തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടില്‍ എതിര്‍പ്പുമായി മുസ് ലിം ലീഗ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ മുസ് ലിം സമുദായത്തിന് നഷ്ടമുണ്ടായെന്ന് ഇന്നലെ കാസര്‍കോട് പറഞ്ഞ സതീശന്‍ ഇന്ന് രാവിലെ കോട്ടയത്ത് വച്ച് ആ അഭിപ്രായം തിരുത്തി പറഞ്ഞിരുന്നു. സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയതോടെയാണ് ലീഗ് രംഗത്തെത്തിയത്.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അനുപാതം മാറ്റിയ ഹൈക്കോടതി വിധിയോടെ മുസ്‌ലിം സമുദായത്തിന് നഷ്ടമുണ്ടായിട്ടില്ലെന്നാണ് വി.ഡി.സതീശന്‍ പറയുന്നതെങ്കില്‍ അതു തെറ്റാണെന്നും അനുപാതം എടുത്തു കളയുന്നതോടെ മുസ്‌ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ നിയമിക്കപ്പെട്ട സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശയാണ് ഇല്ലാതായത് എന്നത് വലിയ നഷ്ടമാണെന്നും ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.
സച്ചാര്‍ കമ്മിറ്റിയ്ക്ക് പകരം പാലോളി കമ്മറ്റിയെ വച്ചതുതന്നെ വെള്ളം ചേര്‍ക്കാനാണെന്നും ഇപ്പോള്‍ ആനുകൂല്യങ്ങള്‍ വീണ്ടും കുറച്ചെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സര്‍ക്കാരിന്റെ തീരുമാനത്തെ ഒരുതരത്തിലും സ്വാഗതം ചെയ്യുന്നില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Comments are closed for this post.