2024 February 28 Wednesday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

ചെറുവാടി:അധിനിവേശവിരുദ്ധപോരാട്ടത്തിന്റെ ചരിത്രഭൂമി

മുജീബ് തങ്ങൾ കൊന്നാര്

ചെറുവാടിയുടെ മറുകരയിലുള്ള ചാലിയപ്രം പള്ളിയില്‍ ബ്രിട്ടിഷ് പട്ടാളം വിശുദ്ധ ഖുര്‍ആന്‍ അഗ്‌നിക്കിരയാക്കിയത് പൂക്കോയ തങ്ങളുടെ ശിഷ്യൻ ഉണ്ണി മൊയ്തീന്‍കുട്ടി അധികാരിയെ വേദനിപ്പിച്ചു. തുടർന്ന് അധികാരിപ്പണി വലിച്ചെറിഞ്ഞ് വില്ലേജ് ഓഫിസിലെ റിക്കാര്‍ഡുകള്‍ തീവച്ചാണ് ഈ ദേശാഭിമാനി ഖിലാഫത്ത് പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്.

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പഞ്ചായത്തിൽ ചാലിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് ചെറുവാടി. വിരേതിഹാസങ്ങളുടെ വിസ്മയഭൂമിയാണ് ഈ പുഴയോര ഗ്രാമം. 1921ലെ മലബാർ സമരം ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 220 ഗ്രാമങ്ങളിലേക്കു പടർന്നുപിടിച്ചപ്പോൾ ചെറുവാടിയും അതിൽ സജീവമായി പങ്കാളിയായി.
1921 ഒക്ടോബർ 11നു കൊന്നാരിൽ നടന്ന ബ്രിട്ടിഷ് വിരുദ്ധ പോരാട്ടത്തിന്റെ തുടർച്ചയായിരുന്നു ചെറുവാടിയിലെ ലഹള. കട്ടാടൻ ഉണ്ണി മൊയ്തീൻകുട്ടി അധികാരിയുടെ നേതൃത്വത്തിലായിരുന്നു ചെറുവാടിയിലെ ജനങ്ങൾ ബ്രിട്ടിഷ് സർക്കാരിനെതിരേ സന്ധിയില്ലാസമരം നടത്തിയത്.
ചെറുവാടിയുടെ മറുകരയിലുള്ള ചാലിയപ്രം പള്ളിയിൽ കയറി ബ്രിട്ടിഷ് പട്ടാളം വിശുദ്ധ ഖുർആൻ അഗ്‌നിക്കിരയാക്കിയതും ഖാസിയും സൂഫിവര്യനുമായ സയ്യിദ് ഹസ്സൻ പൂക്കോയ തങ്ങൾ ബുഖാരിയെ ആക്രമിച്ചതും പൂക്കോയ തങ്ങളുടെ ശിഷ്യനായ ഉണ്ണി മൊയ്തീൻകുട്ടി അധികാരിയെ വേദനിപ്പിച്ചു. ഈ പശ്ചാത്തലത്തിൽ ചെറുവാടിയിൽ യോഗം വിളിച്ചുകൂട്ടി. അദ്ദേഹം തന്നെ പ്രസിഡന്റായി ഖിലാഫത്ത് കമ്മിറ്റിയും രൂപീകരിച്ചു. അധികാരിപ്പണി വലിച്ചെറിഞ്ഞ് വില്ലേജ് ഓഫിസിലെ റിക്കാർഡുകൾ തീവച്ചാണ് ഈ ധീരദേശാഭിമാനി ഖിലാഫത്ത് പ്രസ്ഥാനവുമായി രംഗപ്രവേശനം ചെയ്തത്.
1921 നവംബർ 11നു വൈകുന്നേരം എഴുന്നൂറോളം വരുന്ന മാപ്പിളസൈന്യം ഉണ്ണി മൊയ്തീൻകുട്ടി അധികാരിയുടെ നേതൃത്വത്തിൽ ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളിയിൽ തടിച്ചുകൂടി. ആ ജനാവലിയോട് അദ്ദേഹം പ്രൗഢോജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി: പ്രിയപ്പെട്ട സേഹാദരങ്ങളെ, ഞാൻ ബ്രിട്ടിഷ് ഗവൺമെന്റിന്റെ ഒരു ഉദ്യോഗസ്ഥനാണ്. അതെ, ഈ അംശത്തിലെ അധികാരി. നമ്മുടെ ചാലിയപ്രം പള്ളിയിൽ പട്ടാളം കയറി വിശുദ്ധ ഖുർആനും മറ്റും ചുട്ടുചാമ്പലാക്കിയ വസ്തുത എന്നെപ്പോല നിങ്ങളും അറിഞ്ഞിരിക്കുമേല്ലാ… നമ്മുടെ ഓമന സന്താനങ്ങളേക്കാളും ആത്മാവിനേക്കാളും നാം ബഹുമാനിക്കുന്ന ആരാധനാസ്ഥലമായ പള്ളിയും വിശുദ്ധ ഖുർആനെയും അവഹേളിക്കുക മാത്രമല്ല; നശിപ്പിക്കുകകൂടി ചെയ്തിട്ടുള്ള ഹൃദയവേദനയുണ്ടാക്കുന്ന സംഭവം അറിഞ്ഞ് ജീവിച്ചിരിക്കാൻ ഞാൻ ഇഷ്ടപ്പടുന്നില്ല. പട്ടാളേത്താട് എതിർത്തു ജയിക്കാൻ നമുക്കു സാധ്യമെല്ലന്നു വരികിലും നമ്മുടെ പ്രിയപ്പെട്ട മതത്തിനു വേണ്ടി വീരമരണമടയുന്നത് പുണ്യവും, നമ്മുടെ കഴിവിൽപ്പെട്ട കാര്യവുമാണ്. ഇതിന് സദുദ്ദേശ്യത്താട് കൂടിയ ധീരന്മാർ മാത്രം എന്നെ അനുഗമിക്കുക’.
പുളിയൻ ചാലി മോയിൻ, ചക്കിട്ടുക്കണ്ടിയിൽ മൊയ്തീൻ, പറയങ്ങാട്ട് മൊയ്തീൻ, തിരുമലേശ്ശരി കോയാമു, കൊളക്കാടൻ കീഴ്ക്കളത്തിൽ കോയാമു, ആലി വാക്കാലൂർ, മമ്മി കുനിയിൽ, പരേരിയിൽ മമ്മദ് ഉൾപ്പെടയുള്ള 59 (രക്തസാക്ഷികൾ 64 ആണെന്നും അഭിപ്രായമുണ്ട്) പേരുടെ ഖബർ ചരിത്രപ്രസിദ്ധമായ ചെറുവാടി ജുമാ മസ്ജിദിന് സമീപം സ്ഥിതിചെയ്യുന്നുണ്ട്. ചെറുവാടിയിൽ നടന്ന ഈ യുദ്ധത്തിൽ വെള്ളപ്പടയുടെ ഭാഗത്ത് ക്യാപ്റ്റൻ മാർസർ കൊല്ലപ്പെടുകയും 13 ശിപായിമാർക്ക് മുറിവേറ്റതുമായാണ് ഔദ്യോഗിക കണക്ക്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.