നിലവിലെ പ്രീമിയര്‍ ലീഗ് സീസണില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഏറ്റവും നിരാശ സമ്മാനിച്ച ക്ലബ്ബുകളിലൊന്നായിരുന്നു ചെല്‍സി. ഇംഗ്ലീഷ് ഫുട്‌ബോളിലെ തന്നെ പേരും പെരുമയുമുളള ക്ലബ്ബിന് ട്രാന്‍സ്ഫര്‍ വിപണിയില്‍ റൊക്കോഡ് തുക ചെലവഴിച്ചിട്ടും, പോയിന്റ് ടേബിളില്‍ ഒരു മിഡ് ടേബിള്‍ ക്ലബ്ബായി മാത്രമെ ഫിനിഷ് ചെയ്യാന്‍ സാധിച്ചിരുന്നുളളൂ. അത് കൊണ്ട് തന്നെ ക്ലബ്ബിന് അടുത്ത സീസണില്‍ പ്രിമിയര്‍ ലീഗില്‍ മാത്രമെ കളിക്കാന്‍ സാധിക്കൂ. യൂറോപ്പിലെ പുകള്‍പെറ്റ ടൂര്‍ണമെന്റുകളായ ചാംപ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, കോണ്‍ഫറന്‍സ് ലീഗ് മുതലായ വേദികളിലൊന്നും ചെല്‍സിയുടെ നീലകുപ്പായക്കാരെ കാണാന്‍ കഴിയില്ല എന്നത് ഫുട്‌ബോള്‍ ലോകത്തിന് തന്നെ നിരാശയാണ്.
എന്നാല്‍ അടുത്ത സീസണില്‍ തങ്ങള്‍ക്കേറ്റ നാണക്കേടുകളില്‍ നിന്ന് കരകയറാന്‍ ചെല്‍സി നിലവിലെ ഇറ്റാലിയന്‍ ചാംപ്യന്‍മാരായ നാപ്പോളിയുടെ മിന്നും സ്‌ട്രൈക്കര്‍ വിക്ടര്‍ ഒഷിമാനെ സൈന്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും, എന്നാല്‍ അതിന് ക്ലബ്ബിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലായ്മ ഒരു തടസമാണെന്നുമുളള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമായ സ്‌കൈ സ്‌പോര്‍ട്ട്‌സിന്റെ ജര്‍മന്‍ മാധ്യമ പ്രവര്‍ത്തകനായ ഫ്‌ളോറിയന്‍ പ്ലെറ്റന്‍ബെര്‍ഗാണ് ഒഷിമനെ ചെല്‍സി നോട്ടമിട്ടിട്ടുണ്ടെന്നും എന്നാല്‍ ക്ലബ്ബിന്റെ ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലായ്മ ഈ സൈനിങ്ങിന് ഒരു തടസമാണെന്നുമുളള റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
‘ചെല്‍സി ഒഷിമാനായി ശ്രമം നടത്തുന്നുണ്ട്. അവര്‍ക്ക് ഒഷിമാനെ അവരുടെ പുതിയ സ്‌ട്രൈക്കറായി വേണം എന്നുണ്ട്. 110 മില്യണ്‍ ഒഷിമാനെ സൈന്‍ ചെയ്യാനുളള തുകയായി ചെല്‍സി കണക്ക് കൂട്ടിയിട്ടുമുണ്ട്,’ പ്ലെറ്റന്‍ബെര്‍ഗ് പറഞ്ഞു.
‘പക്ഷേ അതിനായി ചെല്‍സിക്ക് ആദ്യം ചില പ്ലെയേഴ്‌സിനെ വില്‍ക്കണം. കൂടാതെ നാപ്പോളി 150 മില്യണ്‍ എങ്കിലും കിട്ടിയാല്‍ മാത്രമെ ഒഷിമനെ വിട്ടുകൊടുക്കുകയുളളൂ. ചെല്‍സിക്ക് ചാംപ്യന്‍സ് ലീഗ് യോഗ്യതയില്ലാത്തതും വലിയ പ്രശ്‌നമാണ്,’ അദേഹം കൂട്ടിച്ചേര്‍ത്തു.നാപ്പോളിക്കായി 37 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളാണ് ഒഷിമന്‍ സ്വന്തമാക്കിയത്.
Victor Osimhen is at the top of Chelsea’s list for a striker this summer… ✅ pic.twitter.com/UBGA8jlZLh
— LDN (@LDNFootbalI) May 23, 2023
അതേസമയം ടോഡ് ബോഹ്ലി ചുമതലയേറ്റെടുത്തതിന് ശേഷം 691 മില്യണ്‍ പൗണ്ടാണ് ചെല്‍സി സൈനിങ്ങിനായി ചെലവിട്ടത്. അത്‌കൊണ്ട് തന്നെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ നിയമങ്ങള്‍ ക്ലബ്ബ് പാലിക്കുന്നില്ലെന്ന ആരോപണങ്ങളും ചെല്‍സിക്കെതിരെ ഉയര്‍ന്ന് വരുന്നുണ്ട്.
Comments are closed for this post.