2020 October 25 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

Editorial

അതിര്‍ത്തിയില്‍നിന്ന് പിന്മാറാതെ ചൈന


 

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും പിന്മാറിയെന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. പാംഗോംഗില്‍നിന്ന് ഇതുവരെ പിന്മാറാതിരിക്കുന്ന ചൈന അവിടെത്തന്നെ തുടരാനായി നടത്തിയ നിഗൂഢ ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രസ്താവന. അതിര്‍ത്തിയിലേക്കു കടന്നുകയറാന്‍ ചൈനയെ പ്രേരിപ്പിച്ചത് പെട്ടെന്നുണ്ടായ പ്രകോപനമല്ലെന്നു വ്യക്തമാകുന്ന സംഭവങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഇതില്‍ ഏറ്റവും അവസാനത്തേതാണ് ചൈനയിലെ കാഷ്ഗര്‍ വ്യോമതാവളത്തിലെ ഭൂഗര്‍ഭ അറയില്‍ ആണവായുധങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന വാര്‍ത്ത. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങുന്നതിനു മുന്‍പ് ജൂണില്‍ തന്നെ ഭൂഗര്‍ഭ അറയില്‍ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ചൈന ഒരുക്കിയതായാണ് വ്യക്തമാകുന്നത്. ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള എച്ച്-6 യുദ്ധവിമാനങ്ങള്‍ കാഷ്ഗര്‍ വ്യോമതാവളത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്. ഇതെല്ലാം മറച്ചുവച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസവും സേനാ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ചയില്‍ ചൈന പങ്കെടുത്തത്. ഒരുവശത്ത് സൈനികസന്നാഹം നടത്തുകയും മറുവശത്ത് സൈനികതലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയും ചെയ്യുന്ന ചൈനയെ വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല. ലേ ആസ്ഥാനമായുള്ള 14 സേനാ കോര്‍ മേധാവി ലഫ്. ജനറല്‍ ഹരീന്ദര്‍ സിങ്, ചൈനയുടെ മേജര്‍ ജനറല്‍ ലിയു ലിന്‍ എന്നിവര്‍ തമ്മിലായിരുന്നു ചൈനീസ് ഭാഗത്തുള്ള മോള്‍ഡോയില്‍ കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയത്. ഇവര്‍ തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ചര്‍ച്ചകളിലൊന്നും ചൈന പിന്മാറ്റത്തിനു സന്നദ്ധമായിട്ടില്ല. ഇത്തരമൊരവസരത്തില്‍ ചര്‍ച്ചകള്‍ക്കൊപ്പം അതിര്‍ത്തിയില്‍ ശക്തമായ പ്രതിരോധം തുടരുകയെന്ന നയമാണ് ഇന്ത്യയ്ക്കു കരണീയം.
ചൈന വളരെ ഗോപ്യമായി ഇന്ത്യയ്‌ക്കെതിരേ ആയുധ സജ്ജീകരണങ്ങള്‍ നടത്തുമ്പോള്‍ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയതിനെ ആഘോഷിക്കേണ്ടതുണ്ടോ ? 20 വര്‍ഷം മുന്‍പ് ഇന്ത്യ റഷ്യയില്‍ നിന്ന് സുഖോയ് യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നു. അന്നൊന്നുമില്ലാത്ത ആഘോഷം ഇപ്പോള്‍ നടത്തുന്നതിലൂടെ രാജ്യസുരക്ഷാ വിഷയങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനു ബലം പകരുകയാണ്.

ഭൂരിഭാഗം സ്ഥലങ്ങളില്‍ നിന്നും പിന്മാറിയെന്ന് ചൈന പ്രസ്താവന ഇറക്കുമ്പോഴും അതിര്‍ത്തിപ്രദേശമായ ലഡാക്കിലെ പാംഗോംഗ് തടാകത്തോട് ചേര്‍ന്നുള്ള മലനിരകളില്‍ സൈനിക സന്നാഹം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ചൈനയിലെ കാഷ്ഗര്‍ വ്യോമതാവളത്തില്‍ ആണവായുധ സജ്ജീകരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ചൈന പരമരഹസ്യമായി നടത്തുമ്പോള്‍ അഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങള്‍ നിലംതൊടുമ്പോഴേക്കും അതു കൊട്ടിഘോഷിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഗുണം ചെയ്യുമോ ?

