അല്‍ ഐന്‍: മനുഷ്യത്യവും കാരുണ്യവും സമൂഹത്തില്‍ നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും ഐക്യനിര ആവശ്യമാണെന്നും, നിര്‍മിത ബുദ്ധിക്കപ്പുറം ഈ സ്വഭാവ ഗുണങ്ങളാണ് യഥാര്‍ത്ഥ മാനവികതയെന്നും എം.പി അബ്ദുസ്സമദ് സമദാനി എംപി പറഞ്ഞു. അല്‍ ഐന്‍ കെഎംസിസി കാസര്‍കോട് ജില്ലാ ഘടകം ഒരുക്കിയ ‘തിരുനബിയുടെ മാനവികത’ വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനം അല്‍ ഐനിലെ യുഎഇ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിര്‍മിത ബുദ്ധി പോലുള്ള നൂതന സാങ്കേതികത ലോകത്ത് ഉയര്‍ത്തുന്ന സാധ്യതകളുടെയും വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ ഹൃദയത്തെയും ഹൃദയാലുത്വത്തെയും സാക്ഷാത്കരിക്കേണ്ടത് മാനവികമായ ധര്‍മവും കാലഘട്ടത്തിന്റെ അനിവാര്യതയുമാണ്. മതവും ധര്‍മനിഷ്ഠയും ആധാരമാക്കിയുള്ള ദാര്‍ശനിക രീതിശാസ്ത്രങ്ങള്‍ എന്നും ഹൃദയത്തെയാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. മാനവികതയുടെ വിശ്വാധ്യാപകനായ ഹൃദയത്തെ തിരിച്ചറിയാനും സംസ്‌കരിക്കാനുമാണ് നിരന്തരം ഉദ്‌ബോധനങ്ങളുണ്ടായത്.
ബുദ്ധിക്കും വിജ്ഞാനത്തിനും ശാസ്ത്ര-സാങ്കേതിക വിദ്യകള്‍ ഏറെ പുരോഗതി പ്രാപിക്കുമ്പോഴും ഹൃദയ ശൂന്യത വര്‍ധിച്ചു വരുമ്പോള്‍ ദയയും നീതിബോധം സമൂഹത്തില്‍ പ്രത്യേകം അങ്കുരിപ്പിക്കേണ്ടതുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യ നന്മക്ക് വേണ്ടി മാത്രമായിരിക്കണം. നിര്‍മിത ബുദ്ധി പുതിയ ജോലി സാധ്യതകകള്‍ സൃഷ്ടിച്ചേക്കാം. ആ പുതിയ ജോലികള്‍ വിശ്യാഭ്യാസപരമായും വ്യാവസായികമായും ഉന്നതിയില്‍ നില്‍ക്കുന്ന വിഭാഗങ്ങളെയാണ് സഹായിക്കുന്നത്. ഇത് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമിടയിലുള്ള അന്തരം വര്‍ധിപ്പിക്കും. വന്‍ ശക്തികളുടെ കടന്നുവരവും ഡിജിറ്റല്‍ കോളനികളും ഇത് മൂലം സൃഷ്ടിക്കപ്പെടും. നിര്‍മിത ബുദ്ധിക്ക് ഒരിക്കലും ഹൃദയത്തെ സൃഷ്ടിക്കാനാവില്ല. ഹൃദയമാണ് ദൈവത്തിന്റെയും കാരുണ്യത്തിന്റെയും ഇടം. ക്രൂരതകളും കഠിന പ്രവൃത്തികളും ചെയ്ത് മനുഷ്യര്‍ പിശാചുക്കളായി മാറുന്ന ഇക്കാലത്ത് അവരുടെ ഹൃദയത്തെ തിരിച്ചെത്തിക്കുന്ന ദൗത്യമാണ് എല്ലാവരും ഏറ്റെടുക്കേണ്ടത്. തിരുനബി(സ)യുടെ ജീവിത സന്ദേശം ഹൃദയത്തിലേക്കുള്ള പട്ടികയിലേക്കാണ് മനുഷ്യരെ എന്നും എത്തിക്കേണ്ടതെന്നും സമദാനി ഉദ്‌ബോധിപ്പിച്ചു.
ജില്ലാ പ്രസിഡന്റ് ഇഖ്ബാല്‍ പരപ്പ അധ്യക്ഷത വഹിച്ച യോഗത്തില്‍ അബ്ദുന്നാസര്‍ വലിയപറമ്പ സ്വാഗതവും അഷ്‌റഫ് എ.സി നന്ദിയും പറഞ്ഞു. കെഎംസിസി ദേശീയ നേതാവ് അഷ്‌റഫ് പള്ളിക്കണ്ടം, അല്‍ ഐന്‍ കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറി സയ്യിദ് ഹാഷിം കോയ തങ്ങള്‍, ട്രഷറര്‍ തസ്‌വീര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജിമ്മി, ജനറല്‍ സെക്രട്ടറി മണികണ്ഠന്‍, അസി.സെക്രട്ടറി ഖാലിദ് പാഷ, ഷാജി ജമാലുദ്ദീന്‍ (അല്‍ ഐന്‍ ലുലു), അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. മികച്ച കെഎംസിസി പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ഖാലിദ് പാഷ, മുഹമ്മദ് അലി, താജുദ്ദീന്‍ ചന്തേര എന്നിവര്‍ ഏറ്റുവാങ്ങി. കെഎംസിസിയുടെ ഹാദിയ ഗ്രാമത്തിലേക്കുള്ള ധനസഹായം യോഗത്തില്‍ കൈമാറി.
Comments are closed for this post.