
‘ദേശീയവാദം അതിന്റെ എതിര് ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നു. മാവോയെ പോലെ. സ്റ്റാലിനെ പോലെ. നെപ്പോളിയനെ പോലെ. മോദിയെ പോലെ. എന്നാല്‍ അതിനു ഒരു ബദല്‍ ഉണ്ട്. ഒരു ഇന്ത്യന്‍ ബദല്‍. ഹിന്ദ് സ്വരാജിലെ ഗാന്ധിജിയുടെ സ്വപ്നം, ചരിത്രത്തിലെ എല്ലാ നെപ്പോളിയന്മാര്ക്കും മോദിമാര്ക്കുമുള്ള മറുമരുന്നാണ്. ഗാന്ധി പരാജയപ്പെട്ടാല്‍, സവര്‍ക്കറുടെ ചരിത്രമാണ് വിജയം നേടുന്നത്’ – ശിവ് വിശ്വനാഥന്
(യു.ആര് അനന്തമൂര്‍ത്തിയുടെ ‘ഹിന്ദുത്വ ഓര് ഹിന്ദ് സ്വരാജ്’എന്ന കൃതിയുടെ ആമുഖത്തില്‍)
മനുഷ്യ ചരിത്രം നന്മയും തിന്മയും തമ്മിലുള്ള നിരന്തര യുദ്ധത്തിന്റെ ചരിത്രമാണ്. സെമിറ്റിക് മതങ്ങളില്‍ സത്യസന്ധനും ദൈവഭയമുള്ളവനുമായ ആബേലും തിന്മയുടെ ബാധകയറിയ കായിനും തമ്മില്‍ തുടങ്ങിയ പോരാട്ടം, മനുഷ്യ ചരിത്രത്തിലെ നന്മതിന്മകള് തമ്മിലുള്ള സമാന്തരമായി നീളുന്ന പ്രതിയോഗത്തിന്റെ പ്രതീകമാണ്. മനുഷ്യന് ഉള്ളടത്തോളം അത് തുടരും. എല്ലാ മനുഷ്യ വ്യവഹാരങ്ങളിലും ഈ സര്വകാലീനമായ പോരാട്ടം നമുക്കു കാണാം. രാഷ്ട്രീയതത്വചിന്തയിലും രാഷ്ട്രീയ വ്യവഹാരത്തിലും ഈ ദന്ദ്വയുദ്ധം ദൃശ്യമാണ്. മനുഷ്യന് അടിസ്ഥാനപരമായി നല്ലവനും സഹകരണ മനോഭാവമുള്ളവനുമാണ് എന്ന അനുമാനത്തില്‍ നിന്ന് തുടങ്ങുന്ന രാഷ്ട്രീയ ചിന്തകളാണ് ലിബറലിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ക്ക് ഉരുവം നല്‍കിയത്. മനുഷ്യന്റെ നന്മയെ കുറിച്ചുള്ള അതിരു കവിഞ്ഞ ശുഭാപ്തി വിശ്വാസമാണ് അനാര്‍ക്കിസത്തിനു ജന്മം നല്‍കിയത്. അടിസ്ഥാനപരമായി തിന്മ നിറഞ്ഞവനാണ് മനുഷ്യന് എന്ന അനുമാനത്തില്‍ നിന്നാണ് ഫാസിസം രൂപംകൊള്ളുന്നത്. ഗാന്ധിജിയുടെ ആശയങ്ങള്‍ മനുഷ്യന് അടിസ്ഥാനപരമായി നന്മയുള്ളവനും സഹരണത്തോടെ ജീവിക്കാന്‍ കഴിയുന്നവനും സ്വയംഭരണപ്രാപ്തനുമാണ് എന്ന അനുമാനത്തില്‍ ഊന്നിയതാണ്. ഇത് ഫാസിസത്തിന്റെ എതിര്‍ദിശയില്‍ നിലകൊള്ളുന്നു.
