തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തില്‍ മുപ്പതിനായിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പതിനാലായിരം വീടുകളിലും സേവനം ലഭ്യമാകും.ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം. എംഎല്‍എമാരോടും എംപിമാരോടും തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളോടും പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കുക, കേരളത്തിന്റെ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തവും കാര്യക്ഷമവുമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും. ഇതിന്റെ ആദ്യഘട്ടമായി കേരളത്തിലെ 140 മണ്ഡലങ്ങളിലെ 14,000 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കും. വിഷുക്കൈനീട്ടമായി 7,080 കുടുംബങ്ങള്‍ക്ക് കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫിസുകള്‍ തുടങ്ങി 30,000ത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കെഫോണ്‍ വഴി ഇന്റര്‍നെറ്റ് എത്തും. ഇതുവരെ 26,542 ഓഫിസുകളില്‍ കണക്ഷന്‍ നല്‍കുകയും 17,155 ഓഫീസുകളില്‍ കെഫോണ്‍ കണക്ഷന്‍ സജീവമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. കൊച്ചി ഇന്‍ഫോ പാര്‍ക്കിലാണ് കെ ഫോണിന്റെ ഓപ്പേററ്റിംഗ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ടരലക്ഷം വാണിജ്യ കണക്ഷന്‍ നല്‍കി പദ്ധതി ലാഭത്തിലാക്കാനാകുമെന്നാണ് സര്‍ക്കാറിന്റെ കണക്കുകൂട്ടല്‍.
1500 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണു കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്‌ഐടിഐഎല്‍), കെഎസ്ഇബി എന്നിവര്‍ ചേര്‍ന്നു കെഫോണ്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഉദ്ഘാടനത്തിനു ശേഷം കെഫോണ്‍ ആപ് പ്ലേസ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമാകും. മൂന്നു മാസത്തിനകം വാണിജ്യ കണക്ഷനുകളിലേക്കു കടക്കുമെന്നു കെഫോണ്‍ എം ഡി ഡോ. സന്തോഷ്ബാബു പറഞ്ഞു. ബിഎസ്എന്‍എല്ലിന്റെ സ്‌പെക്ട്രം ഉപയോഗപ്പെടുത്തി 5 ജി സേവനം ലഭ്യമാക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. തുടക്കത്തില്‍ ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട് അപ് മിഷന്‍ എന്നിവിടങ്ങളില്‍ പ്രോജക്ട് നടപ്പിലാക്കാനാണ് തീരുമാനം. പിന്നാലെ ഇത് വീടുകളിലേക്ക് നല്‍കാനും പദ്ധതിയുണ്ട്.
പുതിയ കണക്ഷന്‍ എങ്ങനെയെടുക്കാം
*പുതുതായി കണക്ഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫോണില്‍ കെഫോണ്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യണം.
*ആപ്പ് തുറന്ന് ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം.
*ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.
*കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ്‌വര്‍ക് പ്രൊവൈഡര്‍മാരെ ഏല്‍പിക്കും.
Comments are closed for this post.