2021 October 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

മാലിന്യ മുക്ത കേരളം 

ഹിലാല്‍ ഹസ്സന്‍

മ്മുടെ കേരളം എല്ലാം കൊണ്ടും ഒന്നാമതായിരിക്കണം  എന്നു തന്നെയാണ് ഏതൊരു കേരളീയനും ആഗ്രഹിക്കുക. കേരളമെന്നു കേട്ടാല്‍ അഭിമാന പൂരിതരാകുകയും ചെയ്യും. പല മേഖലയിലും നമ്മള്‍ ഒന്നാമതാണ് താനും .സാക്ഷരത ,വിദ്യാഭ്യാസം ,ആരോഗ്യം ,ശിശു മരണ നിരക്കിലുള്ള കുറവ് ,ആയുര്‍ ദൈര്‍ഖ്യം എന്നീ കാര്യങ്ങളില്‍ നമ്മള്‍ ലോകോത്തര നിലവാരത്തിലാണ്. വ്യക്തി ശുചിത്വത്തിലും നമ്മള്‍ വളരെ ശ്രദ്ധാലുക്കളാണ് .

പക്ഷെ പൊതു ശുചിത്വത്തില്‍, പരിസര ശുചിത്വത്തില്‍ നമ്മല്‍ വളരെ പിറകിലാണ്. അധികവും തീരെ പൗര ബോധമില്ലാതെയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വ്യക്തി വഴി ഒരു ദിവസം ഉദ്ദേശം 125 gram മാലിന്യം ഉണ്ടാകുന്നുണ്ട്. 4 പേരുള്ള ഒരു കുടുംബത്തില്‍ നിന്നു 500gram ഈ കണക്കില്‍ 1000 പെരുള്ള ഒരു വാര്‍ഡില്‍ 125.kg  മാലിന്യം ഉണ്ടാകുന്നു .കേരളത്തിലെ 21908 വാര്‍ഡുകളില്‍ നിന്നുണ്ടാകാവുന്ന പ്രതി ദിന മാലിന്യത്തിന്റെ ഏകദേശ അളവ് നമുക്ക് ലഭിക്കുന്നു .

എന്നാല്‍ ഈ കാര്യം നമ്മള്‍  ഗൗരവകരമായി പരിഗണിക്കാറുണ്ടോ. വ്യക്തി ശുചിത്വം പോലെ വളരെ ഗൗരവമായി ശ്രദ്ധിക്കേണ്ടുന്ന വിഷയമല്ലേ ഇത്. ഇവ ഉണ്ടാക്കുന്ന വിപത്തുകളെ ക്കുറിച്ചു നമ്മള്‍ വേണ്ടത്ര ബോധവാന്മാര്‍ ആണോ?, ചെറുതും വലുതുമായ രോഗങ്ങള്‍,മഴക്കാല രോഗങ്ങള്‍,പ്ലേഗ് ,h1n1, dengue, ചിക്കന്‍ ഗുനിയ എന്നീ പകര്‍ച്ച വ്യാധികള്‍ ഇതൊക്കെ കൊണ്ടുള്ള മരണങ്ങള്‍ നമ്മള്‍ എല്ലാ വര്‍ഷവും അനുഭവിക്കുന്ന ദുരിതങ്ങളാണ് എങ്കിലും നമ്മല്‍ നിസ്സംഗരാണ് .

സ്വന്തം വീട് വൃത്തിയാക്കി ആ മാലിന്യം മതിലിനു പുറത്ത് പൊതു സ്ഥലത്തു ഉപേക്ഷിക്കുന്ന രീതിയാണ് നാം അവലംബിക്കാറുള്ളത് .മല മൂത്ര, വ്യക്തി ശുചിത്വത്തില്‍ നാം കാണിക്കുന്ന ശുഷ്‌കാന്തി, അതിനു വേണ്ടി നാം ഒരുക്കുന്ന സജ്ജീകരണങ്ങള്‍ എത്ര കാര്യക്ഷമമാണ് . പക്ഷെ മാലിന്യ സംസ്‌കരണത്തിന് നാം വേണ്ടത്ര പരിഗണന നല്‍കാറില്ല .

ഈ കാര്യം നമ്മള്‍ ഗൗരവകരമായി പരിഗണിക്കാറുണ്ടോ. നമ്മളുടെ സംസ്ഥാനം ഒന്നാമതായിരിക്കണം  എന്നു നമ്മല്‍ പറഞ്ഞു കൊണ്ടിരിക്കും .വിദേശത്തു പോയിട്ടുള്ളവരാണെങ്കില്‍ സിംഗപ്പൂരിലെയോ ,ജപ്പാനിലേയോ , സ്വീഡന്‍ , ജര്‍മ്മനി പോലെയുള്ള ചില യൂറോപ്പ്യന്‍ രാജ്യങ്ങളിലെ  വിസ്മയിപ്പിക്കുന്ന വൃത്തി ബോധത്തെ കുറിച്ചു പറയുമ്പോള്‍ ആയിരം നാക്കാണ് .പക്ഷെ അത് നമ്മുടെ സംസ്ഥാനത്തു പാലിച്ചു കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും നാം എന്തു ചെയ്യുന്നു .

