2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നാളെ ശിശുദിനം: സംരക്ഷകര്‍ തന്നെ സംഹാരികളാകുന്നു

  • കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധന

സല്‍മ. സി

കോഴിക്കോട്: ഉദ്യാനത്തിലെ പൂമൊട്ടുകളാണ് കുഞ്ഞുങ്ങളെന്ന് വിശേഷിപ്പിച്ച മുന്‍ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മജദിനമായ നവംബര്‍ 14 നാളെ  ഇന്ത്യയില്‍ ശിശു ദിനമായി ആചരിക്കുന്നു. ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്‍ എന്ന് വിശ്വസിച്ച അദ്ദേഹം കുഞ്ഞുങ്ങളോട് സംസാരിക്കുന്നതിലൂടെ ആനന്ദവും സമാധാനവും കണ്ടെത്തി. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ട് വന്നു. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കിയത് നെഹ്‌റുവിന്റെ കാലത്താലായിരുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ ഭക്ഷണവും പാലും സൗജന്യമായി നല്‍കുന്ന പദ്ധതിയും നടപ്പാക്കി. ഏറെ മാനസിക പ്രയാസം അനുഭവിക്കുന്ന സമയങ്ങളില്‍ കുട്ടികളോട് സംസാരിച്ചിരിക്കുന്നത് അദ്ദേഹത്തിന് ഏറെ സമാധാനം നല്‍കിയിരുന്നു.

എന്നാല്‍ ഇന്ന് കുഞ്ഞുങ്ങളോടുള്ള സമീപനത്തില്‍ ഏറെ മാറ്റമുണ്ടായി. കുട്ടികള്‍ക്കെതിരായ കുറ്റ കൃത്യങ്ങള്‍ വ്യാപകമായി വര്‍ധിച്ചു. സംരക്ഷിക്കേണ്ടവര്‍ തന്നെ കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന വാര്‍ത്തകളാണ് കോട്ട് കെണ്ടിരിക്കുന്നത്. കുഞ്ഞ് മക്കള്‍ക്ക് എല്ലാമെല്ലൊകേണ്ട സ്വന്തം മാതാപിതാക്കള്‍ തന്നെ അവരെ പല തരത്തിലുമുള്ള ക്രൂരതക്കിരയാക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ വില്‍പ്പന ചരക്കാകുന്ന മാതാപിതാക്കള്‍ വരെ ഉണ്ടെന്ന് നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞു.
ദിവസവും പല പേരിലുള്ള കുഞ്ഞുങ്ങളെ വാര്‍ത്തകളിലൂടെ നമ്മടെ മുന്പിലെത്തുന്നു. 151 മുറിവുകളുമായി ആശുപത്രിയില്‍ എത്തിയ ഷഫീഖിനെ നമ്മളില്‍ പലരും മറക്കാനിടയില്ല. അമ്മയാല്‍ കലുങ്കില്‍ എറിയപ്പെട്ട് കെല്ലപ്പെട്ട കുഞ്ഞ്, അമ്മ വാഷിങ് മെഷീനിലിട്ട് കൊന്ന ഒരു മാസം പോലും പ്രായമാകാത്ത കുഞ്ഞ്, പിതാവ് നൂല്‌കെട്ട് ദിവസം പുഴയിലെറിഞ്ഞ് കൊന്ന കുഞ്ഞ്, ഇങ്ങനെ നമ്മളെ അത്ഭുതപ്പെടുത്തിയ മാതാപിതാക്കളും നൊമ്പരപ്പെടുത്തിയ കുഞ്ഞുങ്ങളും അനവധിയാണ്.

മാതാപിതാക്കള്‍ അറിഞ്ഞും അറിയാതെയും കുഞ്ഞുങ്ങളെ ആക്രമിക്കുകയും മറ്റ് അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുന്ന അടുത്ത ബന്ധുക്കളും അകന്ന ബന്ധുക്കളും നിരവധി. കൂടാതെ അയല്‍വാസികള്‍, അധ്യാപകര്‍ ഇങ്ങനെ തുടങ്ങി കുഞ്ഞുങ്ങളെ പല തരത്തില്‍ ഇല്ലാതാക്കുന്ന കാപട്യക്കാര്‍. സ്‌നേഹം നടിച്ച് കുഞ്ഞുങ്ങള്‍ക്ക് തിരിച്ചറിയാത്ത പ്രായം മുതല്‍ അവരെ നീചമായ കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നവര്‍.

