2023 June 10 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മാംഗോ മൊബൈല്‍ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ല; പി ടി തോമസ് മാപ്പ് പറയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: മാംഗോ മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് മുമ്പ് മാംഗോ മൊബൈല്‍ ഉടമ അറസ്റ്റിലായെന്നുമുള്ള പിടി തോമസ് എംഎല്‍എയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം സഭയില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പറയുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി

മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞത് താനല്ല. തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് താനല്ല. മുട്ടില്‍ മരം കൊള്ളക്കാരുമായി തനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാനാണ് ശ്രമം. മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് പറഞ്ഞ മുഖ്യമന്ത്രി മറ്റൊരാളാണ്. അത് ആരാണെന്ന് തന്നെക്കൊണ്ട് പറയിപ്പിക്കുന്നതില്‍ പി ടി തോമസിന് സന്തോഷമുണ്ടാകും.

സഭയെ തെറ്റിദ്ധരിപ്പിച്ച പി ടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016 ഫെബ്രുവരിയിലാണ് മാംഗോ കേസ് പ്രതികള്‍ അറസ്റ്റിലായത്. അന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയതിന് പി ടി തോമസ് സഭയില്‍ മാപ്പ് പറയണം.

പട്ടാപ്പകലിനെ കുറ്റാക്കൂരിട്ടായി ചിത്രീകരിക്കുന്ന രീതികള്‍ക്കായി സഭ ദുരുപയോഗം ചെയ്യരുത്. തെറ്റിദ്ധാരണയുടെ ഒരു മൂടല്‍ മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍ മഞ്ഞിന് കീഴ്പ്പെടുത്താനാകില്ല എന്നുമാത്രം പറയട്ടെയെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.