2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വ്യാജസര്‍ട്ടിഫിക്കറ്റ് അംഗീകൃതമാക്കാന്‍ സി.പി.എം നേതാവ് ലക്ഷങ്ങള്‍ വാങ്ങിയെന്ന് ചെമ്പട, ആലപ്പുഴയിലെ വിവാദം പുറത്തുചാടിയത് ഗ്രൂപ്പുകളുടെ വിഴുപ്പലക്കലില്‍

ലക്ഷങ്ങള്‍ വാങ്ങി വ്യാജസര്‍ട്ടിഫിക്കറ്റ് സി.പി.എം നേതാവ് അംഗീകൃതമാക്കിക്കൊടുത്തുവെന്ന് ചെമ്പട

വ്യാജസര്‍ട്ടിഫിക്കറ്റ് അംഗീകൃതമാക്കാന്‍ സി.പി.എം നേതാവ് ലക്ഷങ്ങള്‍ വാങ്ങിയെന്ന് ചെമ്പട, ആലപ്പുഴയിലെ വിവാദം പുറത്തുചാടിയത് ഗ്രൂപ്പുകളുടെ വിഴുപ്പലക്കലില്‍

ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എമ്മില്‍ വെട്ടിനിരത്തലും ശുദ്ധി കലശവുമാണിപ്പോള്‍. കഴിഞ്ഞ ദിവസം ചിത്തരഞ്ജന്‍ എം.എല്‍.എയെ അടക്കം തരം താഴ്ത്തി. മൂന്ന് ഏരിയാകമ്മിറ്റികള്‍ പിരിച്ചുവിട്ടു. ഒരു ഏരിയാ കമ്മിറ്റി അംഗത്തെ സസ്‌പെന്‍ഡ് ചെയ്തത് അശ്ലീല വീഡിയോ വിവാദത്തിലാണ്.
എന്തായാലും വിഭാഗീയതയുടെ ദുര്‍ഭൂതങ്ങളാണ് ആലപ്പുഴയിലെ സി.പി.എമ്മിലെങ്ങും. എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം പുറത്തുചാടിയതിനു പിന്നിലും ഒരു ഗ്രാമപഞ്ചായത്തിലെ ഗ്രൂപ്പുപോരായിരുന്നു. ഒരു ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള പിടിവലിയില്‍ നിഖിലിനെ കയ്യേറ്റം ചെയ്തു. പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചെളിവാരിയേറ് തുടങ്ങിയത്. അത് പൊട്ടിത്തെറിച്ചതാണിപ്പോഴത്തെ വിവാദമായി ഉയര്‍ന്നത്.
ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം എന്നീ ഫെയ്‌സ്ബുക്ക് പേജുകളിലൂടെയായിരുന്നു ആലപ്പുഴയിലെ ചീഞ്ഞുനാറ്റങ്ങള്‍ക്കു തുടക്കമാമയത്.മന്ത്രി സജി ചെറിയാന്റെ പക്ഷക്കാരനായ കെ.എച്ച്. ബാബുജാനെ നേരിട്ട് ലക്ഷ്യമിട്ടായിരുന്നു ചെമ്പടയിലെ പോസ്റ്റ്.

 

ഗ്രൂപ്പിന്റെ പേരില്‍ ചുക്കിനുപോലും കൊള്ളാത്തവരെയാണ് ബാബുജാന്‍ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ. രംഗത്തേക്ക് കൊണ്ടുവന്നതെന്നും ഇത് തിരുത്തണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ലക്ഷങ്ങളുടെ സാമ്പത്തിക അഴിമതി ഉടനെ പുറത്തുവരുമെന്നും പോസ്റ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. ഏരിയാ തലവന്‍ മുച്ചോടെ കട്ടുമുടിച്ചു. എസ്.എഫ്.ഐയിലും ഡി.വൈ.എഫ്.ഐയിലും ഗ്രൂപ്പ് ഇല്ലാതെ യുവാക്കള്‍ക്ക് നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. കെ.എച്ച്. ഗ്രൂപ്പിന്റെ ഭാഗമായി നിന്നില്ലെങ്കില്‍ ക്രിമിനലുകളായി മുദ്രകുത്തുമെന്നും ‘ചെമ്പട കായംകുളം’ കുറ്റപ്പെടുത്തുന്നു. ചുരുക്കപ്പേരുകളിലായി മറ്റ് നേതാക്കള്‍ക്കെതിരേയും പോസ്റ്റില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

അതിന് മുമ്പ് ഫെബ്രുവരിയില്‍ പുറത്തുവന്ന പോസ്റ്റില്‍ നിഖില്‍ തോമസിന്റെ കൈയില്‍നിന്ന് ലക്ഷങ്ങള്‍ കെ.എച്ച്. ബാബുജാന്‍ വാങ്ങി വ്യാജസര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാല അംഗീകൃതമാക്കിക്കൊടുത്തുവെന്ന് ആരോപിച്ചിരുന്നു. കെ.എച്ചും നിഖില്‍ തോമസും ചേര്‍ന്ന് എം.എസ്.എം. കോളേജ് യൂണിയന്‍ തച്ചുതകര്‍ത്തുവെന്നും ആരോപിക്കുന്നു.

എന്നാല്‍ ഇതിന് മറുപടിയായി ജൂണ്‍ 19ന് ‘കായംകുളത്തിന്റെ വിപ്ലവം’ പ്രൊഫൈലില്‍വന്ന പോസ്റ്റില്‍ നിഖില്‍ തോമസിനെതിരായ വാര്‍ത്ത പുറത്തുവന്നതിന് പിന്നില്‍ ബിപിന്‍ സി.ബാബുവും ഐ റഫീക്കും നടത്തിയ ഗൂഢാലോചനയിലൂടെയാണെന്നാണ് ആരോപണം. ഏരിയ സെന്റര്‍ അംഗങ്ങളായ അബിന്‍ ഷാ, സുനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സഹായം ചെയ്തുവെന്നും ആരോപണമുണ്ട്. കെ.എച്ച്. ബാബുജാനെ കുരുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായത്തില്‍ നിന്നും കടന്ന് വന്നു പ്രസ്ഥാനത്തിനൊപ്പം നില കൊണ്ട അഴിമതിക്കാരനല്ലാത്ത, മറ്റു ദുശ്ശീലങ്ങള്‍ ഇല്ലാത്ത നിഖില്‍ തോമസിനെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇല്ലായ്മ ചെയ്യുവാനുള്ള ശ്രമമാണ് നടന്നതെന്നും ആരോപണങ്ങളില്‍ മറുപടിയുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.