ഇത്തരം പീഡനമനുഭവിക്കുന്ന കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചൈല്‍ഡ് ലൈന്‍. ഏതെങ്കിലും കുട്ടി ആപത്തില്‍പ്പെട്ടുവെന്ന വിവരം ലഭിച്ചാല്‍ 60 മിനിറ്റുകള്‍ക്കുള്ളില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുട്ടിയുടെ സുരക്ഷ ഏറ്റെടുക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും ഇവരുടെ സേവനം ലഭ്യമാണ്. ചൈല്‍ഡ്‌ലൈനിന്റെ പുതിയ കണക്ക് പ്രകാരം കേരളത്തില്‍ 1208 കേസുകളാണ് റിപ്പേര്‍ട്ട് ചെയ്തത്. 158 കേസുമായി എറണാകുളമാണ് ഒന്നാം സ്ഥാനത്ത്.രണ്ടും മൂന്നും സ്ഥാനത്ത് പത്തനംതിട്ട (106) മലപ്പുറം (97) ജില്ലകളാണ്. ഇതില്‍ പലതരത്തിലുള്ള ആക്രമങ്ങള്‍പെടും, ശാരീരികം, മാനസികം, ലൈംഗികം അങ്ങനെ പലമാനങ്ങളിലുള്ളവ.

പീഡനങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുന്നതുകൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംഭവങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. വ്യക്തിത്വവൈകല്യമുള്ള രക്ഷിതാക്കളില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. വേദനിപ്പിക്കപ്പെടുന്ന ഇരയുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ഇത്തരം ആളുകള്‍. കുട്ടികളുടെ വ്യക്തിത്വത്തെ മാനിക്കാന്‍ ഇവര്‍ക്ക് കഴിയാതെ പോകുന്നു. കൂടാതെ കുട്ടികളിലെ അച്ചടക്കമില്ലായ്മ രക്ഷിതാക്കളെ പ്രകോപിപ്പിക്കുകയും ചെയ്യും. വളരെ ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ട ഒരുതരം മാനസിക പ്രശ്‌നമാണ് കുട്ടികളില്‍ കണ്ടുവരുന്ന ‘അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍’. ഇത്തരം പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് സ്വന്തം മാനസിക വ്യാപാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവുണ്ടാവുകയില്ല. ഒരു സ്ഥലത്തും അടങ്ങിയിരിക്കുന്ന പ്രകൃതക്കാരാവില്ല ഇവര്‍. ഇത് കൗണ്‍സിലറെ കണ്ട് ചികിത്സിക്കേണ്ടതും മാതാപിതാക്കള്‍ ഏറെ ക്ഷമാശീലരാകല്‍ അനിവാര്യവുമാണ്.

കുട്ടികളെ ആക്രമിക്കുന്ന മറ്റു ബന്ധുക്കളില്‍ നിന്നും അല്ലാത്തവരില്‍ നിന്നും അവരെ രക്ഷിക്കുക തന്നെ വേണം. ഒരു തരത്തിലും വിശ്വാസയോഗ്യരല്ലാത്തവരെ നാം മക്കളെ ഏല്‍പ്പിച്ച് പോകരുത്. അവര്‍ നമ്മുടെ സുരക്ഷിതത്വത്തില്‍ തന്നെ നില്‍ക്കട്ടെ. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നിയമത്തിന് മുമ്പില്‍ കെണ്ട്‌വരിക തന്നെ വേണം. അത് അടുത്ത ബന്ധുവായാലും അല്ലെങ്കിലും.

നാളെയുടെ പ്രതീക്ഷകളായ കുഞ്ഞുങ്ങളെ നാം ഒരിക്കലും മുളയിലെ നുള്ളി നോവിക്കരുത്. അവരെ അവരുടെ ലോകത്ത് പാറിപ്പറന്ന് ജീവിക്കാന്‍ അനുവദിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.