വിശ്വസാഹിത്യത്തിലെ രണ്ടു രാജകുമാരന്മാര് രാഷ്ട്രീയത്തിലെ നന്മയുടെയും തിന്മയുടെയും ധാരകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്. നന്മയെ പ്രതിനിധാനം ചെയ്യുന്നത് ഐറിഷ് സാഹിത്യകാരനായ ഓസ്കര് വൈല്‍ഡ് (1854 – 1900) എഴുതിയ ‘ഹാപ്പി പ്രിന്‍സ്’ എന്ന ചെറുകഥയിലെ കഥാപാത്രമായ രാജകുമാരനാണ്. ഹാപ്പി പ്രിന്‍സ് (സന്തോഷവാനായ രാജകുമാരന്) പട്ടണമധ്യത്തില് സ്ഥാപിച്ചിരിക്കുന്ന ഒരു രാജകുമാരന്റെ പ്രതിമയാണ്. ഈജിപ്തിലേക്ക് ദേശാടനത്തിന് പോവുന്ന ഒരു മീവല്‍ പക്ഷി, കൂട്ടം തെറ്റി പ്രതിമയുടെ താഴെ അഭയം തേടുന്നു. ശൈത്യമേറിയ രാത്രിയില്‍ ഹാപ്പി പ്രിന്‍സിന്റെ കണ്ണുനീര് പക്ഷിയുടെ മേല്‍ പതിക്കുന്നു. രാജകുമാരന് ജീവിച്ചിരുന്നപ്പോള്‍ കൊട്ടാരത്തിലെ സുഖങ്ങള്‍ മാത്രമേ കണ്ടുള്ളൂ. മരിച്ചു പ്രതിമയായപ്പോഴാണ് നഗരത്തിലെ ദാരിദ്ര്യവും ദുഃഖവും കാണുന്നത്. മീവല്‍ പക്ഷിയോട് തന്റെ കണ്ണുകള്‍ നിര്‍മിച്ചിരിക്കുന്ന ഇന്ദ്രനീലവും രത്നങ്ങളും തന്റെ വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്ന സ്വര്‍ണ പാളികളുമെല്ലാം ദരിദ്രര്‍ക്ക് കൊത്തിപ്പറിച്ചു കൊണ്ടുപോയി കൊടുക്കാന്‍ ഹാപ്പി പ്രിന്‍സ് കല്പ്പിക്കുന്നു. അവസാനം രാജകുമാരന്റെ പ്രതിമ വികൃതമാകുകയും മീവല്‍ പക്ഷി ശൈത്യകാലത്തിന്റെ കാഠിന്യം സഹിക്കാന്‍ പറ്റാതെ ജീവന് വെടിയുകയും ചെയ്യുന്നു. ഹാപ്പി പ്രിന്‍സിന്റെ ഹൃദയവും മീവല്‍ പക്ഷിയുടെ മൃതദേഹവുമാണ് ലോകത്തെ ഏറ്റവും അമൂല്യമായ വസ്തുക്കള്‍ എന്ന് ദൈവം മാലാഖമാരോട് പറയുന്നിടത്താണ് കഥ അവസാനിക്കുന്നത്. ഗാന്ധിജി, നിലകൊണ്ടത് ‘ഹാപ്പി പ്രിന്‍സ്’ എന്ന കഥയില്‍ ഓസ്കാര്‍ വൈല്‍ഡ് മുന്നോട്ടുവച്ച മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയത്തിന് വേണ്ടിയായിരുന്നു. ഗോഡ്സെയുടെ വെടിയുണ്ട ഏറ്റുവാങ്ങിയ ഗാന്ധിജിയുടെ ഹൃദയം, ദൈവത്താല്‍ പ്രകീര്ത്തിക്കപെട്ട ഹാപ്പി പ്രിന്‍സിന്റെ ഹൃദയം പോലെ ചേതോഹരമായിരുന്നു.
തിന്മയുടെ മൂര്‍ത്തിയായ രാജകുമാരന്, നിക്കോളോ മാക്യവെല്ലി (1469 – 1527) രചിച്ച ‘ദി പ്രിന്‍സ്’ (1513) എന്ന കൃതിയില്‍ അദ്ദേഹം ഭാവനയില്‍ കാണുന്ന ‘ആദര്‍ശ രാജകുമാരനാണ്’. അധികാരം നേടാനും നിലനിര്‍ത്താനും ചതിയും ക്രൂരതയും ഹിംസയും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ പ്രയോഗിക്കാമെന്നാണ് മാക്യവെല്ലി പ്രസ്താവിച്ചത്. അതിനാലാണ് മാക്യവെല്ലിയെ ‘പിശാചിന്റെ മെഴുകുതിരി വാഹകന്’ എന്ന് ഷേക്സ്പിയര് വിശേഷിപ്പിച്ചത്. ഫാസിസം എന്ന ആശയത്തിന്റെ വേരുകള്‍ മാക്യവെല്ലിയുടെ രചനകളില്‍ കണ്ടെത്താം. ഗാന്ധിജി അഹിംസയും ധാര്‍മികതയുമായിരിക്കണം രാഷ്ട്രീയത്തിന്റെ അടിത്തറയെന്ന് ഉദ്ഘോഷിച്ചപ്പോള് മാക്യവെല്ലി, അതിനെ രണ്ടിനെയും തള്ളിക്കളഞ്ഞു. രാഷ്ട്രീയത്തില്‍, അധികാരത്തോടുള്ള അഭിനിവേശം, വിജയത്തോടുള്ള ആരാധന, അധികാരവും വിജയവും നേടാന്‍ ഏതു മാര്‍ഗവും സ്വീകരിക്കാമെന്ന നിലപാട്, ആദര്‍ശബോധത്തെ അപ്രസക്തമാക്കുന്ന പ്രായോഗികത എന്നിവയാണ് മാക്യവെല്ലി നിര്‍ദേശിച്ചത്. ഗാന്ധിജി രാഷ്ട്രീയത്തെ ധര്മ്മാത്മകമാക്കാന് ശ്രമിച്ചപ്പോള്‍ മാക്യവെല്ലി, രാഷ്ട്രീയത്തെ ധര്മത്തില് നിന്ന് അടര്‍ത്തിയെടുത്തു.
