2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഅ്ദനിയെ കുറ്റവിമുക്തനാക്കി

മഅ്ദനിയെ കുറ്റവിമുക്തനാക്കി

കോഴിക്കോട്: കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുള്‍പ്പെടെ നാലുപേരെ വെറുതെ വിട്ടു. കോഴിക്കോട് അഡീഷനല്‍ സെഷന്‍സ് (3) കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1998ല്‍ കോഴിക്കോട് കസബ പൊലിസ് അനധികൃതമായി ആയുധം കൈവശംവച്ചെന്ന പേരില്‍ മഅ്ദനിക്കും അശ്‌റഫ്, സുബൈര്‍, അയ്യപ്പന്‍ എന്നിവര്‍ക്കുമെതിരേ 153 എ, 120 ബി (ആയുധ നിയമം) എന്നിവ ചുമത്തിയ കേസിലാണ് വിധി.

വിചാരണ പൂര്‍ത്തിയായി വിധി പറയുന്നത് മൂന്നുതവണ മാറ്റിവച്ച കേസില്‍ 15 വര്‍ഷത്തിനു ശേഷമാണ് വിധി പറയുന്നത്. അശ്‌റഫ്, സുബൈര്‍, അയ്യപ്പന്‍ എന്നിവര്‍ യഥാക്രമം ഒന്ന്്, രണ്ട്, മൂന്ന് പ്രതികളായ കേസില്‍ മഅ്ദനി നാലാംപ്രതിയായിരുന്നു. കേസില്‍ മഅ്ദനിക്കായി അടുത്തിടെ മരിച്ച അഡ്വ. എം.അശോകനും മറ്റു പ്രതികള്‍ക്കായി അഡ്വ. കെ.പി മുഹമ്മദ് ശരീഫ്, കെ.എസ് അനില്‍ എന്നിവരും ഹാജരായി.

2007ല്‍ കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതോടെ ഓഗസ്റ്റില്‍ കോയമ്പത്തൂര്‍ ജയിലില്‍ നിന്നിറങ്ങിയ മഅ്ദനി സെഷന്‍സ് കോടതിയില്‍ ഹാജരായിരുന്നു. 1992ല്‍ മുതലക്കുളം മൈതാനിയില്‍ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ 1998 മാര്‍ച്ച് 31ന് അറസ്റ്റിലായ മഅ്ദനിയെ കോയമ്പത്തൂര്‍ പൊലിസിനു കൈമാറുകയായിരുന്നു.

മഅ്ദനിക്കെതിരേ കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 30ലേറെ കേസുകള്‍ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പി, ആര്‍.എസ്.എസ് എന്നിവയ്‌ക്കെതിരായ മഅ്ദനിയുടെ പ്രസംഗങ്ങള്‍ രാഷ്ട്രീയ വിമര്‍ശനമാണെന്നും അതില്‍ വര്‍ഗീയതയില്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഈ കേസുകളില്‍ മഅ്ദനിയെ വെറുതെവിടുകയായിരുന്നു. കോയമ്പത്തൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലും മഅ്ദനിയെ നേരത്തെ വെറുതെവിട്ടിരുന്നു.

2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ 2014ല്‍ സോപാധിക ജാമ്യം ലഭിച്ച മഅ്ദനി വീട്ടുതടങ്കലിലെന്നപോലെ ബംഗളൂരുവില്‍ കഴിഞ്ഞുവരുകയാണ്. വിദഗ്ധ ചികിത്സയ്ക്കും പിതാവിനെ കാണാനും സുപ്രിം കോടതി അനുമതി നല്‍കിയെങ്കിലും കര്‍ണാടക പൊലിസ് കടുത്ത വ്യവസ്ഥകള്‍ വച്ചതോടെ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

മഅ്ദനി പൊതുരംഗത്തിറങ്ങിയതു മുതല്‍ അദ്ദേഹത്തിനെതിരേ രാഷ്ട്രീയ പകപോക്കല്‍ നടന്നുവരുകയാണെന്നും വധശ്രമവും കള്ളക്കേസുകളുമുണ്ടായിട്ടും നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു അദ്ദേഹം പോരാടുകയാണെന്നും പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് തിക്കോടി പറഞ്ഞു. വര്‍ഷങ്ങളോളം വിചാരണത്തടവുകാരനായി ജയിലില്‍ കിടന്നിട്ടും ഒരു കോടതിയും പെറ്റി കേസില്‍ പോലും മഅ്ദനിയെ ശിക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.