ചെന്നൈ: സവര്‍ണ വിദ്യാര്‍ത്ഥികളുടെ പീഡനം സഹിക്കാനാവാതെ തിരുനെല്‍വേലി വള്ളിയൂരില്‍ 17 വയസുകാരനായ ദളിത് ബാലന്‍ സ്‌കൂള്‍ പഠനം നിര്‍ത്തി. തിരുനെല്‍വേലി വള്ളിയൂര്‍ സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ചിന്നദുരയെന്ന വിദ്യാര്‍ത്ഥിയെ ഉന്നതജാതിയിലുള്ള ചില സഹപാഠികള്‍ പതിവായി അധിക്ഷേപിച്ചിരുന്നു. സിഗററ്റ് വാങ്ങി നല്‍കാന്‍ നിര്‍ബന്ധിക്കുന്നതടക്കം ഉപദ്രവം പരിധി വിട്ടതോടെ പഠനം നിര്‍ത്തുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കുട്ടിയുടെ അച്ഛന്‍ പരാതിപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ശല്യക്കാരായ വിദ്യാര്‍ത്ഥികളെയും അവരുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി താക്കീത് ചെയ്തു . ഇതിലുള്ള പക കാരണം ബുധനാഴ്ച അര്‍ധരാത്രി ദളിത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ കടന്നു കയറി അരിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച 14കാരിയായ സഹോദരിയെയും പ്രതികള്‍ ആക്രമിച്ചു. ആണ്‍കുട്ടിക്ക് 15 വെട്ടുകളും പെണ്‍കുട്ടിക്ക് അഞ്ച് വെട്ടുകളും ഏറ്റതായി റിപ്പോര്‍ട്ടുണ്ട്.
നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോളേക്കും ഓടി രക്ഷിപ്പെട്ട അക്രമികളെ പിന്നീട് പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ 4 പേര്‍ ഇതേ സ്‌കൂളില്‍ പഠിക്കുന്നവരാണ്. ബാക്കി രണ്ട് പേര്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചവരും. വധശ്രമം അടക്കം കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തിരുനെല്‍വേലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ദളിത് സഹോദരങ്ങള്‍ അപകടനില തരണം ചെയ്തു.
Comments are closed for this post.