മാക്യവെല്ലിയുടെ ആശയങ്ങള്‍ ഫാസിസത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഇറ്റാലിയന്‍ ഫാസിസ്റ്റു താത്വികനായിരുന്ന ജിയോവാന്നി ജെന്റയില്‍ മാക്യവെല്ലിയെ ഏറെ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഹിന്ദുത്വവാദികളെ പ്രചോദിപ്പിച്ചത് ഇറ്റാലിയന്‍ ഫാസിസ്റ്റുകളായിരുന്നു. ‘1930 കളിലെ ഹിന്ദുത്വത്തിന്റെ വിദേശ ബന്ധങ്ങള്‍: പുരാരേഖാ തെളിവുകള്‍’ (ഒശിറൗ്േമ’ െഎീൃലശഴി ഠശല-ൗു ശി വേല 1930:െ അൃരവശ്മഹ ഋ്ശറലിരല) എന്ന ലേഖനത്തില്‍ മാര്‍സിയ കേസൊളാരി ഹിന്ദുത്വ പ്രത്യയശാസ്ത്രം എങ്ങനെ ഇറ്റാലിയന്‍ ഫാസിസത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു എന്ന് വ്യക്തമാക്കുന്നുണ്ട് (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി, ജനുവരി 22. 2000). ഡോ. ഹെഡ്ഗേവാറിന്റെ ഗുരുവായിരുന്ന ഡോ. ബി.എസ് മുഞ്ചേ, മുസോളിനിയുമായി ഗാഢബന്ധം സൂക്ഷിച്ചിരുന്നു. അങ്ങനെ വരുമ്പോള്‍ ഇന്ത്യന്‍ ഫാസിസമായ ഹിന്ദുത്വത്തിന്റെ അടിവേരുകള്‍ ചെന്നെത്തുന്നത് മാക്യവെല്ലിയിലാണ്. മാക്യവെല്ലിയുടെ ഹിംസോത്സുകനായ, അധാര്‍മികതയില്‍ ആണ്ടുപോയ ‘പ്രിന്‍സ് ‘ (രാജകുമാരന്) തന്നെയാണ് ഹിന്ദുത്വ പ്രത്യയശാസ്ത്രം സ്വപ്നം കാണുന്ന സര്‍വാധിപതിയായ ‘ഛത്രപതി’ എന്ന് മനസിലാക്കാന്‍ ആയാസമില്ല.
ചരിത്രത്തിലെ നിതാന്തമായി തുടരുന്ന നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍, വര്‍ത്തമാനകാല ഇന്ത്യന്‍ ഭൂമികയില്‍, മുഖാമുഖം നില്‍ക്കുന്നത് ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് ഒരു പക്ഷത്തും സവര്‍ക്കറുടെ ഹിന്ദുത്വം മറുപക്ഷത്തുമാണ്. 1909ലാണ് ഗാന്ധിജി ‘ഹിന്ദ് സ്വരാജ്’ എന്ന കൊച്ചുകൃതി എഴുതിയത്. ഒരു പത്രാധിപരും വായനക്കാരനും തമ്മിലുള്ള സംവാദരൂപത്തിലാണ് ഇത് ഗാന്ധിജി രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിലെ പ്രഥമമായ ആശയം ഒരു വ്യക്തി നേടിയെടുക്കേണ്ട സ്വരാജ് അഥവാ സ്വയംഭരണം എന്ന സങ്കല്പമാണ്. വ്യക്തി ധാര്‍മിക സ്വയംഭരണം നേടുമ്പോള്‍ മാത്രമേ രാഷ്ട്രവും സമൂഹവും അതിനു പ്രാപ്തമാകുകയുള്ളൂ. തിന്മയെ നന്മ കൊണ്ടും സഹനസമരം കൊണ്ടുമാണ് നേരിടേണ്ടത്. ഓരോ വ്യക്തിയും ഗ്രാമവും സ്വയംപര്യാപ്ത കൈവരിക്കണം. ഇതിനെല്ലാം ഉപരിയായി ഭൗതിക വാദത്തില്‍ ഊന്നിയ പാശ്ചാത്യ നാഗരികതയെ ഗാന്ധിജി ഈ കൃതിയില്‍ നിശിതമായി വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ വിനായക് ദാമോദര്‍ സവര്‍ക്കര്‍ 1923ല്‍ എഴുതിയ ‘ഹിന്ദുത്വ: ഹു ഈസ് എ ഹിന്ദു’ എന്ന കൃതി, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്ന ഭാരതീയ ദര്‍ശനത്തിന് എതിരാണ്. നാസിസം പോലെ അത് വംശീയതയില്‍ ഊന്നിയ ഒരു നിര്‍വചനമാണ് ഭാരതീയതയ്ക്ക് നല്‍കിയത്. അത് മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളെ ഇന്ത്യന്‍ സ്വത്വത്തില്‍ നിന്ന് പുറന്തള്ളാനാണ് ശ്രമിച്ചത്. ഹിന്ദുത്വം പല പരിപ്രേക്ഷ്യത്തിലും ഗാന്ധിജിയുടെ ഹിന്ദ് സ്വരാജിന്റെ മറുവശത്ത് നില്ക്കുന്നു. ഒന്നാമതായി ഹിന്ദുത്വം അതിന്റെ യൂറോപ്യന്‍ രൂപങ്ങളായ ഫാസിസവും നാസിസവും പോലെ രാഷ്ട്രത്തെ ദൈവവല്ക്കരിക്കുന്നു. എന്നാല്‍ ഗാന്ധിജിയും രബീന്ദ്രനാഥ് ടാഗോറും ദേശീയതയെ മാനവികതയുടെ അന്തിമ ലക്ഷ്യസ്ഥാനമായി കണ്ടിരുന്നില്ല. സാര്‍വലൗകിക മാനവൈക്യം എന്നതായിരുന്നു ഗാന്ധിജിയുടെയും ടാഗോറിന്റെയും സ്വപ്നം. രാഷ്ട്രത്തെ മനുഷ്യനില്‍ അന്തര്‍ലീനമായ തിന്മയുടെ ബഹിസ്ഫുരണമായി പോലും ടാഗോര്‍ കാണുകയുണ്ടായി.
സവര്‍ക്കര്‍, ഹെര്‍ബെര്‍ട് സ്പെന്‍സറുടെ സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ വക്തവായിരുന്നു. മനുഷ്യന് അടക്കമുള്ള ജീവിവര്‍ഗങ്ങളെല്ലാം പരസ്പര മത്സരത്തിലൂടെയും അതില്‍ നിന്ന് ഉടലെടുക്കുന്ന അക്രമത്തിലൂടെയുമാണ് പുരോഗതി പ്രാപിക്കുന്നത് എന്ന ഡാര്‍വിന്റെ സിദ്ധാന്തത്തിന്റെ സാമൂഹ്യപതിപ്പാണിത്. എന്നാല്‍ മനുഷ്യന് പുരോഗതി പ്രാപിക്കുന്നത് പരസ്പര സഹകരണത്തിലൂടെയാണ് എന്ന പീറ്റര്‍ ക്രോപൊട്ടകിന് അവതരിപ്പിച്ച മ്യൂച്ചലിസം എന്ന സിദ്ധാന്തത്തിനോടാണ് ഗാന്ധിയന്‍ ദര്‍ശനത്തിന് അടുപ്പം. ഗാന്ധിജി മനുഷ്യ നന്മയില് ഊന്നല്‍ നല്കിയപ്പോള് സവര്‍ക്കര്‍ ഒരു വംശം മറ്റൊന്നിനെ കീഴടക്കുന്ന രാഷ്ട്രീയ വ്യവസ്ഥയാണ് വിഭാവനം ചെയ്തത്. ഗാന്ധിജി സര്‍വധര്‍മ സങ്കലനമാണ് സ്വപ്നം കണ്ടത്. എന്നാല്‍ സവര്‍ക്കറുടെ പദ്ധതിയില്‍ മതം അപ്രസക്തമാണ്.
‘ഹിന്ദ് സ്വരാജ്’, ‘ഹിന്ദുത്വ’ എന്നിവ ഇന്ത്യന്‍ ചരിത്രത്തില്‍ രൂപംകൊണ്ട രണ്ടു വിരുദ്ധാശയങ്ങളാണ്. നന്മയുടെ രാജകുമാരനായ ഹിന്ദ് സ്വരാജ്, പകല്‍ നക്ഷത്രം മാഞ്ഞു പോകുകയും തിന്മയുടെ രാജകുമാരനായ ഹിന്ദുത്വം, മധ്യാഹ്ന സൂര്യനെ പോലെ ഉദിച്ചുയരുകയും ചെയ്യുന്ന അശുഭമുഹൂര്ത്തത്തിന് സാക്ഷികളാകുകയാണ് നാമിപ്പോള്‍. എത്ര ഭയാനകമായ കാലം!