
ബീജിങ്: ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ ‘നാമൊന്ന് നമുക്കൊന്ന്’ പരിപാടി നടപ്പാക്കിയ ചൈന കടുത്ത പ്രതിസന്ധിയിലായതോടെ നയം മാറ്റി. ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെയാവാമെന്നാണ് പുതിയ നയം. തിങ്കളാഴ്ച പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോയുടേതാണ് തീരുമാനം.
ആദ്യം ദമ്പതികള്‍ ഒരു കുട്ടിയെ മാത്രം അനുവദിച്ചിരുന്ന ചൈന, 2016 ലാണ് രണ്ടു കുട്ടികളാവാമെന്ന നയം കൊണ്ടുവന്നത്. ജനന നിരക്ക് ഗണ്യമായി കുറയുകയും മരണസംഖ്യ അതോടൊപ്പം കുറയുകയും ചെയ്തതോടെയാണ് ചൈനയില്‍ പ്രതിസന്ധിയുണ്ടായത്. വൃദ്ധരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് രാജ്യത്തിന് പ്രതിസന്ധിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് ചൈന നയം മാറ്റാന്‍ കാരണം.
2019 ല്‍ ചൈനയില്‍ 14.65 മില്യണ്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ 2020 ല്‍ 12 മില്യണ്‍ കുട്ടികള്‍ക്ക് മാത്രമാണ് ചൈനീസ് മാതാക്കള്‍ ജന്മം നല്‍കിയത്. 18 ശതമാനം കുറവുണ്ടായത് വലിയ ഞെട്ടലാണ് ചൈനയ്ക്കുണ്ടാക്കിയത്. ആറു പതിറ്റാണ്ടിനിടെ ഇതാദ്യമായിരുന്നു ഇത്രയും വലിയ കുറവുണ്ടായത്. നിലവില്‍ ചൈനയുടെ ഫേര്‍ട്ടിലിറ്റി നിരക്ക് ഒരു സ്ത്രീക്ക് 1.3 ആണ്. ഇത് 2.1 എങ്കിലും ആക്കി ഉയര്‍ത്തിയാലേ ചൈനയുടെ ജനസംഖ്യ സ്ഥിരതയോടെ നിര്‍ത്താനാവുമെന്ന കണക്കുകൂട്ടലിലാണ് നയം മാറ്റിയത്.