2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുഖ്യമന്ത്രിക്കാശ്വാസം; സ്വര്‍ണം, ഡോളര്‍ കടത്ത് ഹരജിയും ദുരിതാശ്വാസ നിധി കേസിലെ റിവ്യു ഹരജിയും തള്ളി, നീതികിട്ടുംവരേ പോരാട്ടം തുടരുമെന്ന്‌ പരാതിക്കാരന്‍

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളിലും ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലും മുഖ്യമന്ത്രിക്ക് ആശ്വാസം. രണ്ടു ഹരജികളും തള്ളി. സ്വര്‍ണക്കടത്ത് കേസിലെ ഹരജി ഹൈക്കോടതിയും ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലെ റിവ്യു ഹരജി ലോകായുക്തയും തള്ളി.
സ്വര്‍ണം, ഡോളര്‍ കടത്ത് ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് ബെച്ചു കുര്യനാണ് തള്ളിയത്. എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനായിരുന്നു ഹരജിക്കാരന്‍. നേരത്തെ കോടതി തീര്‍പ്പ് പറഞ്ഞ വിഷയത്തില്‍ വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടാന്‍ വിധം പുതിയ തെളിവുകള്‍ ഹരജിക്കാരന്‍ ഹാജരാക്കിയിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പൊതുതാത്പര്യമുള്ള വിഷയമല്ല ഹരജിക്കാരന്‍ ഉന്നയിച്ചതെന്ന് കോടതിക്ക് അഭിപ്രായമില്ലെന്നും കോടതി പറഞ്ഞു.
ഹരജി നിലനില്‍ക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി ശരിവെച്ചു. അതേ സമയം പ്രതീക്ഷിച്ച വിധിയാണിതെന്നും കേസില്‍ ഹൈക്കോടതിയെ സമീപ്പിക്കുമെന്നും നീതികിട്ടുംവരേ പോരാട്ടം തുടരുമെന്നും പരാതിക്കാരന്‍ വ്യക്തമാക്കി.

അതേ സമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിന്റെ റിവ്യൂ ഹരജിയാണ് ലോകായുക്തതള്ളിയത്. പുനപ്പരിശോധനാ ഹരജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. കേസ് ഫുള്‍ബഞ്ച് തന്നെ പരിഗണിക്കുമെന്നും ലോകായുക്ത ഹരജി തള്ളിക്കൊണ്ട് വ്യക്തമാക്കി.
സ്വര്‍ണം, ഡോളര്‍ കടത്ത് കേസില്‍ അന്വേഷണം ശരിയായ രീതിയിലല്ല എന്ന വാദത്തിന് അടിസ്ഥാനമില്ല. അന്വേഷണത്തിന് കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിക്കാന്‍ തെളിവുകളൊന്നും ഹരജിക്കാരന്‍ ഹാജരാക്കിയിട്ടില്ല കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിന്റെയും ഇഡിയുടെയും അന്വേഷണം ശരിയായ ദിശയിലാണ്. അന്വേഷണ സമയത്തു ഉന്നതര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അന്വേഷണം നടക്കില്ലെന്ന ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കോടതി പറഞ്ഞു. നിങ്ങള്‍ എത്ര ഉന്നതന്‍ ആയാലും നിയമം അതിനും മുകളിലാണെന്നും കോടതി ഹര്‍ജിക്കാരനെ ഓര്‍മ്മിപ്പിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.