റായ്‌പൂർ: നക്സലൈറ്റുകൾ സ്ഥാപിച്ച പ്രഷർ ഇംപ്രോവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം (ഐഇഡി) പൊട്ടിത്തെറിച്ച് പൊലിസുകാരൻ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡ് സായുധ സേനയിലെ (സിഎഎഫ്) ഹെഡ് കോൺസ്റ്റബിൾ സഞ്ജയ് ലഖ്രയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള നാരായൺപൂർ ജില്ലയിലാണ് സംഭവം.
നാരായൺപൂർ ജില്ലയിലെ ഓർച്ച പോലീസ് സ്റ്റേഷൻ പരിധിയിലെ ബതും ഗ്രാമത്തിന് സമീപം രാവിലെ ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് നാരായൺപൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് ഹേംസാഗർ സിദാർ പറഞ്ഞു.
പ്രദേശത്ത് നക്സലൈറ്റുകൾ ബാനറുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന്, ഓർച്ച പോലീസ് സ്റ്റേഷനിൽ നിന്ന് സിഎഎഫ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. സിഎഎഫ്ന്റെ 16-ാം ബറ്റാലിയനിലെ ഹെഡ് കോൺസ്റ്റബിൾ സഞ്ജയ് ലഖ്ര, നക്സലൈറ്റുകൾ സ്ഥാപിച്ച ഒരു ഐഇഡി കണക്ഷനിൽ അശ്രദ്ധമായി സമ്മർദ്ദം ചെലുത്തിയത് സ്ഫോടനത്തിന് കാരണമാവുകയായിരുന്നു. അപകടം നടന്ന ഉടൻ ആശുപതിയിൽ എത്തിച്ചെങ്കിലും അതിനുമുൻപ് തന്നെ മരണം സംഭവിച്ചിരുന്നു.
ഛത്തീസ്ഗഡിൽ നക്സലൈറ്റ് ആക്രമണത്തിൽ ഈ മാസം മാത്രം കൊല്ലപ്പെടുന്ന ആറാമത്തെ പൊലിസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് ലഖ്ര. ശനിയാഴ്ച സംസ്ഥാനത്തെ സുക്മ ജില്ലയിൽ നക്സലൈറ്റുകളുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് പൊലിസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 20ന് രാജ്നന്ദ്ഗാവ് ജില്ലയിൽ നക്സലൈറ്റ് ആക്രമണത്തിൽ രണ്ട് പൊലിസുകാർ കൊല്ലപ്പെട്ടിരുന്നു.
Comments are closed for this post.