തിരുവനന്തപുരം: കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ കഴിഞ്ഞ കുട്ടികള്‍ക്ക് തുടര്‍ന്നുള്ള കേള്‍വിസംസാര ഭാഷാ പരിശീലനം നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്റര്‍ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
ലോകകേള്‍വി ദിനമായ മാര്‍ച്ച് മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ഡോ. ആര്‍ ബിന്ദു തെറാപ്പി സെന്റര്‍ നാടിന് സമര്‍പ്പിക്കും.
ആധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഉപയോഗിച്ചുളള പോസ്റ്റ് ഹാബിലിറ്റേഷന്‍ തെറാപ്പി പരിശീലനം, ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സെന്ററിലൂടെ ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇ.എന്‍.ടി. ഡിപ്പാര്‍ട്‌മെന്റിന്റെയും കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് തെറാപ്പി സെന്റര്‍ ഒരുങ്ങുന്നത്.
പദ്ധതിക്കായി എഴുപത്തിയൊന്‍പത് ലക്ഷത്തി രണ്ടായിരം രൂപയുടെ ഭരണാനുമതി നല്‍കി. നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനിലും (നിപ്മര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിലും (നിഷ്) ഉള്ള ഓഡിറ്ററി വെര്‍ബല്‍ തെറാപ്പി സേവനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുവരുന്നത്.
ശ്രവണപരിമിതികളുള്ള കുട്ടികള്‍ക്ക് ശ്രവണ ഉപകരണങ്ങളിലൂടെയും ഓഡിയോ വെര്‍ബല്‍ തെറാപ്പിയിലൂടെയും ശ്രവണശക്തി വീണ്ടെടുക്കാനുള്ള ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ ആറു മാസം മുതല്‍ പതിനെട്ടു മാസം വരെ വേണം.
കുഞ്ഞിന് മൂന്നര വയസ് പ്രായമാകുന്നതുവരെ നിര്‍ബന്ധമായും പോസ്റ്റ് ഹാബിലിറ്റേഷന്‍ തെറാപ്പി ലഭിക്കണം. അനുബന്ധമായ ഇടപെടലുകള്‍ നടത്തി കുഞ്ഞുങ്ങളിലെ കേള്‍വി വൈകല്യം പരിഹരിക്കാന്‍ ഇത്തരം പരിശീലനം അനിവാര്യമാണ്. കുഞ്ഞിന് ശ്രവണസംസാരഭാഷാ ശേഷി കൈവരിക്കുന്നതിനായി രക്ഷിതാക്കള്‍ നടത്തേണ്ട ഇടപെടലുകള്‍ സംബന്ധിച്ചും സെന്ററില്‍ പരിശീലനം നല്‍കും.
ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് സാമൂഹ്യസുരക്ഷാ മിഷന്റെ ശ്രുതിതരംഗം പദ്ധതിയിലൂടെ കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ നടത്തിയ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടേയും സംഗമവും അനുഭവം പങ്കിടലും സംഘടിപ്പിച്ചിട്ടുണ്ട് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.
Comments are closed for this post.