2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

പ്രതികളെ പിടികൂടിയത് അന്വേഷണമികവ്; മുന്‍വിധിയോടുള്ള കുറ്റപ്പെടുത്തല്‍ വേണ്ട; പൊലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

പ്രതികളെ പിടികൂടിയത് അന്വേഷണമികവ്; മുന്‍വിധിയോടുള്ള കുറ്റപ്പെടുത്തല്‍ വേണ്ട; പൊലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പൊലിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചുരുങ്ങിയ ദിവസംകൊണ്ട് പ്രതികളെ പിടികൂടാന്‍ പൊലിസിന് സാധിച്ചു. പൊലിസിന്റെ അന്വേഷണ മികവാണ് ഇത് തെളിയിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പറഞ്ഞ ഒരു കാര്യം കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പൊലീസിനെ അഭിനന്ദിക്കുന്ന മുഖ്യമന്ത്രി മലയാളികളുടെ യുക്തി ബോധത്തെ ചോദ്യം ചെയ്യുന്നു എന്നായിരുന്നു. നമ്മുടെ നാട്ടില്‍ അധികം ഉണ്ടായിട്ടില്ലാത്ത എന്നാല്‍ മറ്റ് ചില ഇടങ്ങളില്‍ പതിവായി സംഭവിക്കുന്നതാണ് പണത്തിന് വേണ്ടി കുട്ടികളെ തട്ടികൊണ്ടു പോകുന്നു എന്നത്. നാടൊട്ടുക്കും കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്തുന്ന ഘട്ടത്തില്‍ പൊലിസിന്റെ കൃത്യനിര്‍വഹണം പോലും തടസ്സപ്പെടുത്തുന്ന തരത്തില്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ച് അതില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചിലര്‍ ശ്രമിച്ചതും ഇപ്പോള്‍ ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘നമ്മുടെ പൊലീസ് ക്രമസമാധാനപാലത്തിലും അന്വേഷണ മികവിലും നല്ല യശസ് നേടിയുള്ളവരാണ്. രാജ്യത്ത് തന്നെ മുന്‍നിരയില്‍ നില്‍ക്കുന്നവരുമാണ് . ആലുവ കേസില്‍ പ്രതിക്ക് 110 ദിവസത്തിനുള്ള പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞത് കേരളം ഇത്തരംകാര്യങ്ങളില്‍ കാണിക്കുന്ന മികവിന്റെ ഉദാഹരണമാണ്. രണ്ടുകാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. അതിലൊന്ന് എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണമാണ്. ഭരണകക്ഷിയുടെ പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം നടത്തിയിട്ടും പ്രതികളെ പിടികൂടാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രചാരണം. ഈ പൊലീസ് എന്തൊരു പൊലീസ് എന്ന് അവര്‍ ആദ്യഘട്ടങ്ങളില്‍ പ്രചരിപ്പിച്ചു. ഒടുവില്‍ അന്വേഷണം ശരിയായരീതിയിലെത്തിയപ്പോള്‍ പിടികൂടിയത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെയാണ്. പിന്നീട് പ്രചാരണം നടത്തിയവര്‍ നിശബ്ദരായി. പിന്നാലെ വിചിത്രമായ ന്യായീകരണവുമായി ഒരു നേതാവ് രംഗത്തെത്തി. മയക്കുമരുന്ന് ചോക്ലേറ്റ് നല്‍കി പ്രതിയെ കൊണ്ട് പൊലീസ് സമ്മതിപ്പിച്ചതാണെന്നാണ് പറഞ്ഞതെന്നും നമ്മള്‍ ഓര്‍ക്കുന്നത് നല്ലതാണ്. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആശ്രമം കത്തിച്ചത് സ്വാമി തന്നെയാണ് എന്നാണ് സംഘപരിവാറുകാര്‍ പ്രചരിപ്പിച്ചത്. അന്വേഷണത്തിനൊടുവില്‍ പിടികൂടിയത് ബിജെപി കൗണ്‍സിലര്‍ അടക്കമുള്ള പ്രതികളെയായിരുന്നെന്നും പിണറായി പറഞ്ഞു.

രണ്ട് സ്ത്രീകളുടെ തിരോധാനത്തില്‍ ആരംഭിച്ച അന്വേഷണമാണ് ഇലന്തൂരിലെ നരബലി കേസ് ആയി രൂപപ്പെട്ടത്. കൊല നടത്തി മാസങ്ങള്‍ക്ക് ശേഷം പ്രതികള്‍ സ്വസ്ഥരായി ജീവിക്കുമ്പാഴാണ് നിയമത്തിന്റെ കരങ്ങളില്‍ അവര്‍ പെടുന്നത്.ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെത്തി എലത്തൂരിലെ ട്രെയിന്‍ തീവെച്ച പ്രതിയെ വളരെ വേഗം പിടികൂടിയതും അത്ര വേഗം ആരും മറക്കാന്‍ ഇടയില്ല.കേസന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ പൊലീസിന് നേരെ മുന്‍ വിധിയോടെയുള്ള കുറ്റപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ പാടില്ല. കൊല്ലത്തെ കുട്ടിയുടെ കേസില്‍ ഒരു പരിധിവരെ മാധ്യമങ്ങള്‍ സംയമനത്തോടെ റിപ്പോര്‍ട്ടിങ് നടത്തിയിട്ടുണ്ട്, ആ സംയമനവും ശ്രദ്ധയും കുറേക്കൂടി സൂക്ഷ്മതയോടെ തുടര്‍ന്നും ഉണ്ടാകണമെന്നും പിണറായി പറഞ്ഞു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.