2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അതൊരു ചൂണ്ടു വിരലായിരുന്നു

അര്‍ശദ് തിരുവള്ളൂര്‍

 

സ്വതന്ത്രാനന്തര ഇന്ത്യയിലെ മുസ്‌ലിം പ്രതിസന്ധികളും പിന്നാക്കാവസ്ഥയും ലോക ശ്രദ്ധയിലെത്തിച്ച ചൂണ്ടുവിരലായിരുന്നു ഇന്നലെ അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമായ രജീന്ദര്‍ സച്ചാര്‍. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ അദ്ദേഹം മുന്നോട്ട്‌വച്ച നിര്‍ദേശങ്ങള്‍ പിന്നീട് വന്ന സര്‍ക്കാരുകള്‍ രാഷ്ട്രീയകാരണങ്ങളാല്‍ അവഗണിച്ചെങ്കിലും റിപ്പോര്‍ട്ടിലെ പൊള്ളുന്ന സത്യങ്ങള്‍ നിഷേധിക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അത് തന്നെയായിരുന്നു റിപ്പോര്‍ട്ടിന്റെ മേന്മ.
1950കളില്‍ ഷിംലയിലാണ് രജീന്ദര്‍ സച്ചാറിന്റെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് സുപ്രിംകോടതിയില്‍ ക്രിമിനല്‍, സിവില്‍, റവന്യൂ കേസുകളില്‍ പ്രാക്ടീസ് ചെയ്തു. 1972ല്‍ രണ്ട് വര്‍ഷത്തോളം ഡല്‍ഹി ഹൈക്കോടതിയുടെ ആക്ടിങ് അഡിഷനല്‍ ജഡ്ജിയായി പ്രവര്‍ത്തിച്ചു. സിക്കിം ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്, രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
കശ്മിരിലെ സാധാരണക്കാരുടെ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതിനെതിരേ 1990ല്‍ രജീന്ദര്‍ സച്ചാര്‍ എഴുതിയ കശ്മിരിലെ സാഹചര്യം സംബന്ധിച്ച റിപ്പോര്‍ട്ട് എന്ന പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
സ്ത്രീകളുടെ പാര്‍ലമെന്റിലെ സംവരണത്തിനായി വാദിച്ചവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. രാജ്യത്തെ നിയമ നിര്‍മാണസഭകളിലെ അസമത്വത്തിനെതിരേ അദ്ദേഹം ശബ്ദിച്ചിരുന്നു. 2004ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യ വര്‍ഷമാണ് രജീന്ദര്‍ സച്ചാര്‍ ചെയര്‍മാനായ ഏഴംഗ കമ്മിറ്റിയെ ഇന്ത്യയിലെ മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി നിയോഗിച്ചത്. തുടര്‍ന്ന് 2006 നവംബര്‍ 30ന് 403 പേജുള്ള റിപ്പോര്‍ട്ട് അദ്ദേഹം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. ഇന്ത്യയിലെ പട്ടികജാതി-വര്‍ഗ വിഭാഗത്തേക്കാള്‍ പിന്നാക്കമാണ് മുസ്‌ലിംകളുടെ സാഹചര്യമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്തെ മുസ്‌ലിം സമൂഹത്തിന്റെ ഉന്നതിക്ക് മാതൃകയായി സച്ചാര്‍ സമിതി ഉയര്‍ത്തിക്കാട്ടിയത് കേരളമായിരുന്നു. മതപരമായും ഭൗതികമായും കേരളം നേടിയെടുത്ത കരുത്ത് ഇതര സംസ്ഥാനങ്ങള്‍ക്കും അനുകരണീയമാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സമിതിയുടെ കണ്ടെത്തലുകള്‍ നടപ്പാക്കാന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിട്ടില്ലെന്ന വസ്തുത അവശേഷിപ്പിച്ചാണ് രജീന്ദര്‍ സച്ചാര്‍ വിടപറഞ്ഞത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.