ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനിടെ 2,170 പേര്‍ അറസ്റ്റിലായതായി സംസ്ഥാന പൊലിസ് വക്താവ് പ്രശാന്തകുമാര്‍ ഭൂഷണ്‍. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച രാവിലെ വരെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തത്. നടപടികള്‍ തുടരുകയാണെന്നും എണ്ണം ഇനിയും ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് 4,074 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ഡി.ജിപി ജി.പി സിങ് വെള്ളിയാഴ്ച പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. അറസ്റ്റിലായവരില്‍ 52 പേര്‍ പുരോഹിതന്‍മാരാണ്.
വ്യാപകവും വിട്ടുവീഴ്ചയില്ലാത്തതുമായ നടപടികള്‍ തുടരാന്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നു. വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നവരും കാര്‍മികത്വം വഹിക്കുന്ന പുരോഹിതന്മാരും നടപടി നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
14 വയസ്സിന് താഴെയുള്ളവരെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും 14-18 വയസ് പ്രായമുള്ളവരെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കാന്‍ അസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
Comments are closed for this post.