർട്ടിയിലെ രോഗം ഇപ്പോഴും വിദഗ്ധ ചികിത്സ ആവശ്യപ്പെടുന്നതാണെന്നതിന്റെ സൂചനകളാണ്. ശശി തരൂരിനെ എന്തിന് നേതൃത്വം ഇത്രമാത്രം പേടിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടേണ്ടതുണ്ട്. തരൂർ പരമ്പരാഗത കോൺഗ്രസ് ശൈലിയിൽ പ്രവർത്തിക്കുന്ന നേതാവല്ല. 2009ൽ കോൺഗ്രസിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് പരകായപ്രവേശം ചെയ്തയാളാണ്. അവസരങ്ങളും പ്രശസ്തിയും കുറവുണ്ടായതു കൊണ്ടല്ല തരൂർ ഇന്ത്യൻ രാഷ്ട്രീയത്തിലും കോൺഗ്രസിലുമെത്തിയത്. 2002 മുതൽ 2007 വരെ യു.എൻ അണ്ടർ സെക്രട്ടറിയായിട്ടുണ്ട്. പകരം വയ്ക്കാനില്ലാത്ത വിജ്ഞാനമുണ്ട്. മികച്ച പുസ്തകങ്ങളെഴുതിയിട്ടുണ്ട്. നല്ലൊരു പാർലമെന്റേറിയനാണ്. സംവാദങ്ങളിൽ തോൽപ്പിക്കാൻ സാധിക്കാത്ത കരുത്തുണ്ട്. തരൂരിനെപ്പോലൊരാളെ ഏതൊരു രാഷ്ട്രീയപ്പാർട്ടിയും കൊതിക്കേണ്ടതാണ്. എന്നാൽ, ഇതെല്ലാം അപായ സൂചനയായി കോൺഗ്രസ് നേതാക്കൾ കാണുന്നു.

ഇടതു പാർട്ടികളിലായിരുന്നു തരൂരിന് താൽപര്യം. ചരിത്രത്തിലൂടെയായിക്കണം തരൂർ കോൺഗ്രസിനെ വായിച്ചറിഞ്ഞത്. തരൂർ വഴി തെറ്റി കോൺഗ്രസിലെത്തിയതല്ലെന്ന ബോധ്യം നേതൃത്വത്തിനുണ്ടാകണം. കേരളത്തിലെ മുതിർന്ന നേതാക്കളുമായി തരൂരിന്റെ ബന്ധം അത്ര ഊഷ്മളമല്ല. തിരുവനന്തപുരത്ത് മത്സരിച്ച ആദ്യകാലം മുതൽ ഒറ്റയ്ക്കാണ് തരൂർ. എന്നാൽ പാർട്ടിക്കുള്ളിലെ യുവ നേതാക്കളുടെ ചിന്തകൾ മറിച്ചാണ്. അവർക്ക് മാറ്റം ആവശ്യമുണ്ട്. കോൺഗ്രസിന് ഭാവിയുണ്ടായിരിക്കണമെന്ന ബോധ്യമുണ്ട്. പാരമ്പര്യവാദിയായി ഖാർഗെ നിൽക്കുമ്പോൾ പരിഷ്‌കരണവാദിയുടെ വേഷമാണ് തരൂരിന്. 9800ത്തിലധികം വരുന്ന വോട്ടർമാരിലെ വലിയൊരു വിഭാഗം വരുന്ന യുവാക്കൾ രഹസ്യമായി തന്നെ പിന്തുണയ്ക്കുമെന്നാണ് തരൂർ കരുതുന്നത്. ഖാർഗെയെ തെരഞ്ഞെടുത്താൽ പാർട്ടിയ്ക്കുള്ളിൽ നിലവിലെ സാഹചര്യത്തിൽ മാറ്റമൊന്നുമുണ്ടാകാൻ പോകുന്നില്ലെന്നതാണ് തരൂരിന്റെ പ്രധാന പ്രചാരണായുധം. രഹസ്യബാലറ്റുപയോഗിച്ചാണ് വോട്ടെടുപ്പ്. അതിനാൽ വോട്ടുകളും രഹസ്യമായി വരുമെന്നാണ് തരൂരിന്റെ കണക്കു കൂട്ടൽ. മാറ്റത്തിലൂടെയല്ലാതെ കോൺഗ്രസിന് പിടിച്ചുനിൽക്കാനാവില്ല. അതെത്രയും നേരത്തെയാകുന്നോ അത്രയും സ്ഥലങ്ങളിൽ പാർട്ടി ബാക്കിയുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.