2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

കൊറോണ വൈറസിന്റെ രണ്ടാംവരവ്


ലോകത്ത് കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഇന്ത്യ ഒന്നാമതെത്തിയ വാര്‍ത്ത നടുക്കമുളവാക്കുന്നതാണ്. പ്രതിദിനം ഇന്ത്യയില്‍ ഒരു ലക്ഷത്തോളം പുതിയ രോഗികള്‍ ഉണ്ടാകുന്നുവെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്ന വിവരം. 92,071 കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് മൂന്നുലക്ഷം കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ അതില്‍ ഒരുലക്ഷം രോഗികള്‍ ഇന്ത്യയിലുള്ളവരാണ്. ഞായറാഴ്ച വരെയുള്ളത് അടക്കം ഇന്ത്യയില്‍ 48,46,427 രോഗബാധിതരാണുള്ളത്.

ആശങ്കാജനകമാണ് ഈ അവസ്ഥ. ഇനിയൊരു ലോക്ക്ഡൗണിലേക്ക് മടങ്ങിപ്പോകാനാവില്ലെന്ന് ഇന്നലെ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ കണ്ടുപിടിക്കുന്നതുവരെ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോവുകയല്ലാതെ വേറെ വഴിയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരിക്കുകയാണ്.

അതിനിടെ, യൂറോപ്പില്‍ കൊറോണ വൈറസിന്റെ രണ്ടാംവ്യാപനം ശക്തമായിരിക്കുന്നു. സ്‌പെയിനില്‍ അതിരൂക്ഷമായ നിലയിലാണ് കൊവിഡിന്റെ രണ്ടാംവരവ്. ഇറ്റലിയിലാകട്ടെ രണ്ടാംവ്യാപനത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. ആസ്‌ത്രേലിയയില്‍ രണ്ടാംഘട്ട വൈറസ് വ്യാപനത്തിന് തുടക്കംകുറിച്ചതായി സര്‍ക്കാര്‍ തന്നെ സ്ഥിരീകരിച്ചിരിക്കുന്നു. ലോകത്തൊട്ടാകെ ഇന്നലെ വരെ പത്തുലക്ഷത്തിനടുത്ത് ആളുകളാണ് കൊവിഡ് ബാധിതരായി മരിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ കണക്ക് കഴിഞ്ഞദിവസം വരെ 2.90 കോടിയാണ്. ഇന്നേക്ക് ഈ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടാകും.

മനുഷ്യനിര്‍മിതമാണ് കൊറോണ വൈറസ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ചൈനയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയില്‍ അഭയംതേടിയ ലി മെങ് യാന്‍ എന്ന ചൈനീസ് വൈറോളജിസ്റ്റ്. ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന ചൈനയുടെ വാദം തെറ്റാണ്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ലാബില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവം. അത് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ബ്രിട്ടനിലെ ലൂസ് വുമണ്‍ എന്ന ബ്രിട്ടിഷ് ടോക്ക് ഷോക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുകയുണ്ടായി. ചൈനീസ് ഭരണകൂടത്തെ ഭയന്ന് കഴിയുന്ന ലീ മെങ് യാന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഈ വിവരങ്ങളെല്ലാം പുറത്തുവിട്ടിരിക്കുന്നത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കഴിഞ്ഞവര്‍ഷം തന്നെ അവര്‍ ഇതുസംബന്ധിച്ച പഠനത്തിലും ഗവേഷണത്തിലും ഏര്‍പ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം തന്നെ ചൈനയില്‍ വന്‍തോതില്‍ രോഗം പടര്‍ന്നുപിടിച്ചതാണ്. എന്നാല്‍, ഭരണകൂടം പുറംലോകത്ത് നിന്ന് അത് മറച്ചുപിടിക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ രോഗത്തിന്റെ ഭീകരതയെക്കുറിച്ചും ലോകത്ത് അത് പടരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഹോങ്കോങ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് അധികൃതര്‍ തന്നെ അതില്‍നിന്ന് വിലക്കുകയായിരുന്നുവെന്നും അഭിമുഖത്തില്‍ അവര്‍ തുറന്നടിക്കുന്നു.