നമ്മുടെ പൊതു നിരത്തുകളില്‍,പാര്‍ക്കുകളില്‍, ബീച്ചുകളില്‍ ,മാളുകളില്‍ അതു പൊലെ നമ്മള്‍ ഒത്തു ചേരുന്ന ഇടങ്ങളില്‍ ഒക്കെ എത്ര നിരുത്തരവാദിത്തമായ നിലയിലാണ് നമ്മള്‍ മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത്.

ഇവിടങ്ങളിലൊക്കെ മാലിന്യം തരം തിരിച്ചു നിക്ഷേപിക്കാവുന്ന പാത്രങ്ങള്‍ സജ്ജമാക്കണം. അന്തര്‍ ദേശീയ മാതൃകയില്‍ ഓരോന്നിനും വ്യത്യസ്തമായ നിറങ്ങളിലുള്ളതായിരിക്കണം. ഒരേ പോലെ അവ സംസ്ഥാനം ആകെ നടപ്പിലാക്കണം .കൃത്യമായ ഇടവേളകളില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് വ്യക്തമായ നടപടികള്‍ ഉണ്ടായിരിക്കണം .ഇത് നടപ്പിലാകാത്തതിന് നമ്മളും സര്‍ക്കാരും ഉത്തരവാദികളാണ്. വളരെ  നല്ലരീതിയില്‍ നടപ്പിലാക്കിയിട്ടുള്ള അനേകം മാതൃകകള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ വിജയകരമായി നടന്നുകൊണ്ടിക്കുന്നുണ്ട്.

കേരളത്തില്‍ തന്നെ UNEP (യുണൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം ) യുടെ പ്രശംസ നേടിയ മാതൃക ആലപ്പുഴയില്‍ ഉണ്ട്. നേരത്തെ ഒരു പൊതു സ്ഥലത്തു സംഭരിച്ചു , തരം തിരിച്ചു ശേഷം സംസാരിക്കുന്ന പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും അതു സാധ്യമാകാതെ വന്നപ്പോള്‍ മാലിന്യം കുന്നു കൂടി ദുര്‍ഗന്ധം വമിക്കുകയും അന്തരീക്ഷം മലിനീകരണമാകുന്ന സ്ഥിതി ഉണ്ടായി. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു നിര്‍ത്തി വെക്കേണ്ടി വന്നു. പകരം ഉത്ഭവ സ്ഥാനത്തു തന്നെ സംസ്‌കരിക്കുന്ന പദ്ധതി ഒറ്റയ്ക്കും കൂട്ടമായുമുള്ള രീതിയില്‍ കാര്യ ക്ഷമമായി നടപ്പിലാക്കി.

ഇതു കാണിച്ചു തരുന്നത് വ്യക്തമായ രൂപ രേഖ ഉണ്ടാവുകയും ഇച്ഛാ ശകതിയുമുണ്ടെങ്കില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കേരളം മാലിന്യ മുക്തമാക്കാം. ഇതിനു വെണ്ടി നമ്മുടെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ ഏറ്റവും നല്ല മാതൃക ലോകത്തെവിടെ ഉണ്ടെങ്കിലും അവതന്നെ ഇവിടെ സമയ ബന്ധിതമായി നടപ്പിലാക്കണം . ശാസ്ത്രീയമായി സജ്ജീകരിച്ചാല്‍ പാചക വാതകവും ചെറിയ തോട്ടത്തിലേക്ക് വേണ്ടുന്ന വളവും ലഭ്യമാകുന്നു. മറ്റു മാലിന്യങ്ങളായ പ്ലാസ്റ്റിക്, കുപ്പിച്ചില്ലുകള്‍, തെര്‍മോകോള്‍, മറ്റു ഇ വേസ്റ്റുകള്‍ പ്രത്യേകം പ്രത്യേകം തരം തിരിച്ചു വെക്കുകയാണെങ്കില്‍ കുടുംബ ശ്രീ അംഗങ്ങങ്ങളോ വാര്‍ഡ് തലത്തില്‍ ഉള്ള ഹരിത സേനാ അംഗങ്ങളോ ആഴ്ചയിലോ മാസത്തിലോ സംഭരിച്ചു അതു റീസൈക്കിള്‍ ചെയ്യുന്ന സ്ഥലങ്ങളിലേക്ക് അയക്കുന്നു .അതിന് 60 രൂപ മുതല്‍ 100 രൂപ വരെയേ ഈടാക്കുന്നുള്ളു. കാലങ്ങളായി  എല്ലാ മാലിന്യങ്ങളും വീട്ടില്‍ നിന്നു സംഭരിച്ചു ഒരു പൊതു സ്ഥലത്തു കൂട്ടിവെച്ചു അവിടെ  നിന്നൂം മാലിന്യങ്ങള്‍ ജില്ലാ ഭരണകൂടം ഒരുക്കിയ സ്ഥലത്തു എത്തിച്ചു കത്തിച്ചു കളയുന്ന  രീതിയാണ് 

