2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഗുരുതര ചട്ടലംഘനം;അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കും, തോമസ് ഐസക്കിനെതിരേ ആഞ്ഞടിച്ച് ചെന്നിത്തല

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരേ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു.
സി.എ.ജിയും കേന്ദ്ര ഏജന്‍സികളും സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുരങ്കം വെക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് ഇന്ന് രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ചെന്നിത്തല രംഗത്തെത്തിയത്.

വികസന പദ്ധതികള്‍ക്ക് തുരങ്കം വെക്കാനുള്ള ആയുധമായി സിഎജിയെ കേന്ദ്രം ഉപയോഗിക്കുന്നെന്നും കിഫ്ബിക്കെതിരേ ബി.ജെ.പിക്കാര്‍ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ്സ് നേതാവ് മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരാകുന്നതെന്നും ഐസക്ക് ആരോപിച്ചിരുന്നു.നിയമസഭയുടെ മേശപ്പുറത്ത് വെക്കാത്ത ഏത് റിപ്പോര്‍ട്ടിനെ പറ്റിയാണ്, എങ്ങനെയാണ് ധനമന്ത്രിക്ക് പരാമര്‍ശിക്കാന്‍ സാധിക്കുന്നതെന്ന് ചെന്നിത്തല ആരാഞ്ഞു.

നിയസഭയുടെ മേശപ്പുറത്തു പോലും വെക്കാത്ത ഒരു റിപ്പോര്‍ട്ട് എവിടെനിന്നാണ് ധനമന്ത്രിക്ക് ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഡിപ്പാര്‍ട്‌മെന്റിന് കൊടുത്ത പാരഗ്രാഫിനെ കുറിച്ചാവും ധനമന്ത്രി പറയുന്നത്. സാധാരണഗതിയില്‍ സി.എ.ജിയുടെ കണ്ടെത്തലുകള്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ക്ക് പാരഗ്രാഫുകളായി നല്‍കാറുണ്ട്. വകുപ്പുകള്‍ അത് പരിശോധിക്കുകയും മറുപടിയും നല്‍കാറുണ്ട്. ആ മറുപടി പരിശോധിച്ചും ചര്‍ച്ചകള്‍ക്കു ശേഷവും റിപ്പോര്‍ട്ട് തയ്യാറാക്കി സി.എ.ജി. നിയമസഭയുടെ മേശപ്പുറത്ത് വെക്കുമ്പോഴാണ് പൊതുജനങ്ങള്‍ അറിയുന്നത്. ധനമന്ത്രി ഗുരുതര ചട്ടലംഘനവും നിയമലംഘനവുമാണ് നടത്തിയിരിക്കുന്നത്.ചെന്നിത്തല പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.