
ബീജിങ്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനു വേണ്ടി ചൈന വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയച്ചതായി റിപ്പോര്‍ട്ട്. കിമ്മിന്റെ ആരോഗ്യനില സംബന്ധിച്ച് പരസ്പര വിരുദ്ധമായ വാര്‍ത്തകള്‍ നിലനില്‍ക്കവെയാണ് ചൈന വിദഗ്ധ മെഡിക്കല്‍ സംഘത്തെ അയച്ചതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്റര്‍നാഷണല്‍ ലൈസണ്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ മുതിര്‍ന്ന അംഗത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യാഴാഴ്ച ബീജിംഗില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ചൈനീസ് സംഘത്തിന്റെ ഉത്തര കൊറിയ യാത്രയെക്കുറിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലം പ്രതികരിച്ചിട്ടില്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക് പോയതായി മൂന്ന് ചൈനീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഏപ്രില്‍ 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കിം ഗുരുതരാവസ്ഥയിലാണെന്ന് സിയോള്‍ ആസ്ഥാനമായുള്ള ഡെയ്ലി എന്‍.കെ ഉത്തര കൊറിയയിലെ പേരിടാത്ത ഒരു ഉറവിടത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദക്ഷിണ കൊറിയയും ചൈനയും കിമ്മിന്റെ ആരോഗ്യം സംബന്ധിച്ചുള്ള വാര്‍ത്തകളില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. യുഎസ് മാധ്യമങ്ങളും കിം ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.