നമ്മുടെ നാട്ടില്‍ നടന്നു വരുന്നത് .കോഴിക്കോട് ഞെളിയന്‍പറമ്പ ,എറണാകുളത്തെബ്രമ്മപുരം ,തിരുവനന്തപുരത്തെ എരുമക്കുഴി എന്നീ പൊതു സ്ഥലങ്ങളില്‍ എത്തിച്ചു അവിടെ അതു കത്തിച്ചു സംസ്‌കരിക്കുന്ന രീതിയാണ് ഉള്ളത്. ഇതു ശരിയായ രീതിയില്‍ നടക്കാതെ വരുമ്പോഴും മാലിന്യം കൊണ്ടുപോകുമ്പോഴുമുള്ള ദുര്‍ഗന്ധവും അന്തരീക്ഷ മലിനീകരണവും നാം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് . ഇതിനായി ഒരുക്കിയ സ്ഥലത്തു നിക്ഷേപിച്ചു സമയ ബന്ധിതമായി സംസ്‌കരിക്കാത്തതു വഴിയുള്ള പരിസ്ഥിതി മലനീകരണവും ജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും നമുക്ക് അറിയാവുന്നതാണല്ലോ .

വിദേശ രാജ്യങ്ങളില്‍ വ്യക്തമായ തരം തിരിച്ചലുകള്‍ക്കു ശേഷം റീ – സൈക്കിള്‍ ചെയ്യാവുന്നത് പരമാവധി റീസൈക്കിള്‍ ചെയ്തും  ബാക്കി മാലിന്യത്തില്‍  നിന്നും ഊര്‍ജ്ജം ഉത്പ്പാദിപ്പിച്ചും അതില്‍ ബാക്കി വരുന്നത് ഭൂമി നികത്താനും ഉപയോഗിക്കുന്നു . അവിടെ അതു ചെയ്യുന്നതിന് ഒരു പ്രൊഫഷണല്‍ രീതി ഉണ്ട് . ഏറ്റവും മുന്‍ഗണന നല്‍കി കാര്യക്ഷമതയോടെ അവര്‍ അതു നിര്‍വഹിക്കുന്നു . മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടു പോകുന്നതിനും കത്തിച്ചു കളയുന്നതിനും ഏറ്റവും ആധുനിക സൗകര്യങ്ങള്‍ സജ്ജമാക്കുക . ഇതിനു വേണ്ടി വരുന്ന ചിലവുകള്‍ നിര്‍ബന്ധ  ചിലവുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് . 

ആരോഗ്യ മേഖലയില്‍ വര്‍ഷാ  വര്‍ഷം ചിലവഴിക്കേണ്ട സംഖ്യയില്‍ കുറവ് വരും . അതേ പൊലെ തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി നമ്മള്‍ നടത്തുന്ന പരസ്യത്തിലും മറ്റും ചിലവാക്കേണ്ടി  വരുന്ന സംഖ്യയിലും ക്രമേണ  കുറവ് വരും. നമ്മള്‍ നല്ല പൗര ബോധമുള്ളവരായി മാറേണ്ടിയിരിക്കുന്നു . ഓരോരുത്തരും ഉണ്ടാക്കുന്ന ചുരുങ്ങിയ അളവിലുള്ള മാലിന്യം ആണ് ഒരു വാര്‍ഡിലെ ഒരു ജില്ലയിലെ, സംസ്ഥാനത്തിന്റെ ഒരു ദിവസത്തിന്റെ മാലിന്യ കൂമ്പാരം ആയി മാറുന്നത് എന്ന ബോധ്യത്തോടെ ഓരോരുത്തരായി ഉണ്ടാക്കുന്ന ജൈവ മാലിന്യം ഉത്പാദന സ്ഥലത്തു തന്നെയും മറ്റുള്ളവ ഉറവിട സ്ഥലത്തു തന്നെ പ്രത്യേകം സംഭരിച്ചു വെച്ചു നിക്ഷിത ഇടവേളകളില്‍ അതു സംഭരിക്കുന്നവര്‍ക്കു നല്‍കുകയും ചെയ്താല്‍ ഒരു പരിധിവരെ നമുക്ക് മാലിന്യ മുക്ത സംസ്ഥാനമായി ഒരു നവ കേരളമായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയെടുക്കാം .

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.