കണ്ണൂര്‍: ഏതുനിലയ്ക്കും സി.പി.എമ്മിനെ തകര്‍ക്കാന്‍ വര്‍ഗീയശക്തികളും ഭീകരവാദികളും സാമ്രാജ്യത്വശക്തികളും ഒരുമിക്കുന്ന കാലമാണിതെന്നും അവരുടെയൊക്കെ ശത്രുവായി നില്‍ക്കുന്നു എന്നതുതന്നെയാണ് ഈ പാര്‍ട്ടിയുടെ രാഷ്ട്രീയപ്രസക്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ദേശാഭിമാനിയിലെ ലേഖനം. പാര്‍ട്ടി നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനമായിരുന്നു ഇന്നലെ മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരേയും പരോക്ഷമായി മുഖ്യമന്ത്രിക്കെതിരേയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. അതിനുകൂടിയുള്ള മറുപടിയാണ് പാര്‍ട്ടി പത്രത്തിലെ ലേഖനം.
കേരളത്തിലെ ബദല്‍ നയങ്ങള്‍ക്കായി ജനങ്ങള്‍ 2021ല്‍ അംഗീകാരം നല്‍കിയിട്ടും ധാര്‍ഷ്ട്യവും അഴിമതിക്കുള്ള പ്രവണതയും തുടരുകയാണെന്നും ഇതു ചെറുത്തു തോല്‍പിക്കണമെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായ വിനയത്തോടെയുള്ള പെരുമാറ്റം ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റേതടക്കമുള്ള പ്രതികരണങ്ങളെക്കുറിച്ചായിരുന്നു ഈ വിമര്‍ശനം.
എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുകയാണ് മുഖ്യമന്ത്രി. രാജ്യത്തിന്റെ സാമ്പത്തികസ്വാതന്ത്ര്യവും രാഷ്ട്രീയസ്വാതന്ത്ര്യവും അപകടപ്പെടുത്തുന്ന നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഉയരുന്ന ഏക രാഷ്ട്രീയശബ്ദം സിപിഐ എമ്മിന്റേതാണെന്നും പിണറായി ലേഖനത്തില്‍ അവകാശപ്പെടുന്നു.
ഹ്രസ്വകാലാടിസ്ഥാനത്തില്‍ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് ആശ്വാസമേകിയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമഗ്രവികസനം സാധ്യമാക്കിയും നീങ്ങുന്ന സര്‍ക്കാര്‍ എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങള്‍ക്കും ഒരുപോലെ കണ്ണിലെ കരടാകുന്നതില്‍ അത്ഭുതമില്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു. അതോടൊപ്പം ഇന്ന് കേരളത്തില്‍ ഏറ്റവും വലിയ പ്രതിഷേധത്തിനിടയാക്കിയ സില്‍വര്‍ ലൈന്‍ പദ്ധതി ആരെതിര്‍ത്താലും നടപ്പാക്കുമെന്ന മുന്നറിയിപ്പ് വരികള്‍ക്കിടയിലൂടെ വീണ്ടും ആവര്‍ത്തിക്കുന്നുണ്ട്.
Comments are closed for this post.