
ന്യൂയോര്‍ക്ക്: സിന്‍ജിയാങ്ങില്‍ ഉയിഗൂറുകളെയും മറ്റു മുസ്ലിം ന്യൂനപക്ഷങ്ങളെയും ചൈന വംശഹത്യ നടത്തിയതാവാമെന്നും ഇതിന്റെ തെളിവുകള്‍ ലഭിച്ചതായും യു.എസ് കോണ്‍ഗ്രസിന്റെ അന്വേഷണ സമിതി. കോണ്‍ഗ്രഷനല്‍ എക്സിക്യൂട്ടീവ് കമ്മീഷന് ഓണ്‍ ചൈന (സി.ഇ.സി.സി) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സ്വയംഭരണ പ്രദേശമായ സിന്‍ജിയാങില്‍ നിന്ന് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും വംശഹത്യ നടപ്പാക്കിയതിന്റെയും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്ട്ര മനുഷ്യാപകാശ ലംഘനങ്ങളുടെ നഗ്നമായ ലംഘനമാണ് സിന്‍ജിയാങില്‍ ചൈന നടത്തുന്നത്. ഉയിഗൂറുകള്ക്കെതിരേ ചൈന നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും അനധികൃത തടങ്കലും അവസാനിപ്പിക്കാന്‍ ചൈനയ്ക്കു മേല്‍ യു.എസ് സമ്മര്‍ദം ചെലുത്തണമെന്നും റിപോര്‍ട്ട് ആവശ്യപ്പെടുന്നു.
ഉയിഗൂര്‍ മുസ്്ലിംകളെക്കൊണ്ട് നിര്‍ബന്ധിത തൊഴിലെടുപ്പിക്കുന്നതായതിനാല് സിന്‍ജിയാങ്ങില്‍ നിന്നുള്ള പരുത്തി, തക്കാളി എന്നിവയ്ക്ക് യു.എസ് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞവര്‍ഷം സിന്‍ജിയാങ്ങില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെ പശ്ചാത്തലത്തില്‍ ജോ ബൈഡന് ഭരണകൂടം ചൈനക്കെതിരേ കടുത്ത നടപടികളെടുക്കണമെന്ന് സി.ഇ.സി.സി അധ്യക്ഷന്‍ ജിം മക് ഗൊവേണ് ആവശ്യപ്പെട്ടു.