2023 February 04 Saturday
‘കട്ടപ്പുറത്തെ കേരള സര്‍ക്കാര്‍’ ധവളപത്രം പുറത്തിറക്കി യു.ഡി.എഫ്; ഗുരുതര ആരോപണങ്ങള്‍

ഷിന്‍ജിയാങ്ങില്‍ താടിവയ്ക്കുന്നത് നിരോധിച്ച് സര്‍ക്കാര്‍

 

ബെയ്ജിങ്: ഉയിഗുര്‍ മുസ്‌ലിംകളുടെ മതവിശ്വാസങ്ങളെ അടിച്ചമര്‍ത്തുന്നതിനായുള്ള പുതിയ നിയമവുമായി ചൈനീസ് സര്‍ക്കാര്‍. താടിവയ്ക്കുന്നതിനെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകളാണ് ഉയിഗുറുകള്‍ കൂടുതല്‍ കൂടുതലായുള്ള ഷിന്‍ജിയാങ് പ്രവിശ്യയില്‍ അധികൃതര്‍ പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ചുള്ള തെളിവുകള്‍ ബി.ബി.സി വിഡിയോ സഹിതം പുറത്തുവിട്ടു. ചൈനീസ് റിപ്പോര്‍ട്ടര്‍ ജോണ്‍ സദ്‌വേത്താണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

വീടുകളുടെ ഗെയിറ്റുകളിലാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് കളറില്‍ നോട്ടിസ് പതിച്ചിരിക്കുന്നത്. നോട്ടിസില്‍ പത്ത് മതാചാരങ്ങള്‍ നിരോധിച്ചിട്ടുണ്ട്. യുവാക്കള്‍ താടിവയ്ക്കരുതെന്നാണ് പത്താം നിര്‍ദേശത്തില്‍ പറയുന്നത്. കൂടാതെ കെറിയ എന്ന നഗരത്തില്‍ രണ്ട് വര്‍ഷത്തിന് മുന്‍പ് കസാഖ് മുസ്‌ലിംകള്‍ ഉപയോഗിച്ചിരുന്ന പള്ളികളുടെ സ്ഥാനത്ത് ഇപ്പോള്‍ തരിശായ പ്രദേശമാണ്. സമീപത്ത് സഞ്ചരിക്കാന്‍ മാധ്യമപ്രവര്‍ത്തകനെ അധികൃതര്‍ അനുവദിച്ചില്ല. വേലികെട്ടി പ്രത്യേകം വേര്‍തിരിച്ചുള്ള ഈ പ്രദേശത്ത് റോഡ് പണി നടക്കുകയാണെന്നായിരുന്നു പൊലിസിന്റെ മറുപടി.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തുന്നതിന്റെ തൊട്ടുമുന്‍പ് വരെ ഇവിടെ ഗതാഗത യോഗ്യമായിരുന്നു. 2017 അവസാനം വരെ ഇവിടെയുണ്ടായിരുന്ന ആതിക പള്ളി ഇപ്പോള്‍ ദീര്‍ഘ ദൃശ്യങ്ങളിലോ മാപ്പുകളിലോ കാണാന്‍ സാധ്യമല്ല. ഇവിടങ്ങളില്‍ വാണിജ്യ സ്ഥാപനങ്ങളാണുള്ളത്. ഇതിന് സമീപമുണ്ടായിരുന്ന പഴയ ഉയിഗുര്‍ ഭവനങ്ങളും ഇടിച്ചുതകര്‍ത്തിട്ടുണ്ട്. ഇവിടങ്ങളില്‍ ആള്‍പാര്‍പ്പില്ല. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ നിരവധി വീടുകളുണ്ടായിരുന്നു. മാസങ്ങള്‍ക്കുള്ളിലാണ് ഇവ തകര്‍ത്തത്.

ഇദ് ഖാഹ് പള്ളിയില്‍ 2015ല്‍ നൂറുകണക്കിന് ആളുകള്‍ ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനായി എത്താറുണ്ടായിരുന്നു. ബി.ബി.സി തന്നെ നേരത്തെ തയാറാക്കിയ ഡോക്യുമെന്ററിയില്‍ പള്ളിയിലേക്ക് ആളുകള്‍ വരുന്നത് കാണാം. നീളന്‍ താടിയുള്ള പ്രായമായവരുള്‍പ്പെടെ നിരവധി മുസ്‌ലിംകള്‍ ഇവിടെ ഒരുമിച്ചുകൂടിയിരുന്നു. എന്നാല്‍ നാല് വര്‍ഷത്തിന് ശേഷം ഇവിടെ വീണ്ടും സന്ദര്‍ശിച്ചപ്പോള്‍ നിസ്‌കരിക്കാനെത്തിയ ചുരുങ്ങിയ ആളുകളില്‍ പള്ളി ഇമാം ഉള്‍പ്പെടെയുള്ളവര്‍ക്ക് താടിയില്ല.

മുഴുവനാളുകളും താടിവടിച്ചവരായിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഷിന്‍ജിയാങ് പ്രവിശ്യയിലെ ഇമാമിനെ നിയമിക്കാന്‍ സാധിക്കുകയുള്ളൂ. തടങ്കല്‍ ക്യാംപുകളില്‍ അടയ്ക്കുമെന്ന ഭയമുള്ളതിനാല്‍ വിശ്വാസികള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടികള്‍ തുറന്നുപറയാന്‍ ആരും തയാറാവില്ല. 15 ലക്ഷത്തോളം മുസ്‌ലിംകള്‍ തടങ്കല്‍ ക്യാംപുകളിലുണ്ടെന്നാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്.

ക്യാംപുകളിലുള്ളവര്‍ കുറ്റകൃത്യങ്ങളിലൊന്നും പങ്കെടുത്തവരല്ല. മതം വിശ്വസിച്ചു എന്നത് മാത്രമാണ് ഇവര്‍ക്കെതിരേയുള്ള കുറ്റം. തീവ്രചിന്താഗതി മാറ്റാനാണ് ക്യാംപില്‍ അടച്ചതെന്നാണ് അധികൃതരുടെ വാദം. ഷിന്‍ജിയാങ്ങിലെ തടങ്കല്‍ ക്യാംപുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനക്ക് മേല്‍ യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നെങ്കിലും തങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് അവരുടെ മറുപടി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.