2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അയല്‍വാസിയുടെ മരം വീടിന് ശല്യമായാല്‍; അറിഞ്ഞിരിക്കേണ്ട നിയമനടപടികള്‍

ചെറുപ്രായത്തില്‍ തന്നെ കേള്‍കുന്ന നമ്മളെല്ലാം കേട്ടുകൊണ്ടിക്കുന്ന കാര്യമാണ് മരം ഒരു വരമാണെന്നും അത് മുറിക്കരുതെന്നും, മരങ്ങള്‍ നട്ടുപിടിപ്പിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങളും ഉപദേശങ്ങളും. എന്നാല്‍ വിവധ സ്ഥലങ്ങളില്‍ മരം കാരണം സംഘട്ടനങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാവുന്നതും അത് പിന്നീട് വലിയ കേസുകളും കോടതിവരെ എത്തിയ അവസരങ്ങള്‍ വരെയുണ്ട്. അയല്‍പക്കത്തുള്ള ഒരു മരം നമ്മുടെ വീട്ടിലേക്ക് ചാഞ്ഞ് നില്‍ക്കുകയും പലപ്പോഴും അത് നമ്മുടെ വീടിന് ഒരു ഭീഷണിയായി മാറുകയും ചെയ്യാറുണ്ട്. മതിലിനോട് ചേര്‍ന്നും മറ്റും ഇത്തരത്തില്‍ മരങ്ങള്‍ ചാഞ്ഞു നില്‍ക്കുന്നത് കൊമ്പ് പൊട്ടി വീഴാനും, ഇലകളും കമ്പുകളും വീണ് വൃത്തികേട് ആവുന്നതിനും എല്ലാം കാരണമാകാറുണ്ട്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള വീട്ടിലെ മരം നിങ്ങളുടെ വീട്ടിലെ ജീവനും സ്വത്തിനും ഹാനികരമാകുന്ന രീതിയില്‍ വളര്‍ന്നു വന്നാല്‍ പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് നമ്മളില്‍ പലര്‍ക്കും അറിയാന്‍ വഴിയില്ല.

ഇത്തരമൊരു സാഹചര്യത്തില്‍ ആദ്യം ചെയ്യാവുന്ന ഒരു കാര്യമാണ് പഞ്ചായത്ത് മെമ്പര്‍ അല്ലെങ്കില്‍ റസിഡന്റ് അസോസിയേഷന്‍ എന്നിവിടങ്ങളില്‍ പരാതി ബോധിപ്പിക്കുകയും അതുവഴി കാര്യങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തില്‍ കാര്യങ്ങള്‍ രമ്യമായി പരിഹരിക്കപ്പെടുക എന്നത് നടക്കുന്ന ഒരു കാര്യമല്ല. നിയമപരമായി ഇതിനെ നേരിടാന്‍ ശ്രമിക്കുകയാണെങ്കില്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238 പ്രകാരം, ഒരു മരമോ, അതിന്റെ ശാഖയോ, ഫലമോ മറ്റൊരാളിന്റെ വീട്ടിലെ ജീവനോ, സ്വത്തിനോ, കൃഷിക്കോ, ഭീഷണി ഉയര്‍ത്തുകയാണെങ്കില്‍ അതല്ല നാശനഷ്ടം ഉണ്ടാക്കുകയാണെങ്കില്‍ ആ വീടിന്റെ ഉടമസ്ഥന് എതിരെ ആവശ്യമായ നടപടികളെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അവകാശമുണ്ട്. കൂടാതെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് 2005 പ്രകാരവും ആവശ്യമായ നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

പെട്ടെന്നുള്ള നടപടി എടുക്കേണ്ട സാഹചര്യങ്ങളില്‍ പഞ്ചായത്ത് അതില്‍ നേരിട്ട് ഇടപെടുന്നതിനും അതിനാവശ്യമായ ചിലവ് ഉത്തരവാദിയായ വീട്ടുകാരില്‍ നിന്ന് ഈടാക്കാനും സാധിക്കും. അടുത്ത വീട്ടിലെ മരത്തിലെ ഇലകള്‍ വീണ് കിണറിലെ വെള്ളം മലിനപ്പെടുകയോ, പൊതു ഗതാഗതത്തെ ബാധിക്കുന്ന രീതിയില്‍ നില്‍ക്കുന്നുണ്ട് എങ്കിലും ആവശ്യമായ നടപടികള്‍ പഞ്ചായത്തിന് സ്വീകരിക്കാം. പരാതിനല്‍കി ആവശ്യമായ നടപടികള്‍ പഞ്ചായത്ത് സ്വീകരിച്ചില്ല എങ്കില്‍ സിആര്‍പിസി 133പ്രകാരം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പരാതി നല്‍കാം.

ഇത്തരം പരാതികള്‍ ലഭിക്കുന്ന പക്ഷം സി ആര്‍ പി സി സെക്ഷന്‍ 138 പ്രകാരം ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ വൃക്ഷം നില്‍ക്കുന്ന വീട്ടുടമയ്ക്ക് ആവശ്യമായ വാദങ്ങള്‍ നിരത്താന്‍ സാധിക്കുന്നതുമാണ്. ഇത്തരത്തില്‍ അയല്‍പക്കത്തുള്ള മരം നില്‍ക്കുന്നത് മൂലം നിങ്ങള്‍ക്ക് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നം അനുഭവിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പറഞ്ഞ രീതിയില്‍ കാര്യങ്ങളെ നേരിടാവുന്നതാണ്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.