
തിരുവനന്തപുരം: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗ കമ്മിഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. ജസ്റ്റിസ് ജെ.ബി കോശി (പട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ്) ചെയര്‍മാനായും ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐ.എ.എസ് (റിട്ടയേര്‍ഡ്), ജേക്കബ് പുന്നൂസ് ഐ.പി.എസ് (റിട്ടയേര്‍ഡ്) അംഗങ്ങളായുമാണ് കമ്മിഷന്.
ന്യൂനപക്ഷ ആനുകൂല്യ പ്രത്യേക വിഭാഗം കവര്‍ന്നെടുക്കുന്നുവെന്ന തരത്തില്‍ വ്യാപകമായി പ്രചരണം നടന്നതോടെയാണ് കമ്മിഷനെ നിയമിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ കൂടി ആനുകൂല്യങ്ങള്‍ മുസ്ലിം വിഭാഗങ്ങള്‍ അനര്‍ഹമായി സ്വന്തമാക്കുന്നുവെന്നായിരുന്നു സംഘ്പരിവാര്‍ പ്രചാരണം. എന്നാല്‍ പ്രചരണങ്ങള്‍ അസത്യമാണെന്ന് സര്‍ക്കാര്‍ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷനെ നിയമിച്ചത്.
വിദ്യാഭ്യാസ സംബന്ധമായ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്തൊക്കെ, മറ്റു വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യായമായ രീതിയില്‍ ലഭിക്കുന്നുണ്ടോ, ഉന്നത വിദ്യാഭ്യാസ രംഗത്ത് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടോ, ഏതെങ്കിലും പ്രത്യേക വിഭാഗങ്ങള്‍ക്ക് കൂടുതല്‍ കരുതലുകള്‍ ആവശ്യമുണ്ടോ തുടങ്ങി വിദ്യാഭ്യാസം, സാമ്പത്തികം, ക്ഷേമം എന്നീ വിഷയങ്ങളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്ലാ വിഭാഗങ്ങളിലുമായി ചര്‍ച്ച നടത്തി എല്ലാ ജില്ലകളിലും കൂടുതല്‍ വിഷമങ്ങള്‍ അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ അധിവസിക്കുന്ന മേഖലകളിലും സന്ദര്‍ശിച്ചും പഠനം നടത്തിയും ഒരു വര്‍ഷത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.