
പൊന്നാനി: ഭൂഗര്‍ഭജല കുരുടന് ചെമ്മീനിനെ കണ്ണൂരില്‍ കണ്ടെത്തി. പുതിയതെരുവിലെ കിണറില്‍ നിന്നാണ് മത്സ്യം കണ്ടെത്തിയത്. ഇന്ത്യയില്‍ ആദ്യമായാണ് കുരുടന് ചെമ്മീനിനെ കണ്ടെത്തുന്നത്. ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റിയിലെ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ടാക്സോണമിസ്റ്റ് ഡോ. സാമ്മി ഡേ ഗേവ്, ബംഗളൂരു നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ഗവേഷകന് സി.പി അര്ജുന്, കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസിലെ അസി. പ്രൊഫസര്‍ ഡോ. രാജീവ് രാഘവന് എന്നിവര്‍ സംയുക്തമായാണ് മത്സ്യത്തെ കണ്ടെത്തിയത്. പുതിയയിനം ചെമ്മീനിനെ കുറിച്ചുള്ള പഠനങ്ങളുള്ള അനിമല്‍ ടാക്സോണമി ജേര്‍ണലായ സൂടാക്സിയില് ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദക്ഷിണ അമേരിക്കയിലും ആഫ്രിക്കയിലും മാത്രം കണ്ടുവരുന്ന യൂറിറൈഞ്ചിടെ കുടുംബത്തിലെ അംഗമാണ് കുരുടന് ചെമ്മീന്‍. പരിണാമപരമായി മഹാരാഷ്ട്രയിലെ രത്നഗിരിയിലെ തീരദേശ കിണറുകളില്‍ നിന്ന് പാലെമോഡിടെ കുടുംബത്തിലെ ട്രോഗ്രോഇന്ഡിക്സ് ഫെറേറ്റിക്സ് ഇന്ന ഇനവുമായി മാത്രമാണ് ഇവക്കു ദക്ഷിണേന്ത്യയില്‍ ബന്ധമുള്ളത്. ഏഴോളം ഭൂഗര്‍ഭജല മത്സ്യങ്ങളിലൂടെ കേരളം ഇപ്പോള്‍തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ടെന്ന് ഡോ. രാജീവ് രാഘവന് പറഞ്ഞു.
യൂറിഇന്‍ഡിക്കസ് ഭൂഗര്‍ഭ എന്നാണ് ഈ ചെമ്മീനിന്റെ ശാസ്ത്രനാമം. ഇവയിലൂടെ പുതിയൊരു ജനുസും സ്പീഷീസും ജന്തുലോക പട്ടികയില്‍ ചേര്‍ക്കപ്പെട്ടു. കുഞ്ഞന്മാരായ ഈ ചെമ്മീനിന്റെ ഉടല് സുതാര്യമാണ്, മാത്രമല്ല ഇവക്ക് കണ്ണുകളുമില്ല. അമിതമായ ക്ലോറിന്‍ പ്രയോഗവും ഇരപിടിയന്മാരായ അധിനിവേശ മത്സ്യങ്ങളും ഇവയുടെ നിലനില്‍പ്പിനു ഭീഷണിയാകാനുള്ള സാധ്യത കൂടുതലാണ്.
ഇപ്പോള്‍ കുരുടന് ചെമ്മീനിനെ കണ്ടെത്തിയ പ്രദേശത്തു നിന്ന് മോണോപ്റ്റീറസ് വര്‍ഗത്തിലെ കുരുടന് പുളവന്‍ മത്സ്യത്തെ ധാരാളമായി ലഭിച്ചിട്ടുണ്ടെന്നത് നിഗൂഢമായ ഭൂഗര്‍ഭ ജീവജാലങ്ങളുടെ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നവയാണെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. അന്താരാഷ്ട്ര പ്രാധാന്യമുള്ള കണ്ടെത്തലിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് അര്ജുന് അറിയിച്ചു.