ഇന്ത്യാ ടുഡേയാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ പഠനത്തിന് വിധേയമാക്കി ആണവായുധങ്ങള്‍ വഹിക്കാന്‍ കെല്‍പ്പുള്ള എച്ച്-6 ചൈനീസ് യുദ്ധവിമാനങ്ങള്‍ ജൂണ്‍ മുതല്‍ കാഷ്ഗര്‍ വ്യോമതാവളത്തിലെ ഭൂഗര്‍ഭ അറയില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. അതായത്, യുദ്ധമുണ്ടായാല്‍ ചൈന ആണവായുധം ഉപയോഗിക്കാന്‍ മടിക്കില്ലെന്നു വേണം ഇതില്‍നിന്ന് മനസിലാക്കാന്‍. ദക്ഷിണ ചൈനാ കടലില്‍ ചൈന ഈയിടെ നടത്തിയ സൈനികാഭ്യാസത്തില്‍ എച്ച്-6 ബോംബറുകള്‍ പങ്കെടുത്തിരുന്നുവെന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കാഷ്ഗര്‍ വ്യോമതാവളത്തില്‍ നിന്ന് ഇന്ത്യയുമായി അതിര്‍ത്തിപങ്കിടുന്ന കാരക്കോറം പാസിലേക്ക് 475 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളൂ. പാംഗോംഗ് വ്യോമതാവളത്തിലേക്കാകട്ടെ, 690 കിലോമീറ്ററും. കിഴക്കന്‍ ലഡാക്കിലെ വ്യോമതാവളത്തിലേക്ക് 490 കിലോമീറ്ററും. സൈനിക തയാറെടുപ്പുകള്‍ സാറ്റ്‌ലൈറ്റ് നിരീക്ഷണത്തില്‍ പെടാതിരിക്കാന്‍ ഉതകുന്നതും ശത്രുവിന്റെ നേരിട്ടുള്ള ആക്രമണം ചെറുക്കാന്‍ പര്യാപ്തവുമാണ് കാഷ്ഗറില്‍ ചൈന പണിതീര്‍ത്ത ഭൂഗര്‍ഭ അറ.
ആദ്യം ആണവായുധം ഉപയോഗിക്കുന്ന രാജ്യം തങ്ങളായിരിക്കില്ലെന്ന ചൈനയുടെ വാക്കുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വച്ച് നോക്കുമ്പോള്‍ എത്രമാത്രം വിശ്വാസയോഗ്യമാണ്? പാംഗോംഗ് തടാകക്കരയില്‍ 13 സേനാ ബോട്ടുകളാണ് ചൈന സജ്ജമാക്കിയിരിക്കുന്നത്. ഒരു ബോട്ടില്‍ പത്ത് സൈനികരെ ഇവര്‍ക്ക് എത്തിക്കാനാകും. ഇവരെ പാര്‍പ്പിക്കാന്‍ നാല്‍പ്പതോളം ടെന്റുകളും നിര്‍മിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍ ലിപുലേഖ് ചുരത്തിനു സമീപവും ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുകയാണ്. പ്രദേശം തങ്ങളുടേതാണെന്നാണ് നേപ്പാളിന്റെ വാദം. ലിപുലേഖ് നേപ്പാളിന്റെ ഭാഗമാക്കി അവര്‍ ഭൂപടവും പ്രസിദ്ധീകരിച്ചിരുന്നു. നേപ്പാളിന് ഇതിനൊക്കെ ധൈര്യം പകരുന്നത് ചൈനയാണ്. നേപ്പാളുമായുള്ള ബന്ധം ശക്തമാക്കാന്‍ ശ്രമിക്കുമെന്ന ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ പ്രസ്താവന വന്നത് കഴിഞ്ഞ ദിവസമാണ്.

1962ലെ ഇന്ത്യയല്ല 2020ലെ ഇന്ത്യയെന്ന ബോധ്യം ചൈനയ്ക്കുണ്ട്. അതിനാലാണ് നേപ്പാളിനെ പോലുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ച് അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറിയ ചൈനയെ തുരത്തുന്നതുവരെ ഇന്ത്യന്‍ സൈനിക സന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിക്കണം. സംഘര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സ്ഥിതി പൂര്‍ണമായി പുനഃസ്ഥാപിക്കുന്നതുവരെ ഇന്ത്യന്‍ സേന ജാഗരൂകരായി തുടരുമെന്ന സേനാവൃത്തങ്ങളുടെ വാക്കുകള്‍ ഇന്ത്യന്‍ ജനതയ്ക്ക് പകരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.