അഹമ്മദാബാദ്: കോഴി മൃഗമാണോ പക്ഷിയാണോ എന്ന ഗുജറാത്ത് ഹൈക്കോടതിയുടെ സംശയത്തിന് മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. കോഴികള്‍ നിയമപ്രകാരം മൃഗങ്ങളുടെ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരം കോഴിയും അതേ ഇനത്തില്‍പെടുന്ന പക്ഷികളും മൃഗവിഭാഗത്തില്‍ പെടുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.
അങ്ങനെയെങ്കില്‍ കോഴിക്കടകള്‍ക്ക് നിയമം പൂര്‍ണമായി പാലിക്കാന്‍ വെറ്റിനറി ഡോക്ടര്‍മാരെ ഏല്‍പ്പിക്കേണ്ടി വരുമെന്നാണ് കോഴിക്കടക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പേഴ്‌സ് കവീനയുടെ പ്രതികരണം.
കശാപ്പുശാലകള്‍ക്ക് പകരം കോഴികളെ ഇറച്ചുക്കോഴി വില്‍ക്കുന്ന കടകളില്‍ വച്ച് കൊല്ലുന്നതിനെതിരെ സന്നദ്ധസംഘടനകളായ അനിമല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, അഹിംസാ മഹാ സംഘ് എന്നിവരാണ് പൊതുതാല്‍പര്യ ഹരജിയുമായി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് അനുമതിയില്ലാത്ത ഇറച്ചിക്കടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഹൈക്കോടതി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് പല ഇറച്ചിക്കടകളും പൂട്ടേണ്ടിവന്നതോടെ കോഴിക്കടകളുടെ ഉടമകളും കോടതിയെ സമീപിച്ചിരുന്നു.
അതിനിടെ, കേസ് പരിഗണിക്കുമ്പോഴാണ് നിയമപ്രകാരം കോഴി പക്ഷിയാണോ മൃഗമാണോ എന്നതില്‍ സംശയമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
അതേസമയം, കേസില്‍ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയെന്താവും എന്നതാണ് എല്ലാവരും കൗതുകത്തോടെ കാത്തിരിക്കുന്നത്. കോഴിയെ മൃഗമായി പരിഗണിക്കുമെന്നാണ് കോടതിയുടെ വിധിയെങ്കില്‍ കോഴിക്കടകള്‍ ഇനി തുറക്കാന്‍ കഴിയില്ല. കശാപ്പ് ശാലകളില്‍ മാത്രമേ കോഴിയെ കൊല്ലാന്‍ സാധിക്കുകയുള്ളു.
Comments are closed for this post.