ഇതോടെ നേരത്തെതന്നെ ഈ വിഷയത്തില്‍ ചൈനയുടെ പങ്കിനെക്കുറിച്ചുണ്ടായിരുന്ന സംശയം കൂടുതല്‍ ബലപ്പെടുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇത്തരമൊരാപണം ഉന്നയിച്ചപ്പോള്‍ അത് ചൈനയോടുള്ള വിരോധംകൊണ്ട് വിളിച്ചുപറയുന്നതാണെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്.

കൊവിഡിന് വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം കണ്ടുപിടിക്കുമെന്നും അങ്ങനെവന്നാല്‍ താന്‍ ആദ്യ പരീക്ഷണത്തിന് വിധേയനാകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കഴിഞ്ഞദിവസം ആത്മവിശ്വാസം പ്രകടിപ്പിക്കുകയുണ്ടായി. ഇന്ത്യയില്‍ ഒട്ടേറെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പലതും പല ഘട്ടങ്ങളിലാണ്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ തന്നെ വാക്‌സിന്‍ കണ്ടുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അതിരുകടന്ന ആത്മവിശ്വാസമാണ്. ഇതുസംബന്ധിച്ച് ഗവേഷണത്തില്‍ മുഴുകിയിരിക്കുന്ന അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍ ആന്റണി ഫൗസി പറയുന്നത്, അടുത്ത വര്‍ഷം ഡിസംബറോടെ വാക്‌സിന്‍ പ്രതീക്ഷിച്ചാല്‍ മതിയെന്നാണ്. കൊവിഡിന് മുന്‍പ് ഉണ്ടായിരുന്ന ഒരവസ്ഥയിലേക്ക് ലോകം മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍പോലും 2021 ഡിസംബറിന് മുന്‍പ് സാധ്യമാകില്ലെന്നാണ് ആന്റണി ഫൗസിയുടെ പക്ഷം. ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായാണ് വൈറസ്‌വ്യാപനത്തെ യു.എന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ഇതിനോടൊപ്പം തന്നെ ആശ്വാസം നല്‍കുന്ന വാര്‍ത്തയും വരുന്നുണ്ട്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഓക്‌സ്‌ഫോര്‍ഡ് പുനരാരംഭിച്ചതാണ് ആ വാര്‍ത്ത. ജൂലൈ 20ന് വികസിപ്പിച്ചെടുത്ത വാക്‌സിന്‍ ഒരാളില്‍ പരീക്ഷിച്ചതിനെത്തുടര്‍ന്ന് പ്രത്യേകരോഗം പിടിപെട്ടു. ഇതോടെയാണ് ഓക്‌സ്‌ഫോര്‍ഡ് പരീക്ഷണം നിര്‍ത്തിവച്ചത്.

കേരളത്തിന്റെയും സ്ഥിതി ആശാവഹമല്ലെന്നാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞത്. രോഗികള്‍ ക്രമാതീതമായി വര്‍ധിക്കുമെന്നും വെന്റിലേറ്ററുകള്‍ തികയാതെവരുന്ന അവസ്ഥയുണ്ടാകുമെന്നും അവര്‍ സൂചിപ്പിക്കുകയുണ്ടായി. ആരോഗ്യമേഖല കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിലേക്കാണ് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. പരിശോധനകള്‍ വര്‍ധിപ്പിക്കണം. പരിശോധനകളിലെ ഇപ്പോഴത്തെ തണുപ്പന്‍ സമീപനം ഒഴിവാക്കേണ്ടതുണ്ട്. ഇപ്പോഴും ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമായിട്ടില്ലെന്നത് ദുഃഖകരമാണ്. കൊവിഡിന്റെ രണ്ടാംവരവ് ആഗോളതലത്തില്‍ തന്നെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ പ്രതിരോധത്തില്‍ ഊന്നിയും കൂടുതല്‍ പരിശോധനകള്‍ നടത്തിയും മാത്രമേ ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയൂ.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.