
ബീജിങ്: ചെങ്ക്ടുവിലെ യു.എസ് കോണ്‍സുലേറ്റ് അടക്കാന്‍ ഉത്തരവിട്ട് ചൈന. ഹൂസ്റ്റണിലുള്ള ചൈനീസ് കോണ്‍സുലേറ്റ് അടച്ചിടാന്‍ യു.എസ് ഉത്തരവിട്ടതിനു മറുപടിയായാണ് ചൈനയുടെ നീക്കം.
ഒരു കാരണവുമില്ലാത്ത യു.എസിന്റെ നടപടിക്കെതിരെ അത്യാവശ്യമായ മറുപടിയാണ് നല്‍കിയതെന്ന് കോണ്‍സുലേറ്റ് അടച്ചുകൊണ്ടുള്ള ഉത്തരവിനു ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ചൈന- യു.എസ് തമ്മിലുള്ള നിലവിലെ സ്ഥിതി ചൈന ആഗ്രഹിക്കുന്നതല്ലെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എല്ലാത്തിനും കാരണക്കാര്‍ യു.എസ് ആണെന്നും പ്രസ്താവനയില്‍ പറഞ്ഞു.
തെറ്റായ തീരുമാനത്തില്‍ നിന്ന് പിന്മാറാന് യു.എസിനോട് ഒരു പ്രാവശ്യം കൂടി അഭ്യര്‍ഥിക്കുന്നതായും ഉഭയകക്ഷി ബന്ധം തുടര്‍ന്നുപോവാന്‍ സഹകരിക്കണമെന്നും മന്ത്രാലയം പറഞ്ഞു. ‘ബൗദ്ധിക ആസ്തി’ മോഷ്ടിച്ചുവെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണത്തിനു പിന്നാലെയാണ് പുതിയ നടപടി.
കൊവിഡിനെച്ചൊല്ലിയുള്ള വാക്പോരിന്റെയും വ്യാപാരയുദ്ധത്തിന്റെയും തുടര്‍ച്ചയായാണ് യു.എസ് ചൈനയ്ക്കെതിരെ കരുനീക്കം നടത്തിയത്. ഒപ്പം ദക്ഷിണ ചൈനീസ് കടലിലെ അതിര്‍ത്തി ഉടമസ്ഥാവകാശ പ്രശ്നവും ഇരു രാജ്യങ്ങളും തമ്മില്‍ ഉടക്കിലാവാന് കാരണമായി.