കോഴിക്കോട്: കോഴിക്കോട് ഫാഷന്‍ ഷോക്കിടെ അനിഷ്ട സംഭവങ്ങള്‍. പങ്കെടുക്കാന്‍ വന്നവരും സംഘാടകരും തമ്മില്‍ തുടങ്ങിയ തര്‍ക്കം പിന്നീട് വലിയ പ്രതിഷേധത്തിലും പൊലീസ് ഇടപെടലിലുമാണ് കലാശിച്ചത്. പണം വാങ്ങി ആളുകളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്ന ഫാഷന്‍ ഷോയ്ക്കിടെയായിരുന്നു പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധം ഉയര്‍ത്തിയത്.
നിലവാരമില്ലാത്ത കോസ്ട്യൂം നല്‍കിയെന്ന് ആരോപിച്ച് ഷോയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ പ്രതിഷേധം തുടങ്ങുകയായിരുന്നു. പ്രതിഷേധം കനത്തതോടെ പൊലീസും സ്ഥലത്തെത്തി. പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളതെല്ലാം കേട്ട ശേഷം പൊലീസ് ഇടപെട്ട് ഫാഷന്‍ ഷോ നിര്‍ത്തിവയ്പ്പിച്ചു. ശേഷം ഷോ ഡയറക്ടര്‍ പ്രശോഭ് കൈലാസിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. കോഴിക്കോട് സരോവരത്താണ് ഫാഷന്‍ ഷോക്കിടെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്.
സെലിബ്രിറ്റികള്‍ ഉള്‍പ്പടെ പങ്കെടുക്കുമെന്ന് പറഞ്ഞായിരുന്നു പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ സെലിബ്രിറ്റികള്‍ എത്തിയില്ലെന്നാണ് ആരോപണം.പണം വാങ്ങി നടത്തിയ പരിപാടിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയില്ലെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ആരോപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അഞ്ഞൂറോളം പേരാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
Comments are closed for this post.